തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതില്‍ ഒന്ന്് കവടിയാറില്‍ കൊട്ടാരം പോലൊരു വീട് നിര്‍മ്മിക്കുന്നുവെന്ന ആരോപണമാണ്. ഇതോടെ, ഈ വീടും വിവാദ കേന്ദ്രമായി.

അജിത് കുമാര്‍ കവടിയാറില്‍ വലിയ വീട് നിര്‍മിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വില, അന്‍വര്‍ പറഞ്ഞു. നഗരത്തില്‍ ഭൂമിക്ക് ഏറ്റവും വിലകൂടിയ മേഖലയിലാണ് അജിത് കുമാര്‍ വീട് നിര്‍മിക്കുന്നത്. നഗരത്തിലെ സമ്പന്നമേഖലയാണ് കവടിയാര്‍.

മൂന്നു നിലയിലാണ് വീട് നിര്‍മ്മാണം. ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീടു നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപ ചെലവു വരും. വന്‍കിട ബിസിനസുകാര്‍ ഉള്‍പ്പെടെയാണ് ഇവിടെ സ്ഥലം വാങ്ങിയിരിക്കുന്നത്. എഡിജിപി തലത്തില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്രയും വലിയ തുക സ്ഥലം വാങ്ങാനും വീട്‌നിര്‍മ്മിക്കാനും കഴിയുക എന്ന ചോദ്യം ഉയരുന്നുണ്ട് ഇവിടെ വീടുനിര്‍മാണം വിലയിരുത്താന്‍ അജിത് കുമാര്‍ വന്നുപോകാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

സ്ഥലത്ത് വച്ചിരിക്കുന്ന വീടിന്റെ സ്‌കെച്ചില്‍ അജിത് കുമാര്‍ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെയാണു വീടു നിര്‍മിക്കുന്നതെന്നാണ് സ്‌കെച്ചില്‍ പറയുന്നത്. മൂന്നുനിലയുള്ള വീടിന്റെ ഏറ്റവും താഴത്തെ നില പാര്‍ക്കിങ് സൗകര്യത്തിനായും ഗസ്റ്റ് മുറികള്‍ക്കായുമാണ് ഉപയോഗിക്കുക. 2024ല്‍ ആണ് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ലഭിച്ചിരിക്കുന്നത്. താഴത്തെ നിലയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.

പി വി അന്‍വറിന്റെ വാക്കുകള്‍:

'ഞാന്‍ വെളിവില്ലാതെയല്ല ഓരോന്ന് പറയുന്നത്. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് ഓരോ കാര്യവും പറയുന്നത്. അത് നിങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് തന്നെ അന്വേഷിക്കാം. എഡിജിപി അജിത് കുമാര്‍ ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന്റെ കോമ്പൗണ്ടില്‍ വീടുണ്ട്. അതിന്റെ തൊട്ടടുത്താണ് അജിത് കുമാര്‍ കൊട്ടാരം പണിയുന്നത്.

അവിടെ പത്ത് സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 15000 സ്‌ക്വയര്‍ഫീറ്റിലാണ് അവിടെ കെട്ടിടം പണിയുന്നത്. അവിടുത്തെ നാട്ടുകാര്‍ക്കെല്ലാം ഇതറിയാം. അവിടത്തെ ഭൂമിയുടെ വില അറിയാമോ? 60 മുതല്‍ 70 ലക്ഷം വരെയാകും മിനിമം. ഒരു അഴിമതിയില്ല, 25 രൂപയുടെ കുപ്പായമേ ഇടൂ, കീറിപ്പറഞ്ഞ പാന്റേ ഇടൂ, പാവപ്പെട്ട എഡിജിപി.

നിങ്ങള്‍ മാദ്ധ്യമങ്ങള്‍ ഇത് അന്വേഷിക്കണം. എനിക്കത് ടിവിയിലൂടെ കാണണമെന്നുണ്ട്. അയാള്‍ക്ക് കൊല്ലാനും കൊല്ലിക്കാനും മടിയില്ലാന്ന് എസ്പി സുജിത് ദാസിന്റെ ഫോണ്‍ കോളില്‍ നിങ്ങള്‍ കേട്ടതല്ലേ. ഒന്നര വര്‍ഷം മുമ്പ് എടവണ്ണയില്‍ റിദാന്‍ എന്ന ചെറുപ്പക്കാരന്‍ തലയ്ക്ക് വെടിയേറ്റ് മരണപ്പെട്ട സംഭവമുണ്ടായി. എന്റെ നാട്ടിലാണ്. ദുരൂഹതയുണ്ടെന്ന് അന്നേ നമ്മള്‍ കേള്‍ക്കുന്നതാണ്. റിദാന്റെ ഭാര്യയെയും കുടുംബത്തെയും ഇന്നലെ ഞാന്‍ കണ്ടിരുന്നു. ഇപ്പോള്‍ ആ കേസില്‍ പ്രതിയാക്കിയിരിക്കുന്ന ഷാന്‍ ഒരിക്കലും അത് ചെയ്യില്ല എന്നാണ് റിതാന്റെ ഭാര്യ പറയുന്നത്. അവര്‍ അത്രയും സ്നേഹത്തിലായിരുന്നു.

ഷാനിന്റെ ബന്ധുക്കളും പറയുന്നു അയാള്‍ അങ്ങനെ ചെയ്യില്ലാന്ന്.മരണം നടന്ന് മൂന്നാം ദിവസം വളരെ മോശമായാണ് റിദാന്റെ ഭാര്യയോട് പൊലീസ് സംസാരിച്ചത്. ഷാനുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് സമ്മതിക്കണം എന്നാണ് പൊലീസ് അവരോട് പറഞ്ഞത്. അവരത് സമ്മതിക്കാത്തുകൊണ്ട് പുതിയൊരു കഥയുണ്ടാക്കി ഷാനിനെ പ്രതിയാക്കി. പിന്നീട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വഴി ഇത് അറിയാന്‍ കഴിഞ്ഞു. ഈ മരിച്ചയാള്‍ക്ക് കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും അറിയാം. ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഇയാള്‍ പല പൊലീസ് ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുമുണ്ട്. അതിനാലാണ് കൊല്ലിച്ചതെന്നാണ് വിവരം. റിദാന്റെ രണ്ട് ഫോണുകളും ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടില്ല. ഫോണ്‍ ചാലിയാര്‍ പുഴയില്‍ എറിഞ്ഞു എന്ന് ഷാനിനെ കൊണ്ട് സമ്മതിപ്പിച്ചു.