ബാഴ്‌സലോണ: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ അരങ്ങേറിയ 24 മണിക്കൂര്‍ എന്‍ഡ്യൂറന്‍സ് റേസില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചലച്ചിത്രതാരം അജിത്ത് കുമാറിന്റെ റേസിങ് ടീം. ബാഴ്സലോണ 24എച്ച് റേസില്‍ നാലാമതെത്തിയ അജിത്തിന്റെ ടീം മിഷേലിന്‍ ക്രെവെന്റിക് പോഷെ ജിടി3 കപ്പിന്റെ എഎം ക്ലാസില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. റേസിങ് ടീമില്‍ അജിത്തിനെ കൂടാതെ റാല്‍ഫ് പോപെലാഴ്സ്, ഹബ് വാന്‍ ഐന്തോവന്‍, കാമറൂണ്‍ മക്ലിയോഡ്, ഗ്രിഗറി സെര്‍വെയ്സ് എന്നിവരാണുള്ളത്. അഭിമാനാര്‍ഹമായ നേട്ടം സ്വന്തമാക്കിയെങ്കിലും കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരസ്യമായ ആഘോഷങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം. ജനുവരിയില്‍ നടന്ന ദുബൈ 24എച്ച് റേസില്‍ പോഡിയം ഫിനിഷിലെത്താനും അജിത്തിന് സാധിച്ചിരുന്നു. രണ്ടാം തവണയാണ് അജിത്തിന്റെ ടീം പോഡിയം ഫിനിഷിലെത്തുന്നത്.

നേരത്തെ അജിത്തിന്റെ ടീം പോള്‍ പൊസിഷന്‍ നേടുന്നതിലും വിജയിച്ചിരുന്നു. ഇതിനു ശേഷം നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. 'ഇത് ഞങ്ങളുടെ സ്വപ്നമായിരുന്നു. ടീമിലെ എല്ലാവര്‍ക്കും നന്ദി. മികച്ച റേസിന്റെ ഫലവും മികച്ചതാവുമെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യയിലെ മോട്ടോര്‍സ്പോര്‍ട് രംഗത്തിന് തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും. ഇനിയും മികച്ച പ്രകടനം തുടരാനാവുമെന്നാണ് പ്രതീക്ഷ. ഞങ്ങളെ പിന്തുണച്ച ആരാധകര്‍ക്ക് ഒരുപാട് നന്ദി' എന്നായിരുന്നു അജിത്ത് പറഞ്ഞത്. ഈ വര്‍ഷം ആദ്യം പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച അജിത്ത് ശക്തമായ തിരിച്ചുവരവാണ് റേസിങ് ട്രാക്കില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി റേസിങ് രംഗത്ത് അജിത്ത് കുമാറുണ്ട്.




1990കളിലാണ് മോട്ടോര്‍ സ്പോര്‍ട്സില്‍ അജിത്ത് സജീവമായത്. ആദ്യ ഘട്ടത്തില്‍ മോട്ടോര്‍സൈക്കിളുകളായിരുന്നുവെങ്കില്‍ നാലു ചക്രവാഹനങ്ങളിലേക്ക് 2002ഓടെ മാറി. 2002ല്‍ തന്നെയാണ് അജിത്ത് കുമാര്‍ ശാലിനിയെ വിവാഹം കഴിക്കുന്നത്. ഇതിനു ശേഷം സിനിമക്കൊപ്പം മോട്ടോര്‍ സ്പോര്‍ട്സിലും അജിത്ത് കൂടുതല്‍ സജീവമായി. സെര്‍ട്ടിഫൈഡ് പൈലറ്റ് കൂടിയായ അജിത്തിന് ഫൈറ്റര്‍ ജെറ്റ് ലൈസന്‍സുമുണ്ട്. ചെന്നൈ ഫ്ളെയിങ് ക്ലബില്‍ അജിത്ത് പരിശീലനത്തിനെത്താറുണ്ട്. ഷൂട്ടിങിലും താല്‍പര്യമുള്ള അജിത്ത് കുമാര്‍ ദേശീയ തലത്തിലുള്ള ഷൂട്ടിങ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഷൂട്ടിങ് താരം കൂടിയാണ്.

ബാഴ്സലോണയില്‍ നിന്നും മാധ്യമങ്ങളോട് അജിത്ത് കുമാര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. 'റേസിങ് അത്ര ഗ്ലാമറസായ കാര്യമല്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്ന 80% ഡ്രൈവര്‍മാരും സ്പോണ്‍സര്‍മാരെ കിട്ടാന്‍ പാടുപെടുകയാണ്. ഇവരെല്ലാം ലോകത്തെ തന്നെ മികച്ച ഡ്രൈവര്‍മാരാണ്. 140 കോടിയിലേറെ മനുഷ്യരുള്ള നമ്മുടെ രാജ്യത്തു നിന്നും സര്‍ക്കാര്‍ തലത്തില്‍ സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല. കാരണം സര്‍ക്കാരുകള്‍ക്ക് വേറെ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്നാല്‍ ആവശ്യത്തിന് അംഗീകാരം നല്‍കിക്കൊണ്ട് പ്രോത്സാഹിപ്പിക്കാനാവും. കസ്റ്റംസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതുപോലുള്ള സൗകര്യങ്ങള്‍ ചെയ്തു തന്നാല്‍ ഏഷ്യന്‍ ക്രെവെന്റിക് സീരീസിലെ ഒരു റൗണ്ട് മത്സരങ്ങള്‍ പോലും ഇന്ത്യയില്‍ നടത്താനാവും'

കുടുംബവുമൊത്ത് കഴിയേണ്ട സമയം ബലികഴിച്ചാണ് മോട്ടോര്‍സ്പോര്‍ട്സിലെ കരിയറുമായി മുന്നോട്ടുപോവുന്നതെന്നും അജിത്ത് കുമാര്‍ പറഞ്ഞിരുന്നു. ജീവിത പങ്കാളി ശാലിനിയുടെ സഹായമാണ് ഇതിന് സാധ്യമാക്കുന്നതെന്നും നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യം ചെയ്യണമെങ്കില്‍ മറ്റെന്തെങ്കിലും ബലി കഴിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം മകള്‍ അനൗഷ്‌ക കുമാറിനേയോ മകന്‍ ആദ്വിക് കുമാറിനേയോ തന്റെ പാത പിന്തുടരാന്‍ യാതൊരു സമ്മര്‍ദവും ചെലുത്തില്ലെന്നും അജിത്ത് പറഞ്ഞിരുന്നു. തനിക്ക് സര്‍വ പിന്തുണയും നല്‍കി കൂടെനില്‍ക്കുന്ന ശാലിനിയോട് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത് പറയുന്നു.




ശാലിനിയാണ് കരുത്ത്

റേസിങ് പിന്തുടരുന്ന സമയത്ത് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തുകൊണ്ട് തന്റെ ഭാര്യ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് അജിത് പറഞ്ഞു. 'ശാലിനി ഒരുപാട് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ എനിക്കിതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല' -അജിത് പറഞ്ഞു. താന്‍ ദൂരെയുള്ളപ്പോള്‍ വീടും മക്കളെയും നോക്കുന്നത് ശാലിനിയാണെന്നും ഇത് തന്റെ ഭാഗത്ത് മാത്രമുള്ള ത്യാഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മക്കള്‍ക്ക് എന്നെ കാണാന്‍ കഴിയാറില്ല, അവര്‍ എന്നെ മിസ്സ് ചെയ്യുന്നതുപോലെ ഞാന്‍ അവരെയും മിസ്സ് ചെയ്യുന്നുണ്ട്. ഇതൊന്നും ആരും കാണുകയോ മനസ്സിലാക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ്. പക്ഷേ നിങ്ങള്‍ ഒന്നിനെ അത്രയധികം സ്‌നേഹിക്കുമ്പോള്‍, നിങ്ങള്‍ക്ക് പലതും ത്യാഗം ചെയ്യേണ്ടിവരും' അജിത് വ്യക്തമാക്കി.

മക്കളെ നിര്‍ബന്ധിക്കില്ല; ഗോ-കാര്‍ട്ടിംഗ് തുടങ്ങി ആദ്വിക്

2002-ല്‍ ശാലിനിയുമായുള്ള വിവാഹ ശേഷം എല്ലാ പരിപാടികള്‍ക്കും ശാലിനി അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. മക്കളായ അനൗഷ്‌ക, ആദ്വിക് എന്നിവര്‍ ജനിച്ചതോടെയാണ് അവരെ ശ്രദ്ധിക്കാന്‍ വേണ്ടി ശാലിനി പലതില്‍ നിന്നും വിട്ടുനിന്നത്. മക്കള്‍ തന്റെ പാത പിന്തുടരാന്‍ നിര്‍ബന്ധിക്കില്ലെന്നും അജിത് അഭിമുഖത്തില്‍ പറയുന്നുണ്ട്. 'മകനും റേസിങ് ഇഷ്ടമാണ്. അവന്‍ ഗോ-കാര്‍ട്ടിംഗ് (go-karting) തുടങ്ങിയിട്ടുണ്ട്, പക്ഷേ ഒരു ഗൗരവമായ കണ്ടുതുടങ്ങിയിട്ടില്ല' അദ്ദേഹം പറഞ്ഞു. റേസിങ് തുടരണോ എന്ന് തീരുമാനിക്കാന്‍ സമയം നല്‍കുമെന്നും സിനിമയിലായാലും റേസിങ്ങിലായാലും തന്റെ കാഴ്ചപ്പാടുകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ സ്വന്തമായി ഈ രംഗത്തേക്ക് വന്നാല്‍ താന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അജിത് പറഞ്ഞു.