തിരുവനന്തപുരം: മലയിന്‍കീഴിനെ ഭീതിയിലാക്കി വീണ്ടും വെടിയുണ്ട. കഴിഞ്ഞ ദിവസം വെടിയുണ്ട കിട്ടിയി വീടിന് 50 മീറ്റര്‍ അകലെ നിന്ന് മാത്രമാണ് ഇന്നലെ വെടിയുണ്ട കണ്ടെത്തിയത്. വിളവൂര്‍ക്കല്‍ പൊറ്റയില്‍ നിന്ന് രണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. എകെ 47ല്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിവ.

വി. സിജുവിന്റെ വീട്ടിന്റെ മുന്നിലെ റോഡരികില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ഇതും പോലീസില്‍ ഏല്‍പ്പിച്ചു. വെടിയുണ്ടകള്‍ പോലീസ് കൊണ്ടുപോകുന്നതില്ലാതെ മറ്റ് നടപടികള്‍ ഒന്നും തന്നെ് ഇതില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അന്വേഷണം കുറച്ച് നടക്കും. പിന്നീട് തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടാവില്ല. വെടിയുണ്ടകളെ പേടിച്ച് ഭയന്നാണ് ഓരോ നിമിഷവും ഇവിടുത്തെ ജനങ്ങള്‍ താമസിക്കുന്നത്. പോലീസില്‍ പരാതിപ്പെട്ടിട്ടും ഒരു കാര്യവും ഇല്ല എന്ന നാട്ടുകാര്‍ പറയുന്നു. തുടര്‍ച്ചയായി വെടിയുണ്ട കണ്ടെത്തുന്നത് ജനങ്ങളിലും ആശങ്ക പടര്‍ത്തുകയാണ്.

മൂക്കുന്നിമലയില്‍ കരസേനയുടെ ഉടമസ്ഥതയിലുള്ള ഫയറിങ് സ്റ്റേഷനില്‍ വ്യാഴാഴ്ച റൂറല്‍ പൊലീസിലെ അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ പരിശീലനമുണ്ടായിരുന്നു. എകെ 47 ഉള്‍പ്പെടെയുള്ള തോക്കുകള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ഇവിടെനിന്ന് ഒന്നര കിലോമീറ്റര്‍ ആകാശദൂരം അകലെയാണ് 2 വെടിയുണ്ടകളും കണ്ടെത്തിയ സ്ഥലങ്ങള്‍. ഫയറിങ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയുണ്ട പതിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ.

കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നിരുന്നു. പൊറ്റയില്‍ കാവടിവിളയില്‍ ആര്‍.ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ വ്യാഴാഴ്ച വെടിയുണ്ട കണ്ടെത്തിയിരുന്നു. വീടിന്റെ ഹാളിലെ സോഫയിലാണ് വെടിയുണ്ട കണ്ടത്. ഫയറിങ് സ്റ്റേഷനിലെ കരസേന ഉദ്യോഗസ്ഥരും മലയിന്‍കീഴ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഈ സംഭവം ഇന്നും ഇന്നലെയും നടക്കുന്നതല്ല. സമാനമായ സംഭവങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ട്. സമീപത്തെ വീട്ടില്‍ ഉള്‍പ്പെടെ ഈ പ്രദേശങ്ങളില്‍ മുന്‍പും സമാന രീതിയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. മലയിന്‍കീഴ് മൂക്കുന്നിമല ഫയറിങ് സ്റ്റേഷനില്‍നിന്ന് ലക്ഷ്യം തെറ്റിയ വെടിയുണ്ടകള്‍ മുന്‍പും പലതവണ ജനവാസ മേഖലകളില്‍ പതിച്ചിട്ടുണ്ട്.

2014-ല്‍ വിളവൂര്‍ക്കല്‍ മലയം പുകവലിയൂര്‍ക്കോണം ഗ്രീന്‍കോട്ടേജില്‍ ഓമനുടെ വയറ്റില്‍ വെടിയുണ്ട കൊണ്ട് പരുക്കേറ്റിരുന്നു. കരസേനയിലെയും പോലീസിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. 2015 മേയ് 9-ന് വിളവൂര്‍ക്കല്‍ സിന്ധു ഭവനില്‍ രാമസ്വാമിയുടെ വീട്ടില്‍ വെടിയുണ്ട തുളച്ചുകയറിയിരുന്നു. അന്ന് വീടിനുള്ളില്‍ കുട്ടികളടക്കം ഒട്ടേറെ പേരുണ്ടായിരുന്നെങ്കിലും തല നാരിഴയ്ക്കാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അന്നും വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല.

2018 നവംബര്‍ 20-ന് പൊറ്റയില്‍ കാവടിവിള ശിവോദയത്തില്‍ അജിത്തിന്റെ വീട്ടിലെ ജനല്‍ചില്ല് തകര്‍ത്തുകൊണ്ട് വെടിയുണ്ട കിടപ്പുമുറിയില്‍ എത്തി. മുക്കുന്നിമലയിലെ സേനാവിഭാഗം ഉപയോഗിക്കുന്ന വെടിയുണ്ടയാണിതെന്ന് സ്ഥിരീകച്ചെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഈ വീടിന് സമീപമാണ് കഴിഞ്ഞദിവസം വെടിയുണ്ട പതിച്ചത്. പോലീസിന്റെയും കരസേനാ വിഭാഗത്തിന്റെയും എയര്‍ഫോഴ്‌സിന്റെയും പരിശോധനകള്‍ പ്രദേശത്ത് നടക്കും.