- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര മിസൈല്‍ സംവിധാനം; 20 കിലോമീറ്റര്‍ ഉയരപരിധി വരെയുള്ള ലക്ഷ്യത്തെ പ്രതിരോധിക്കും; ഓരോ മിസൈലിനും 20 അടി നീളവും 710 കിലോഗ്രാം ഭാരവും; 60 കിലോഗ്രാം വരെയുള്ള ആയുധം വഹിക്കാനാകും; പാക്കിസ്ഥാന് മിസൈലുകളെ തവിടുപൊടിയാക്കാന്‍ വല്ല്യേട്ടനായ എസ് 400 ഒപ്പം കട്ടയ്ക്ക് നിന്നു; ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലിന്റെ കഥ
ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലിന്റെ കഥ
ന്യൂഡല്‍ഹി: വ്യോമപ്രതിരോധ സംവിധാനത്തില്‍ എസ് 400 എന്ന സുദര്‍ശന്‍ ചക്ര എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന് പാക്കിസ്ഥാനുമായുള്ള കൊമ്പുകോര്‍ക്കലില്‍ വ്യക്തമായ കാര്യമാണ്. പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത മിസൈലുകളെ തവിടുപൊടിയാക്കിയത് ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലൂടെയായിരുന്നു. ഇതില്‍ വല്ല്യേട്ടനായി നിന്നത് എസ് 400 ആയിരുന്നു. ഇതിനൊപ്പം കട്ടയ്ക്ക് നിന്ന് പോരാടായിത് തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ സംവിധാനവുമായിരന്നു. പാകിസ്താന്‍ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെ നിര്‍വീര്യമാക്കിയതില്‍ നിര്‍ണായക റോള്‍ ഇന്ത്യന്‍ നിര്‍മ്മിതമായ ഈ മിസൈല്‍ സംവിധാനത്തിനുണ്ട്.
അതിര്‍ത്തി സംഘര്‍ഷഭരിതമായപ്പോള്‍ മുതല്‍ കൂടുതല്‍ ആകാശ് ആന്റി മിസൈലുകള്‍ ഇന്ത്യ വിന്യസിച്ചിരുന്നു. പഞ്ചാബിലും ജമ്മുവിലുമാണ് ആകാശ് മിസൈല്‍വിന്യാസം നടത്തിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈല്‍ ശരിക്കും പ്രവര്‍ത്തിക്കുകയും ചെയ്തു. ശത്രുവിനെ ആകാശത്തു വെച്ച് നിഗ്രഹിച്ചു എന്നാണ് സൈനിക മേധാവിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതില്‍ നിര്‍ണായക റോള്‍ വഹിച്ചത് ആകാശ് മിസൈലായിരുന്നു.
കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും ഒരേ സമയം ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളില്‍ പതിപ്പിക്കാവുന്നതുമാണ് ആകാശ് മിസൈല്‍ സംവിധാനം. ഇത് വികസിപ്പിച്ചത് കേന്ദ്ര പ്രതിരോധ ഏജന്‍സിയായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ) മുന്‍ ശാസ്ത്രജ്ഞനായ ഡോക്ടര്‍ പ്രഹ്ളാദ് രാമറാവുവാണ്. റഷ്യന്‍ നിര്‍മിത എസ്-400 ഉള്‍പ്പെടെയുള്ള മറ്റ് പ്രതിരോധസംവിധാനങ്ങള്‍ക്കൊപ്പമാണ് ആകാശും നിര്‍ണായകദൗത്യത്തില്‍ പങ്കുചേര്‍ന്നത്. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ് ആകാശ് നിര്‍മ്മിച്ചത്. വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കുകയാണ് പ്രധാനമായും ആകാശിന്റെ ചുമതല. ഇതിന്റെ പൂര്‍ണസംവിധാനം മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ വിന്യസിച്ചിരിക്കുന്നു.
ഹ്രസ്വദൂര മിസൈല്‍ സംവിധാനമായ ആകാശിന് കരയില്‍നിന്ന് 20 കിലോമീറ്റര്‍ ഉയരപരിധി വരെയുള്ള ലക്ഷ്യത്തെ പ്രതിരോധിക്കാനാകും. ഓരോ മിസൈലിനും 20 അടി നീളവും 710 കിലോഗ്രാം ഭാരവുമുണ്ട്. ഓരോ മിസൈലിനും 60 കിലോഗ്രാം വരെയുള്ള ആയുധം വഹിക്കാനാകും. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന് മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിങ്ങും സാധ്യമാണ്.
ഇത് ഒരേസമയം ഒന്നിലധികം വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. ഈ സംവിധാനത്തിന് നൂതനമായ സംവിധാനങ്ങളും ക്രോസ് കണ്‍ട്രി മൊബിലിറ്റിയും ഉണ്ട്.റിയല്‍ ടൈം മള്‍ട്ടി സെന്‍സര്‍ ഡാറ്റ പ്രോസസ്സിംഗും ഭീഷണി വിലയിരുത്തലും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാന്‍ സഹായിക്കുന്നു. മുഴുവന്‍ സംവിധാനവും വഴക്കമുള്ളതും അപ്സ്‌കെയില്‍ ചെയ്യാവുന്നതുമാണ് എന്നതാണ് മറ്റൊരു സവിശേഷത. കൂടാതെ ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.
15 കൊല്ലം മുന്‍പായിരുന്നു ആകാശ് പിറവിയെടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ദിവസം എന്നാണ് ആകാശ് അതിര്‍ത്തില്‍ അതിന്റെ ദൗത്യം നിര്‍വഹിച്ചപ്പോള്‍ ഡോ. രാമറാവു പ്രതികരിച്ചത്. തന്റെ കുഞ്ഞ് കൃത്യമായും സുന്ദരമായും ശത്രുവിന്റെ പറക്കും ആയുധങ്ങളെ വെടിവെച്ചിടുന്നത് കാണുമ്പോള്‍ സന്തോഷത്താല്‍ കണ്ണുകള്‍ ഈറനണിഞ്ഞതായി ഡോ. രാമറാവു എന്‍ഡിടിവിയോട് പ്രതികരിച്ചു.
പ്രതീക്ഷക്കപ്പുറമായിരുന്നു ആകാശിന്റെ പ്രകടനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സൈനിക ഉദ്യോഗസ്ഥരും ശരിവെക്കുകയാണ്. ആകാശ് പദ്ധതിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രോജക്ട് ഡയറക്ടറായിരുന്നു ഡോ. രാമറാവു. മിസൈല്‍മാനും ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുള്‍ കലാമാണ് ഡോ. രാമറാവുവിനെ ആ ദൗത്യം ഏല്‍പിച്ചത്. ഇന്ത്യന്‍ സേനയുടെ ആവശ്യപ്രകാരമാണ് തന്റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ആകാശ് വികസിപ്പിച്ചതെന്നും അദ്ദേഹം ഓര്‍മ്മിച്ചു. അടുത്തിടെ ആകാശ് മിസൈലിനായി 6000 കോടി രൂപയുടെ കരാറാണ് അര്‍മേനിയ ഇന്ത്യയുമായി ഒപ്പുവെച്ചത്.