- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ പെണ്‍കുട്ടികളില്‍ ഒരാളെ എടവണ്ണക്കാരന് പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമില്‍; മഞ്ചേരിയില്‍ ജോലിയുള്ള സുഹൃത്തിന് തീവണ്ടി ടിക്കറ്റ് എടുത്ത് നല്കിയതും കൂട്ടുകാരികള്‍; മുംബൈ വരെ പോയ ആ യുവാവിന്റെ റോളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം; അക്ബര്‍ റഹീം പറയുന്നത് സത്യമോ?
പൂനെ: താനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തുമ്പോഴും ആ യാത്രയില്‍ ദുരൂഹത മാത്രം. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പുലര്‍ച്ചെ 1.45 ന് ലോനവാലയില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളെ കണ്ടെത്താനായത്.
അക്ബര്‍ റഹീം എന്ന യുവാവും ഇവര്‍ക്കൊപ്പം മുംബൈയിലേക്കു പോയിരുന്നു. ഒരു പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്ന് എടവണ്ണ സ്വദേശിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ സുഹൃത്തുക്കളായത്. വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, കുടുംബത്തോടൊപ്പം തുടരാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോള്‍ യുവാവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ സഹായിച്ചാലും ഇല്ലെങ്കിലും താന്‍ പോകുമെന്ന് പറഞ്ഞുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് യുവാവ് എടവണ്ണയിലെ വീട്ടില്‍ നിന്നിറങ്ങിയതെന്നും ഇവര്‍ പറഞ്ഞു. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പദ്ധതി മനസിലാക്കിയതോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു ഇയാള്‍ എന്നാണ് പോലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്. ഈ വിശദീകരണമെല്ലാം പോലീസ് പരിശോധിക്കും.
മൂവരും മുംബൈയില്‍ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തില്‍ ഇതൊരു വലിയ വാര്‍ത്തയായി മാറിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്. ഇതിന് വിസമ്മതിച്ച കുട്ടികള്‍ പിന്നീട് തന്റെ അടുത്ത് നിന്ന് പോയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രി തന്നെ റഹീം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങി. ബുധനാഴ്ച മുതലാണ് രണ്ട് കുട്ടികളെ കാണാതായത്. ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇരുവരും സ്‌കൂളിലേക്ക് പോയിരുന്നു. എന്നാല്‍, ഇരുവരും പരീക്ഷയ്ക്ക് ഹാജരായിരുന്നില്ല. ഈ കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കിയതും ഒരു കുട്ടിയുടെ അച്ഛനായിരുന്നു. ഒരു കുട്ടിക്ക് മാത്രമേ പരീക്ഷ ഉണ്ടായിരുന്നുള്ളൂ. മറ്റേ കുട്ടി വീട്ടില്‍ കള്ളം പറയുകയായിരുന്നു. പരീക്ഷയ്ക്ക് ഒരു കുട്ടി എത്തിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ തിരിച്ചറിഞ്ഞു.
തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിളിച്ച് കാര്യം തിരക്കിയതോടെയാണ് പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ താനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അക്ബര്‍ റഹീം മഞ്ചേരിയിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് കുട്ടികളെ പരിചയപ്പെടുന്നത്. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് കേസ് എടുക്കേണ്ട സാഹചര്യമുണ്ട്. പെണ്‍കുട്ടികള്‍ നല്‍കുന്ന മൊഴി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.