കൊച്ചി: ''ലോകത്തിലെ ഏറ്റവും ഹതഭാഗ്യയായ അമ്മ ഞാനായിരിക്കും. പെറ്റമകളെ എനിക്ക് ഒന്ന് കാണാന്‍ പോലും കഴിയുന്നില്ലല്ലോ''- ഒരു വര്‍ഷംമുമ്പ് ഒരു ഡിജിറ്റല്‍ മാധ്യമത്തിന് അഭിമുഖം കൊടുക്കുമ്പോള്‍, അഖില ഹാദിയ എന്ന മതംമാറ്റത്തിലൂടെ വിവാദ നായികയായ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് അങ്ങനെയായിരുന്നു. ''ഹാര്‍ട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ എനിക്കും സന്തോഷമായി. പക്ഷെ പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്തേ നീ വന്നില്ല എന്ന് ചോദിച്ചപ്പോള്‍ അഖില പറഞ്ഞത് ഞാന്‍ അങ്ങിനെ പറഞ്ഞായിരുന്നോ എന്നാണ്. മകളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ എപ്പോഴും ആരൊക്കെയോ ഉണ്ട്. '- വിതുമ്പലോടെയാണ് പൊന്നമ്മ ഇത് പറഞ്ഞിരുന്നത്.

ഒരു ജീവിതം മുഴുവന്‍ ഏക മകള്‍ അഖിലയെ കാത്തിരുന്ന ആ അമ്മ ഇനിയില്ല. ഹൃദയാഘാതം മൂലം അവര്‍ മരിച്ചവിവരം അറിഞ്ഞിട്ടും മകള്‍ സംസ്‌ക്കാര ചടങ്ങിന് എത്തിയതുമില്ല. പൊന്നമ്മ ഇന്നലെയാണ് മരണപ്പെട്ടത്. ഇന്ന് സംസ്‌കാരച്ചടങ്ങിന് എത്തുമെന്ന് അഖില അറിയിച്ചിരുന്നു. എന്നാല്‍ അഖിലയെ അയക്കില്ലെന്ന് രണ്ടാം ഭര്‍ത്താവ് നിലപാടെടുത്തതായാണ് അറിയുന്നത്. അഖിലയുമായി ഫോണില്‍ സംസാരിച്ചു എന്നും ഇന്ന് വരാമെന്ന് അറിയിച്ചതാണ് എന്നും അഖിലയുടെ പിതാവ് അശോകന്‍ പറഞ്ഞു.

എന്നാല്‍ പിന്നീട് പ്രശ്നം ഉണ്ടാകുമെന്ന് ഭര്‍ത്താവ് പറഞ്ഞെന്ന് അഖിലയുടെ പിതാവ് വെളിപ്പെടുത്തി. പോകേണ്ടെന്ന് അഭിഭാഷകനും പറഞ്ഞു.മനപൂര്‍വ്വം വിടാത്തതാണെന്ന് കരുതുന്നു എന്നാണ് അശോകന്‍ പറയുന്നത്. ഇന്ന് വിളിച്ച് വരാന്‍ പറ്റില്ല സുരക്ഷാപ്രശ്നം ഉണ്ടാകുമെന്ന് അറിയിച്ചു. പിന്നീട് വരാം എന്ന് അറിയിച്ചു. മൃതദേഹം കാണാന്‍ വരണമെന്നാണ് അങ്ങോട്ട് ആവശ്യപ്പെട്ടതെന്നും അശോകന്‍ പറഞ്ഞു. ഇനി ഒരിക്കലും മകളെ കാണാന്‍ കഴിയാത്ത ലോകത്തേക്ക് ആ അമ്മ യാത്രയാവുമ്പോഴും അവരുടെ കണ്ണീര്‍ ഓര്‍മ്മകളും യാതനകളും ബാക്കിയാവുകയാണ്.


'എന്റെ മകളെ വിറ്റുകാശാക്കി'

കോട്ടയം വൈക്കം സ്വദേശികളായ അശോകന്‍, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില ഹോമിയോ ഡോക്ടറാകാന്‍ പഠിക്കുന്നതിനിടെ ഇസ്ലാമിലേക്ക് മതം മാറി ഹാദിയയായത്. അതിന് പിന്നാലെ ഹാദിയ കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനെ വിവാഹം കഴിച്ചതോടെ ഇത് ലവ് ജിഹാദാണെന്ന് ആരോപിച്ച് വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം ഉയര്‍ത്തി വിട്ടത് കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത തരം വിവാദങ്ങളാണ്. ഇരുവരുടേയും വിവാഹത്തിന് എതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതോട് കൂടിയാണ് ഹ കേസ് വലിയ കോളിളക്കങ്ങളിലേക്ക് നീങ്ങിയത്. മതവിശ്വാസവും വ്യക്തിസ്വാതന്ത്ര്യവും അടക്കമുള്ളവ ചര്‍ച്ചാവിഷയങ്ങളായി. ഈ കേസില്‍ സുപ്രീംകോടതിയില്‍ ഷെഫീന്‍ ജഹാന് വേണ്ടി വാദിക്കാന്‍ മുസ്ലിം സംഘടനകള്‍ ഒരു ദിവസം കൊണ്ട് ഒരു കോടി രൂപ വരെ സമാഹരിച്ചതും വാര്‍ത്തയായി. പക്ഷേ കോടതി വിധി അവര്‍ക്കെതിരായിരുന്നു. എന്നിട്ടും മകള്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.

അവസാനം നടന്ന അഭിമുഖത്തിലും അമ്മ പൊന്നമ്മ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പൊന്നമ്മ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കുറയാതെ ഒരു 25 ലക്ഷമെങ്കിലും കിട്ടിയിട്ടുണ്ടാകുമെന്നും പൊന്നമ്മ ആരോപിച്ചിരുന്നു.

ആദ്യ ഭര്‍ത്താവ് ഷിഫിന്‍ ജഹാനെ പിരിഞ്ഞ്, തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഖാലിദ് ദസ്തഗീര്‍ എന്ന പേരുള്ള യുവാവിനെ ഹാദിയ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഇതും മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. മകളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ ഇപ്പോഴും ആരൊക്കെയോ ഉണ്ട് എന്ന് അവര്‍ പറഞ്ഞിരുന്നു. ''അതല്ലെങ്കില്‍ ഷെഫീന്‍ ജഹാനുമായുള്ള ആദ്യവിവാഹം പിരിഞ്ഞ ശേഷം രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ഞങ്ങളെ അറിയിക്കേണ്ടതല്ലെ. എന്തിനാണ് അവര്‍ കാര്യങ്ങളെല്ലാം രഹസ്യമാക്കി വെയ്ക്കുന്നത്?''- ഹാദിയയുടെ അമ്മ ചോദിക്കുന്നു.

പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ അഖിലയുടെ അധ്യാപികയായിരുന്ന ഒരു സ്ത്രീയും ന്യൂനപക്ഷ തീവ്രവാദസംഘടനയില്‍പ്പെട്ട ഒരു സ്ത്രീയും അഖിലയെ സ്വാധീനിക്കുന്നുണ്ടെന്നും പൊന്നമ്മ ആരോപിക്കുന്നു.

''പണ്ട് ഹൈക്കോടതി അഖിലയെ ആറ് മാസത്തേക്ക് വിട്ടുതന്നപ്പോഴും അഖില എന്ന ഹാദിയയ്ക്ക് എപ്പോഴും ഈ സ്ത്രീകളുടെ ഫോണ്‍ വരുമായിരുന്നെന്നും അവര്‍ മകളെ ബ്രെയിന്‍ വാഷ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നെന്നും പൊന്നമ്മ പറയുന്നു. അന്ന് കുളിക്കാന്‍ പോലും സമ്മതിക്കാതെ തുടര്‍ച്ചയായി അവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരിക്കുമായിരുന്നു. '- പൊന്നമ്മ കരച്ചിലടക്കി പറഞ്ഞു.

മകളെ ഓര്‍ത്ത് നീറി മരണം

''പല തരം രോഗബാധകളുണ്ട്. ഞാന്‍ പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്ന മകളെ അവരുടെ കയ്യില്‍ നിന്നും ഒന്നു മോചിപ്പിച്ച് കിട്ടിയാല്‍ മതിയെന്ന മോഹമേയുള്ളൂ അവള്‍ക്ക് ഒരു കൊഴപ്പോമില്ലാതെ വളര്‍ന്ന് വന്ന കൊച്ചാണ്. എല്ലാവരും ചോദിക്കുന്നത് മോള് വന്നാ, മോള് വിളിച്ചാ എന്നാണ്.പിള്ളേര്ണ്ടാ എന്നൊക്കെ ചോദിക്കുമ്പോ ഞാന്‍ എന്ത് സമാധാനം പറയും.''- കരഞ്ഞാണ് പൊന്നമ്മ ഇങ്ങനെ പറഞ്ഞത്.

അതീവ രഹസ്യമായാണ് ഹാദിയയുടെ രണ്ടാം വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള്‍ ഐഎസ് ഐഎസ് മോഡലില്‍ പൊട്ടിത്തെറിക്കുമെന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ ആശങ്കപ്പെടുന്നു.

താന്‍ എപ്പോഴും കൊച്ചിന്റെ ഫോട്ടോ നോക്കിയിരിപ്പാണെന്നും പൊന്നമ്മ പറയുന്നു. കൊച്ച് വണ്ണം വെച്ചെന്നും ഇപ്പോള്‍ ഫുള്‍ കോട്ടാണ് ഇടണതെന്നും പൊന്നമ്മ സങ്കടത്തോടെ പറയുന്നു. ''കൈനിറയെ വളയണിഞ്ഞ് കൊച്ച് വിവാഹം കഴിഞ്ഞ് ഇറങ്ങിപ്പോകണമെന്ന മോഹമുണ്ട്. അവള്‍ക്ക് ജാതകദോഷമൊന്നുമില്ല. കാണാനും മോശമൊന്നുമില്ല. അവള്‍ക്ക് ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടെങ്കിലും അടുത്ത ബന്ധമൊന്നുമില്ല. പൊടുന്ന ഒരു കൊല്ലത്ത്കാരനാണ് വിവാഹം കഴിക്കാന്‍ ചെറുക്കനായി വന്നത്. എവിടെ നിന്നാണ് ഈ കൊല്ലത്തുകാരന്‍ (ഷെഫീന്‍ ജഹാന്‍) വന്നത് എന്നറിയില്ല''പൊന്നമ്മ ഹാദിയയുടെ ആദ്യവിവാഹത്തെക്കുറിച്ച് പറഞ്ഞത് അങ്ങനെയാണ്.

''മോളിങ്ങോട്ട് പോരേ...എനിക്ക് ആരുമില്ല. ഷുഗറുണ്ട്, പ്രഷറുണ്ട്, അറ്റാക്കിനുള്ള മരുന്നുണ്ട്. ഇപ്പോള്‍ 10-16 ഗുളികകള്‍ കഴിക്കുന്നുണ്ട്. അവള്‍ വരുവാണെങ്കില്‍ എന്റെ ഗുളിക പാതിയാക്കാമായിരുന്നു. എന്റെ കൊച്ചിന് വന്ന അനുഭവം ഇനിയൊരു കൊച്ചിന് വരരുത്. എങ്ങിനെയാ നമ്മള്‍ ഒരു കൊച്ചിനെ വളര്‍ത്തിവലുതാക്കുന്നത്? '- പൊന്നമ്മ വിലപിച്ചുകൊണ്ടാണ് ആ ഭിമുഖം അവസാനിപ്പിച്ചത്. പക്ഷേ ആഭിമുഖത്തിനും യാതൊരു ഫലവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മകള്‍ ഒരിക്കലും അവരെ തേടിയെത്തിയില്ല. ഇപ്പോള്‍ മരിച്ചു കിടക്കുമ്പോഴും എത്തിയില്ല. മകളെ ഓര്‍ത്ത് നീറി നീറി ആ അമ്മ യാത്രയായി.