വര്‍ക്കല: മണിപ്പാല്‍ സര്‍വകലാശാലയില്‍നിന്ന് സ്റ്റെം സെല്‍സ് ആന്‍ഡ് റീ മെഡിസിനില്‍ ഡോക്ടറേറ്റ് നേടിയ തിരുവനന്തപുരം വര്‍ക്കല അക്ഷയ അശോകിന്റെ ഗവേഷണം ഡയബറ്റിക് ചികില്‍സാ രംഗത്ത് നിര്‍ണ്ണായകമാകും. ബംളൂരുവില്‍ ഗവേഷകനായ കെ വി ദീപക്കിന്റെ ഭാര്യയാണ്. പാന്‍ക്രിയാറ്റിക് ബീറ്റാ കോശം ഡവലപ്‌മെന്റിനിടയിലുള്ള ഒരു പുതിയ മോളിക്യൂലാര്‍ ക്രോസ്‌ടോക്ക് കണ്ടെത്തുന്നതായിരുന്നു ഗവേഷണം.

സ്‌കൂള്‍ കാലഘട്ടം മുതല്‍ സയന്‍സ് വിഷയങ്ങളോട് അതീവ താത്പര്യം കാണിച്ചിരുന്ന അക്ഷയ ഹൈസ്‌കൂള്‍ പഠനം ഗവണ്മെന്റ് വൊക്കേഷണല്‍ ഹെയര്‍ സെക്കന്ററി സ്‌കൂള്‍, ഞെക്കാട് നിന്നാണ് പൂര്‍ത്തിയാക്കിയത്. ബിടെക് ബയോ ടെക്‌നോളജി ബിരുദം നാമക്കല്‍ വിവേകാന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ കാരുണ്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയി ബയോ ടെക്‌നോളജിയില്‍ മികച്ച വിജയത്തോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

ശേഷം 2019ലാണ് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീജനറേറ്റീവ് മെഡിസിനില്‍ പ്രൊഫസര്‍ അനുജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ഗവേഷണം ആരംഭിക്കുന്നത്. 6 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് കണ്ടെത്തലുകള്‍. അച്ഛന്‍: അശോക് കുമാര്‍ (Late), അമ്മ: ശ്രീകല, ഭര്‍ത്താവ്: കെ വി ദീപക്, സഹോദരന്‍: അനു അശോക്.

പ്രധാന കണ്ടെത്തലുകള്‍:

പാന്‍ക്രിയാറ്റിക് ബീറ്റാ സെല്ലിന്റെ ഡെവലപ്‌മെന്റിന് ആവശ്യമായ കാല്‍സിന്യൂറിന്‍-NFAT സിഗ്‌നലിങ് സിസ്റ്റവും ഉബിക്വിറ്റിന്‍-പ്രോട്ടിയോസോം (യുപിഎസ്) സംവിധാനവും തമ്മില്‍ പരസ്പരബന്ധം ഉണ്ടെന്നും പ്രത്യേകമായി യുപിഎസ് ഉപഘടകങ്ങളുടെ പ്രകടനത്തെ നിയന്ത്രിക്കുന്നു എന്നുമാണ് കണ്ടുപിടിച്ചത്. ഈ ക്രമഘട്ടം തകരുമ്പോള്‍, യുപിഎസ്ഉപഘടകങ്ങളുടെ പ്രവര്‍ത്തനം ബീറ്റാ കോശങ്ങളില്‍ അധികമായി ഉയര്‍ന്നിരിക്കുകയും, ഇത് പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് ഡയബറ്റീസ് (New onset diabetes) പോലെയുള്ള രോഗാവസ്ഥകള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഭാവി സാധ്യതകള്‍:

ഈ യുപിഎസ് ഉപഘടകത്തെ ചെറിയ തന്മാത്ര ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുന്നത് പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് ഡയബറ്റീസ് നിയന്ത്രിക്കാന്‍ ഒരു സുരക്ഷിത സാദ്ധ്യത ആണെന്നും, ഇത് ട്രാന്‍സ്പ്ലാന്റ്/സ്റ്റം സെല്‍ അടിസ്ഥാനത്തിലുള്ള ഡയബറ്റീസ് ചികിത്സയില്‍ ഭേദഗതിയും സുരക്ഷയും കൊണ്ടുവരാനുള്ള പ്രതീക്ഷാജനക മാര്‍ഗം തുറക്കുന്നു എന്നും അക്ഷയ ഗവേഷണത്തിലൂടെ കണ്ടുപിടിച്ചു.