- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലന്റെ അച്ഛനും സഹോദരിയും നേരത്തെ മരിച്ചു; അമ്മയ്ക്ക് വീട്ടുജോലി; കഴിഞ്ഞവര്‍ഷം സഹോദരിയും മരിച്ചതോടെ അലന്‍ സുവിശേഷ പഠനത്തിന് ചേര്‍ന്നു; അവധിക്കെത്തിയപ്പോള്‍ ഫുട്ബോള്‍ കളിക്കാന്‍ പോയി; സംഘര്‍ഷത്തിലുള്‍പ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചു കുത്തിക്കൊന്നു; ആയുധങ്ങളുമായി എത്തിയത് കാപ്പാ പ്രതി; ഫുട്ബോള്‍ തര്‍ക്കം ക്വട്ടേഷനായോ? അലനെ കൊന്നത് കുട്ടിക്കുറ്റവാളി
തിരുവനന്തപുരം: ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവിനെ നടുറോഡില്‍വച്ച് കുത്തിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി അടക്കം 5 പേര്‍ ഒളിവില്‍. പ്രായപൂര്‍ത്തിയാകാത്തവരാണ് പ്രതികളെന്നാണ് സൂചന. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു മാസം മുന്‍പ് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്ബോള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. കുട്ടികളുടെ തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റെടുക്കുകയും കാപ്പ കേസിലെ പ്രതിയും ഗുണ്ടകളും വരെയെത്തി കൊലപാതകം നടത്തുകയുമായിരുന്നു.
കേസിലെ ആറും ഏഴും പ്രതികളായ സന്ദീപ് (27), അഖിലേഷ് (20) എന്നിവരെ കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സന്ദീപ് നിരവധി ക്രിമിനല്‍ കേസുകളിലും മ്യൂസിയം പൊലീസില്‍ കാപ്പ കേസിലും പ്രതിയാണ്. അഖിലേഷും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒളിവിലുള്ളവരെ സഹായിക്കുന്നത് തടയാന്‍ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് കരുതല്‍ തടങ്കലിലാക്കി. സംഭവത്തിലുള്‍പ്പെട്ട ജഗതി സ്വദേശിയായ പതിനാറുകാരനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തൈക്കാട് എം.ജി. രാധാകൃഷ്ണന്‍ റോഡിലാണ് തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷന്‍ തോപ്പില്‍ ഡി 47 ല്‍ അലനെ (18) മര്‍ദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തിയത്. സംഘര്‍ഷത്തിലുള്‍പ്പെടാതെ മാറി നിന്ന അലനെ സംഘത്തിലുള്ള ആളെന്നു തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. കമ്പി പോലുള്ള ആയുധം കൊണ്ടുള്ള കുത്ത് ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയതാണ് മരണകാരണം. അലനെ സുഹൃത്തുക്കള്‍ ഉടന്‍ സ്‌കൂട്ടറില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച ഒത്തുകൂടിയ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തര്‍ക്കത്തിനിടെ ഒരു സംഘം സന്ദീപിനെയും പ്രായപൂര്‍ത്തിയാകാത്ത ആളെയും വിളിച്ചു വരുത്തി. ആയുധങ്ങളുമായാണ് ഇവര്‍ എത്തിയത്. അലന്‍ മറുപക്ഷത്തിന്റെ കൂട്ടത്തിലുള്ളയാളാണെന്ന് വിചാരിച്ച് ഹെല്‍മറ്റ് കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഒരു മാസത്തിനിടെ ഈ പ്രശ്‌നത്തെ ചൊല്ലി നഗരത്തില്‍ പലയിടങ്ങളില്‍ ഒട്ടേറെ തവണ കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയിരുന്നു. രണ്ട് ക്ലബ്ബിലുള്ളവര്‍ തമ്മിലുള്ള പ്രശ്‌നമാണെന്ന മട്ടില്‍ സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പൊലീസ് ശ്രമം. കാപ്പ കേസ് പ്രതിയും ഗുണ്ടാബന്ധമുള്ളവരും ഉള്‍പ്പെട്ട സംഘം പ്രശ്‌നത്തില്‍ ഇടപെട്ടത് ക്വട്ടേഷന്റെ ഭാഗമാണെന്നും സൂചനയുണ്ട്.
രാജാജി നഗറിന് സമീപം അരിസ്റ്റോ ജങ്ഷന്‍ തോപ്പില്‍ ഡി 47 വീട്ടിലായിരുന്നു അലന്‍ താമസിച്ചിരുന്നത്. അലനെ കുത്തിക്കൊലപ്പെടുത്തിയ ആളെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അലനും മാതാവ് മഞ്ജുളയും താമസിക്കുന്ന തോപ്പിലെ വാടകവീട്ടില്‍ സ്ഥല സൗകര്യമില്ലാത്തതിനാല്‍ വലിയവിളയിലുള്ള അലന്റെ മാതൃസഹോദരിയുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം മുട്ടട പെന്തക്കോസ്തല്‍ ചര്‍ച്ചില്‍ സംസ്‌കരിച്ചു.
അലന്റെ അച്ഛനും സഹോദരിയും നേരത്തെ മരിച്ചിരുന്നു. അമ്മ വീട്ടുവേല ചെയ്യുകയാണ്. കഴിഞ്ഞവര്‍ഷം സഹോദരിയും മരിച്ചതോടെയാണ് അലന്‍ സുവിശേഷ പഠനത്തിന് ചേര്‍ന്നത്.




