ലഖ്‌നൗ: കുടുംബ ജീവിതത്തിനിടെ ഭാര്യയും ഭർത്താവും തമ്മിൽ പല ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിരിക്കും. അതെല്ലാം സംസാരിച്ച് ഒത്തുതീർപ്പായി പോകുന്നതാണ് ദാമ്പത്യജീവിതത്തിലെ പ്രധാന കാര്യം. അല്ലാത്തപക്ഷം വിവാഹമോചനത്തിലേക്ക് നീങ്ങും. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നടന്നിരിക്കുന്നത്. സ്വന്തം ഭാര്യയുടെ അമിതമായ മദ്യപാനം മൂലം ഒരു ഭർത്താവ് വിവാഹമോചന കേസുമായി കോടതി കയറി ഇറങ്ങുകയാണ്. അപ്പോൾ ഹൈകോടതിയുടെ മറുപടിയാണ് വർത്തയായിരിക്കുന്നത്.

ഭാര്യയുടെ മദ്യപാനം വിവാഹബന്ധം വേർപ്പെടുത്താൻ തക്കതായ ക്രൂരതയായി കണക്കാക്കാനാവില്ലെന്നാണ് അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് പറയുന്നത്. ഭാര്യയുടെ മദ്യപാനവും ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ട് നൽകിയ വിവാഹമോചനത്തിനുള്ള തൻ്റെ ഹർജി തള്ളിയ കുടുംബകോടതിയുടെ വിധിക്കെതിരെയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

തൻ്റെ ഭാര്യ മദ്യപിക്കുമായിരുന്നു എന്നും ഇത് മിഡിൽ ക്ലാസ് കുടുംബത്തിന്റെ സംസ്കാരത്തെ അവഹേളിക്കുന്നതാണ് എന്നുമായിരുന്നു ഭർത്താവ് പറഞ്ഞത്. രാത്രിയായാൽ തന്റെ ഭാര്യ ഫുൾ മദ്യപാനം ആണെന്നും ശേഷം അടിച്ചു ലക്ക് കെട്ട് മുഴുവൻ ശല്യമാണെന്നും ഭർത്താവ് പറയുന്നു. കിടന്നുറങ്ങാൻ കൂടി സമ്മതിക്കില്ല. അങ്ങനെ ഒരുമിച്ച് കഴിഞ്ഞു പോകാൻ പറ്റില്ലെന്ന് മനസിലായപ്പോൾ ആണ് ഭർത്താവ് വിവാഹമോചനം തേയിടയിറങ്ങിയത്. അതിനാൽ തന്നെ ഇത് തന്നെ മാനസികമായി വേദനിപ്പിച്ചു എന്നും പരാതിക്കാരൻ പറയുന്നു. എന്നാൽ, ജസ്റ്റിസുമാരായ വിവേക് ​​ചൗധരിയും ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ബെഞ്ച് ഈ വാദം തള്ളിക്കളയുകയായിരുന്നു. അനുചിതവും അപരിഷ്കൃതവുമായ പെരുമാറ്റം ഭാര്യയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ മദ്യപാനം ഒരു ക്രൂരതയായി കണക്കാക്കാനാവില്ല എന്നാണ് കോടതി നിരീക്ഷിച്ചത്.

മദ്യപാനം ഒരു നിഷിദ്ധമായ കാര്യമാണ് എന്ന സാമൂഹികമായ കാഴ്ച്ചപ്പാട് ഇടത്തരം കുടുംബങ്ങളിൽ ഉണ്ടെങ്കിലും ക്രൂരത കാണിച്ചു എന്നതിനുള്ള തെളിവുകളുടെ അഭാവത്തെ ഇതിന് മറികടക്കാനാവില്ല എന്നും കോടതി പറഞ്ഞു. എങ്ങനെയാണ് ഭാര്യയുടെ മദ്യപാനം ഭർത്താവിനോട് അല്ലെങ്കിൽ അപ്പീൽ നൽകിയ ആളോട് ക്രൂരത കാണിച്ചത് എന്നതിനുള്ള ഒരു തെളിവുകളും ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കാര്യമായ തെളിവുകളില്ലാത്ത ആരോപണങ്ങൾ വിവാഹമോചനത്തിന് കാരണമായി കണക്കാക്കാനാവില്ല എന്നും കോടതി പറഞ്ഞു.

എന്നാൽ, വർഷങ്ങളായി ഭാര്യ സ്വന്തം വീട്ടിലാണ് താമസം എന്നതും ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നില്ല എന്നതും ഹൈക്കോടതി ​ഗൗരവത്തോടെയാണ് കണ്ടത്. കക്ഷികൾ ദീർഘകാലമായി പിരിഞ്ഞു ജീവിക്കുകയാണ് എന്നത് അവരുടെ വിവാഹജീവിതം നിർജ്ജീവമാണ് എന്ന് കാണിക്കുന്നതാണ് എന്നും കോടതി പറയുന്നു. എന്തായാലും വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.