താമരശ്ശേരി: ഈ ബുദ്ധി നേരത്തെയുണ്ടായിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. അങ്ങനെ ചുവപ്പു നാടയുടെ രക്തസാക്ഷിയായി എല്ലാ അര്‍ത്ഥത്തിലും മാറുകയാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കല്‍ അലീനാ ബെന്നി. കരുക്ക് അഴിഞ്ഞ് നിയമ ഉത്തരവ് എത്തിയപ്പോള്‍ അലീനാ ബെന്നി ഓര്‍മ്മയായി. നിരാശയില്‍ അവര്‍ ആത്മഹത്യ ചെയ്തിട്ട് മാസം ഒന്നായി. ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു അലീനാ ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ശമ്പളവും നിയമനാംഗീകാരവുമില്ലാതെ വര്‍ഷങ്ങളായി ജോലിചെയ്യേണ്ടിവന്നതിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് അവരെ നയിച്ചത്. ഇപ്പോള്‍ നിയമനാംഗീകാരത്തിന്റെ ഉത്തരവെത്തുകയാണ്. നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ചുവര്‍ഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്‌കൂളില്‍ ജോലിചെയ്തത്.

മരിച്ച് ഒരുമാസം തികയുംമുന്‍പാണ് നിയമനത്തിന് അംഗീകാരമായത്. മാര്‍ച്ച് 15-നാണ് അലീനാ ബെന്നിയെ എല്‍പിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നല്‍കിയത്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാത്തതിനാല്‍ ശമ്പളസ്‌കെയില്‍ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കില്‍ ദിവസ വേതനവ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തായത്. അങ്ങനെ അലീനാ ബെന്നി ചുവപ്പുനാടയുടെ രക്തസാക്ഷിയായി മാറുകയാണ്. അപ്പോഴും നീതി നിഷേധമുണ്ട്. അര്‍ഹതയുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.

താമരശ്ശേരി എഇഒ നിയമനനടപടി അംഗീകരിച്ച് സമന്വയ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് നിയമനാംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിക്ക് ലഭിച്ചത്. കോടഞ്ചേരി സെയ്ന്റ് ജോസഫ് എല്‍പി സ്‌കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂണ്‍ അഞ്ചുമുതല്‍ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങള്‍മാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക. അതിനുമുന്‍പ് നസ്രത്ത് എല്‍പി സ്‌കൂളില്‍ 2019 ജൂണ്‍ 17 മുതല്‍ 2019 ഡിസംബര്‍ 31 വരെ താത്കാലികാടിസ്ഥാനത്തിലും കെ-ടെറ്റ് യോഗ്യത നേടിയശേഷം 2021 ജൂലായ് 22 മുതല്‍ പ്രൊബേഷനറി എല്‍പിഎസ്ടിയായും ജോലിചെയ്തകാലത്തെ സേവനത്തിന് അംഗീകാരമില്ല. ആകെ ഒന്‍പതുമാസത്തെ ആനുകൂല്യങ്ങള്‍മാത്രമാണ് അനുവദിക്കപ്പെട്ടത്. എന്തുകൊണ്ടാണ് ഇതെന്ന് ആര്‍ക്കും അറിയില്ല.

കോഴിക്കോട് കട്ടിപ്പാറയില്‍ ആത്മഹത്യ ചെയ്ത അലീന ബെന്നിക്ക് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് ഒരു പരിഗണനയും കിട്ടിയില്ലെന്ന് പിതാവ് ബെന്നി മആരോപിച്ചിരുന്നു. ഭാവി സുരക്ഷിതമാക്കാനാണ് മകളെ ജോലിക്ക് അയച്ചത്. ഇനി ഒന്നും വേണ്ട; ആര് എന്തു തന്നാലും ഒന്നും പരിഹാരമാകില്ല. ശമ്പളം ലഭിക്കാത്തതോടെ മറ്റൊരു പോസ്റ്റ് ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് നല്‍കിയില്ല. ആനുകൂല്യം വേണ്ടയെന്ന് സ്‌കൂള്‍ അധികൃതര്‍ എഴുതി വാങ്ങിയതായും അറിഞ്ഞു. അലീന ആത്മഹത്യ ചെയ്തിട്ടും മാനേജ്‌മെന്റില്‍ നിന്നു ഒരാള്‍ പോലും വിളിച്ചില്ലെന്നും ബെന്നി പറഞ്ഞിരുന്നു. അങ്ങനെ എല്ലാം നഷ്ടപ്പെട്ട ബെന്നിയെ തേടിയാണ് പുതിയ ഉത്തരവ് എത്തുന്നത്. അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയ്ക്ക് കോര്‍പറേറ്റ് മാനേജ്‌മെന്റും സര്‍ക്കാരും ഉത്തരവാദികളാണെന്നും കുടുംബത്തിന്റെ അഭിപ്രായവും ലഭിച്ച തെളിവുകളും ഇത് സാധൂകരിക്കുന്നതായും അഭിപ്രായം ഉയര്‍ന്നിരുന്നു.

5 വര്‍ഷമായി ശമ്പളവും നിയമനാംഗീകാരവും ലഭിക്കാതെ ജീവനൊടുക്കിയ അധ്യാപിക അലീന ബെന്നിയുടെ മരണത്തില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്ന് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ അടക്കം രംഗത്ത് വന്നിരുന്നു. അധ്യാപികയായി നിയമിക്കാന്‍ 13 ലക്ഷം രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന പരാതി സംബന്ധിച്ച് അന്വേഷിക്കണമെന്ന് അസോസിയേഷന്‍ കേന്ദ്ര പ്രവര്‍ത്തകസമിതി സെക്രട്ടറി മാളിയേക്കല്‍ എം.എല്‍.ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ കാരണക്കാരനായ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കെതിരെയും ഫയല്‍ വൈകിപ്പിച്ച ക്ലര്‍ക്കിനെതിരെയും നടപടി വേണമെന്നാവശ്യവും ഉയര്‍ന്നിരുന്നു. എയ്ഡഡ് സ്‌കൂളധ്യാപികയുടെ മരണത്തില്‍ മാനേജ്‌മെന്റിന് എതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് താമരശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് വിശദീകരിച്ചിരുന്നു. ഭിന്നശേഷി സംവരണത്തിലെ സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് അധ്യാപികക്ക് സ്ഥിരം നിയമനം ലഭിക്കാഞ്ഞതെന്ന് മാനേജ്‌മെന്റ് പറയുന്നു.

നിയമനത്തിനായി അലീനയുടെ പക്കല്‍ നിന്ന് പണം വാങ്ങിയിട്ടില്ല അലീനയെ പോലെ നിരവധി അധ്യാപകര്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ കീഴില്‍ ജോലി ചെയ്യുന്നുണ്ട്. മാനേജ്‌മെന്റ് സ്വന്തം നിലയില്‍ അലീനയ്ക്ക് താല്‍ക്കാലിക ധനസഹായം നല്‍കിയിരുന്നു എന്നും മാനേജ്‌മെന്റ് വിശദീകരിച്ചിരുന്നു. ദീര്‍ഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയില്‍നിന്ന് രാജിവെച്ചുണ്ടായ ഒഴിവില്‍ 2021-ല്‍ മാനേജ്മെന്റ് അലീനാ ബെന്നിയെ നിയമിച്ച് താമരശ്ശേരി എ.ഇ.ഒ.യില്‍ അംഗീകാര അപേക്ഷ നല്‍കിയിരുന്നെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതികതടസ്സങ്ങളാല്‍ വിദ്യാഭ്യാസവകുപ്പിന്റെ നിയമനാംഗീകാരം ലഭിച്ചിരുന്നില്ല. നിയമനാംഗീകാരം നേടിയെടുക്കാന്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ നടന്നില്ലെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.