വിയന്ന: ഓസ്ട്രിയയെ ഞെട്ടിച്ച, കൗമാരക്കാരികള്‍ക്ക് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ രണ്ട് അഭയാര്‍ത്ഥികള്‍ വിയന്നയില്‍ കോടതി വിചാരണ നേരിടുകയായിരുന്നു. രാജ്യ തലസ്ഥാനത്ത് നിന്നും തെക്ക് മാറി കെപ്ലെര്‍പ്ലാറ്റ്‌സില്‍ ദേശീയ ഒഴിവുദിനം ആഘോഷിക്കുകയായിരുന്നു 14 ഉം 15 ഉം പ്രായമുള്ള പെണ്‍കുട്ടികള്‍. അവിടെ വെച്ച് പ്രതികള്‍ ഇവരെ ഒരു ടാക്സിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. 24 ഉം 32 ഉം വയസ്സുള്ള രണ്ട് അള്‍ജീരിയന്‍ പൗരന്മാരാണ് പ്രതികള്‍.

ഒരു വിരുന്നിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടികളെ ടാക്‌സിയില്‍ കയറ്റിയതെന്ന് ആസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന്, ഇവര്‍ അനധികൃതമായി താമസിക്കുന്ന ഒരു പഴയ വീട്ടിലേക്കായിരുന്നു ഇവരെ കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവിടെ വെച്ച് ഈ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് വിവിധ മയക്കുമരുന്നുകള്‍ കഴിപ്പിക്കുകയും 15 മണിക്കൂറോളം പീഢിപ്പിക്കുകയും ചെയ്തു. തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്.

അതില്‍, പ്രായം കുറഞ്ഞ പുരുഷന്‍ തങ്ങള്‍ക്ക് നേരെ ഒരു തോക്ക് ചൂണ്ടിപ്പിടിച്ചതായും ഇരകളിലൊരാള്‍ അന്വേഷണത്തിനിടയില്‍ പറഞ്ഞിരുന്നു. ഇത് ഒരു കളിത്തോക്കാണെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തി ഈ കൗമാരക്കാരികളെ വിവിധ ലൈംഗിക വൈകൃതങ്ങള്‍ക്കും അവര്‍ ഇരയാക്കിയിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരകളില്‍ പ്രായം കൂടിയ പെണ്‍കുട്ടിയുടെ ദേഹത്ത് നിരവധി പരിക്കുകളും ഉണ്ടായിരുന്നു.

തങ്ങള്‍ക്ക് അല്‍പം താമാശയാകാം എന്ന് കരുതി ചെയ്തതാണെന്നായിരുന്നു പ്രതികളില്‍ പ്രായം കൂടിയ വ്യക്തി പോലീസിനോട് പറഞ്ഞത്. 15 കാരിയുടെ മേല്‍ പരിക്കുകള്‍ എങ്ങനെയുണ്ടായി എന്ന് അറിയില്ലെന്നും അയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ ഇരുവരും കുറ്റം നിഷേധിച്ചു. മയക്കു മരുന്ന് നല്‍കുക മാത്രമെ ചെയ്തിട്ടുള്ളു എന്ന് പ്രതികളിലൊരാള്‍ പറഞ്ഞു. മാത്രമല്ല, ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് അറിയില്ലായിരുന്നു എന്നും അവര്‍ തങ്ങള്‍ക്ക് 24 ഉം 21 ഉം വയസ്സുണ്ടെന്നാണ് പറഞ്ഞതെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു.

പഴയ വീട്ടില്‍ നിന്ന് പുറത്തു കടക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. പിന്നീട് പ്രതികള്‍ ഇരുവരും ഉറങ്ങിയ സമയത്തായിരുന്നു അവര്‍ അവിടെ നിന്നും ഇറങ്ങിയോടിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഏറെ താമസിയാതെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.