ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെ വധിച്ചെന്ന് വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഓപ്പറേഷന്‍ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്‌സഭയില്‍ അമിത്ഷാ പ്രഖ്യാപിച്ചു. ഇന്നലെയാണ് സൈന്യത്തിന്റെ ഓപ്പറേഷന്‍ നടന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നാണ് ഷാ അവകാശപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹല്‍ഗാമില്‍ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷന്‍ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. ഓപ്പറേഷന്‍ മഹാദേവിലൂടെ ഭീകരരെ വധിച്ച നടപടിയില്‍ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു. പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ഭീകരരെ അനുവദിച്ചില്ല. പഹല്‍ഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു.

മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു മുതല്‍ തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു. ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹല്‍ഗാമില്‍ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്നും അമിത് ഷാ പറഞ്ഞു.

പ്രസംഗത്തിനിടയില്‍ വാദങ്ങളില്‍ സംശയം ഉന്നയിച്ച അഖിലേഷ് യാദവിനോട് അമിത് ഷാ ക്ഷോഭിച്ചു. ഭീകരരുടെ മതതത്തിന്റെ പേരില്‍ വിഷമം വേണ്ടെന്ന് അഖിലേഷിനോട് അമിത് ഷാ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങളെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഭീകരരില്‍ നിന്ന് പിടിച്ച ആയുധങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രി പ്രത്യേക വിമാനത്തില്‍ ഛണ്ഡിഗഡിലെ ലാബിലെത്തി പരിശോധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.




മേയ് 22ന് ഭീകരരെ കുറിച്ചു സൂചന ലഭിച്ചു. സുരക്ഷാസേനകളെ അഭിനന്ദിക്കുകയാണ്. ഭീകരരെ സഹായിച്ചവര്‍ നേരത്തേ എന്‍ഐഎയുടെ പിടിയിലായെന്നും അമിത് ഷാ പറഞ്ഞു. ഭീകരരുടെ കയ്യില്‍ നിന്നും പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു. ഭീകരരെ മാത്രമല്ല അവരെ അയച്ചവരെയും കൊലപ്പെടുത്തി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നത്. ഫൊറന്‍സിക് പരിശോധനയില്‍ ആയുധങ്ങള്‍ തിരിച്ചറിഞ്ഞു. ഭീകരരെ വധിച്ചപ്പോള്‍ എല്ലാവരും സന്തോഷിക്കുമെന്നു കരുതി. പക്ഷേ പ്രതിപക്ഷത്തിനു ദുഃഖമാണെന്നും അമിത് ഷാ പറഞ്ഞു.

വൈകുന്നേരം ഏഴുമണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭയില്‍ സംസാരിക്കും. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നു രാജ്യസഭ 2 മണിവരെ നിര്‍ത്തിവച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച ഉച്ചയോടെ ലോക്‌സഭയില്‍ ആരംഭിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം അതിര്‍ത്തി കടക്കുകയോ പിടിച്ചെടുക്കുകയോ ആയിരുന്നില്ല, പാക്കിസ്ഥാന്‍ വര്‍ഷങ്ങളായി വളര്‍ത്തിയ ഭീകര കേന്ദ്രങ്ങളെ ഇല്ലാതാക്കുക, പഹല്‍ഗാമിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.