- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരാതി വാങ്ങി പി ശശി മേശപ്പുറത്തിട്ടു, വായിച്ചു പോലും നോക്കിയില്ല; കോടതിയെ സമീപിക്കാനാണ് പറഞ്ഞത്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു; പരാതി അവഗണിച്ചില്ല, അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതായി ശശിയും; യുവതിയെ കള്ളക്കേസില്‍ പ്രതിയാക്കിയതില്‍ പോലീസ് വീഴ്ച്ച വ്യക്തം
പരാതി വാങ്ങി പി ശശി മേശപ്പുറത്തിട്ടു, വായിച്ചു പോലും നോക്കിയില്ല
തിരുവനന്തപുരം: മാല മോഷണം ആരോപിച്ച് ദളിത് യുവതിയെ മോഷണ കേസില്‍ പ്രതിയാക്കിയ സംഭവതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദുവാണ് രംഗത്തുവന്നത്. കള്ളക്കേസില്‍ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആക്ഷേപം.
പരാതി നല്‍കാന്‍ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നു. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനാണ് പറഞ്ഞത്. മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കുമെന്നാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവഹേളനം നേരിട്ടതെന്നും ബിന്ദു പറഞ്ഞു.
പലരീതിയില്‍ ബന്ധപ്പെട്ട് മുന്‍കൂറായി അനുമതി വാങ്ങിയശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ അനുമതി ലഭിക്കുകയെന്നിരിക്കെ അത്തരത്തില്‍ അഭിഭാഷകനൊപ്പം പരാതി നല്‍കാന്‍ പോയ ദളിത് യുവതിയ്ക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മോശം അനുഭവമുണ്ടായത്. ഞാനും വക്കീലും കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും അപ്പോള്‍ പരാതി വായിച്ചുപോലും നോക്കാതെ അവിടെയുണ്ടായിരുന്ന സാര്‍ പൊലീസ് വിളിപ്പിക്കുമെന്ന് പറയുകയായിരുന്നുവെന്നും പി ശശിയെന്നയാള്‍ക്കാണ് പരാതി നല്‍കിയെന്നും ബിന്ദു പറഞ്ഞു. താന്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഓഫീസിലൊക്കെ പോകുന്നതെന്നും ബിന്ദു പറഞ്ഞു.
അതേസമയം ബിന്ദുവിന്റെ ആരോപണത്തില്‍ പ്രതികരിച്ചു ശശിയും രംഗത്തുവന്നു. പരാതി അവഗണിച്ചിട്ടില്ലെന്നും അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതായി ശശി വ്യക്തമാക്കി. ഇതിനിടെ വാര്‍ത്ത വിവാദമായതോടെ തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പേരൂര്‍ക്കട സ്റ്റേഷനില്‍ വീട്ടുജോലിക്കാരിയായ ദളിത് യുവതിയായ ബിന്ദുവെന്ന യുവതിയെ 20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തിരുവന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
അസ്സിസ്റ്റ് കമ്മീഷനാരോടാണ് ആഭ്യന്തര അന്വേഷണത്തിന് നിര്‍ദേശിച്ചത്. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചത്.
അതേസമയം മോഷണാരോപണത്തില്‍ പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത ദലിത് വീട്ടുജോലിക്കാരി 20 മണിക്കൂറോളം മാനസിക പീഡനത്തിന് വിധേയയായ സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്വര്‍ണമാല വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിട്ടും, പൊലീസ് സ്ത്രീക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കാതെ നിയമനടപടി തുടരുകയാണ് ഉണ്ടായത്.
പനവൂര്‍ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടില്‍ താമസിക്കുന്ന ആര്‍. ബിന്ദു (39) എന്ന വീട്ടുജോലിക്കാരിയെയാണ് മോഷണത്തിന് ശേഷം കേസില്‍ പ്രതിയാക്കി കസ്റ്റഡിയിലെടുത്തത്. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. തൃശൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നുള്ള 18 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല കാണാതായെന്നാരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി.
കവടിയാറില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ബിന്ദുവിനെ സ്ത്രീ പൊലീസിന്റെ നേതൃത്വത്തില്‍ വസ്ത്രമഴിച്ചു പരിശോധിക്കുകയും തുടര്‍ന്ന് പരാതിക്കാരിയുടെ വീട്ടില്‍ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു. സ്വര്‍ണം കണ്ടെത്താനായില്ലെങ്കിലും, വീണ്ടും സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്ന് പുലര്‍ച്ചെ 3.30 വരെയായും ചോദ്യം ചെയ്യല്‍ നടത്തി.
അസഭ്യവാക്കുകള്‍ ചൊല്ലിയും ഭര്‍ത്താവിനെയും കുട്ടികളെയും അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയും പൊലീസ് ഇയാളെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. ഭക്ഷണവും കുടിവെള്ളവും നിഷേധിച്ചെന്നും ബിന്ദു വ്യക്തമാക്കി. സ്റ്റേഷനില്‍ തന്നെ വിളിച്ചുവരുത്തിയ പരാതിക്കാരി, സ്വര്‍ണം വീണ്ടുമെത്തിയതായി പറഞ്ഞതോടെയാണ് പിന്നീട് വിട്ടയച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. തൊഴില്‍ ചെയ്യുന്ന നഗരത്തിലെ വീടുകളിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ ഇനി വരരുതെന്ന് പൊലീസ് ഉപദേശിച്ചതായും ബിന്ദു ആരോപിച്ചു. മോഷണം നടന്നതായി പ്രത്യക്ഷ തെളിവില്ലായ്മയിലും, തെളിയപ്പെട്ട കള്ളപ്പേരില്‍ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശിച്ചു. സംഭവത്തില്‍ ശക്തമായ അന്വേഷണവും എഫ്‌ഐആര്‍ റദ്ദാക്കലും ആവശ്യപ്പെട്ടാണ് സ്ത്രീയുടെ പരാതി ഉയര്‍ന്നിരിക്കുന്നത്.