ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വര്‍ണ വിവേചനം അവസാനിപ്പിച്ചിട്ട് എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടു എങ്കിലും ഇപ്പോഴും കറുത്ത വര്‍ഗക്കാര്‍ക്ക് എതിരെ പല മേഖലകളിലും തൊട്ടുകൂടായ്മ തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഒരു വിമാനക്കമ്പനി കാട്ടിയ വിവേചനമാണ്. അംഗപരിമിതയായ തന്റെ കുട്ടിയുടെ സ്‌ട്രോളര്‍ ഗേറ്റില്‍ വെച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തടഞ്ഞുവെന്നും അതേ വിമാനത്തിലെ വെള്ളക്കാരായ കുടുംബങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയതായും ഒരു കറുത്ത വര്‍ഗക്കാരിയായ അമ്മ ആരോപിച്ചു.

ടിക്ടോക്കിലാണ് അവര്‍ ഈ ദുരനുഭവം പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് സംഭവം നടന്നത്. നാല് വയസുള്ള മകളുമായിട്ടാണ് അമ്മ യാത്ര ചെയ്യാന്‍ എത്തിയത്. പൊതുസ്ഥലത്ത് പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അംഗപരിമിതയായ കുട്ടിക്ക് കഴിയുമായിരുന്നില്ല. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് വിമാനത്താവളം പോലെയുള്ള സുരക്ഷാ മേഖലകളില്‍ സ്ട്രോളര്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തന്നെ അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ കുട്ടിയേയും കൊണ്ട് വിമാനത്താവളത്തിന്റെ ഗേററില്‍ പ്രവേശിച്ചപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മൂന്ന് ഉദ്യോഗസ്ഥന്‍മാര്‍ എതിര്‍പ്പുമായി രംഗത്ത് എത്തുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു രണ്ട കുട്ടികളുമായി ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. ദീര്‍ഘനേരം ഉറങ്ങാതെ യാത്ര ചെയ്തതിന്റെ ക്ഷീണവും ഇവര്‍ക്കുണ്ടായിരുന്നു. ഇതേ വിമാനത്താവളത്തില്‍ മറ്റൊരു സ്ഥലത്തും ഇവര്‍ക്ക് സ്ട്രോളറിന്റെ കാര്യത്തില്‍ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ലായിരുന്നു.

ഒരു തരത്തിലുമുള്ള സഹാനുഭൂതിയോ വിട്ടുവീഴ്ചയോ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്ന് മാത്രമല്ല ഒരു മര്യാദയും കാട്ടാതെയാണ് അവര്‍ പെരുമാറിയതെന്നും അമ്മ കുറ്റപ്പെടുത്തുന്നു. അതേ സമയം വിമാനത്താവളത്തില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന വെള്ളക്കാര്‍ക്ക് സ്ട്രോളര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായും അമ്മ വിറയാര്‍്ന്ന ശബ്ദത്തില്‍ പറഞ്ഞു. ഞങ്ങളുടെ സ്‌ട്രോളര്‍ വ്യത്യസ്തമാണെന്നാണ് ജീവനക്കാര്‍ പറഞ്ഞതെന്നും വ്യത്യാസം തങ്ങളുടെ ചര്‍മ്മത്തിന്റെ നിറമാണെന്നും അവര്‍ പരാതിപ്പെട്ടു.

കഴിഞ്ഞ മാസം 18 ന് പോസ്റ്റ് ചെയ്ത രണ്ടാമത്തെ വീഡിയോയില്‍, അംഗപരിമിതരായ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ എയര്‍ലൈനുകള്‍ക്ക് അനുവാദം നല്‍കുന്ന ഒരു ഫെഡറല്‍ നിയമമായ എയര്‍ കാരിയര്‍ ആക്‌സസ് ആക്റ്റിനെക്കുറിച്ചും അവര്‍ വിശദമാക്കി. അംഗപരിമിതരായ കുട്ടികള്‍ക്കുള്ള സ്‌ട്രോളറുകള്‍ പോലുള്ള മൊബിലിറ്റി ഉപകരണങ്ങള്‍ വിമാനത്തില്‍ കൊണ്ടുവരാനും ഗേറ്റ്-ചെക്ക് ചെയ്യാനും ഇതില്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഇക്കാര്ത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ല.