- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസോ പരാതിയോ ഇല്ലെന്ന വാദവും പൊളിയുന്നു; യുവതിയെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബാലാവകാശ കമ്മീഷനില്‍ പരാതി നല്കി മഹിളാമോര്‍ച്ച നേതാവ്; ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍; രാജിക്കായി സമ്മര്‍ദ്ദം ഏറുന്നു
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്‍. സ്വമേധയാ ആണ് വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോര്‍ട്ട് വേണമെന്ന് കമ്മീഷന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേസോ പരാതിയോ ഇല്ലെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതിരോധം തകരുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തതോടെയാണ് പ്രതിരോധം പൊളിയുന്നത്. രാഹുലിനെതിരെ കൊച്ചിയില്‍ ലഭിച്ച പരാതി സംബന്ധിച്ചും റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍ നടപടിയെന്നും കമ്മീഷന്‍ വ്യക്തമാക്കി.
എറണാകുളം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു. കേസില്‍ കമ്മിഷന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. പരാതിയില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മിഷന്റെ ഉത്തരവ്. ഗര്‍ഭഛിദ്രത്തിനാണ് കേസെടുത്തിരിക്കുന്നത്.
യുവതിയെ ഗര്‍ഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയിരുന്നു. പാലക്കാട്ടെ മഹിളാമോര്‍ച്ച നേതാവ് അശ്വതി മണികണ്ഠനാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പരാതി നല്‍കിയത്. പുറത്തുവന്ന സ്‌ക്രീന്‍ ഷോട്ടുകളും ഫോണ്‍ സംഭാഷണങ്ങളും തെളിവായി കാണിച്ചുകൊണ്ടാണ് പരാതി. നിര്‍ബന്ധിത ഗര്‍ഭചിദ്രം നടത്താന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം.
ഇന്ന് 3.30 ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം അപ്രതീക്ഷിതമായി രാഹുല്‍ മാറ്റുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്നതെന്നാണ് സൂചന. രാഹുലിനെതിരായി ഇന്ന് വീണ്ടും ഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത്. രാഹുല്‍ രാജിവെക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാംഗത്വം രാജിവെയ്ക്കാന്‍ സമ്മര്‍ദമേറുകയാണ്. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്നാണ് സൂചന. പരാതിയുമായി ആരും മുന്നോട്ട് വന്നില്ലെങ്കിലും കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി അനിവാര്യമെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. ഇത്തരം പരാതികള്‍ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാന്‍ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികള്‍ വന്നേക്കുമെന്നും സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്.
ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി പരിശോധിച്ച് വരികയാണ്. സംഘടനാ ചുമതലയില്‍ നിന്ന് മാറ്റിയത് ആദ്യ നടപടി മാത്രമാണ്. ആരോപണം ഉന്നയിച്ച ഒരു സ്ത്രീക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തരുതെന്ന് യുഡിഎഫ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.