തിരുവനന്തപുരം: തിരുവനന്തപുരത്ത്, കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍, ആഭിചാര കര്‍മ്മങ്ങളും, അനാചാരങ്ങളും നടത്തുന്നതായി പരാതി. ക്ഷേത്രോപദേശക സമിതി ഈ വിഷയത്തില്‍ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി. മേല്‍ശാന്തിയെ മാറ്റണമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു വരികയാണെങ്കിലും നടപടിയില്ലെന്നും ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ ആരോപിച്ചു. രണ്ടുദിവസത്തിനകം ദേവസ്വം ബോര്‍ഡും പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍, മേല്‍ശാന്തിയെ തടയാനും ക്ഷേത്രം തുറക്കുന്നത് അനുവദിക്കാതിരിക്കാനുമാണ് സമിതി തീരുമാനം.

പരാതിയില്‍ പറയുന്നത്:

കഴിഞ്ഞ കുറച്ചുമാസങ്ങളായി പെരുംകുളത്തൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെയും, ക്ഷേത്ര ജീവനക്കാരിയുടെയും ദുഷ്പ്രവൃത്തികള്‍ അതിരുവിട്ടിരിക്കുകയാണെന്ന് കാട്ടാക്കട ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പ്രസിഡന്റ് ചന്ദ്രമോഹന്‍, വൈസ് പ്രസിഡന്റ് ചന്ദ്രപ്രഭ, സെക്രട്ടറി എ റ്റി അരവിന്ദ് എന്നിവര്‍ ആരോപിച്ചു.

ക്ഷേത്രനട അടച്ചതിന് ശേഷവും രാത്രി വൈകുവോളം ക്ഷേത്രത്തില്‍ തങ്ങുന്ന മേല്‍ശാന്തിയുടെയും ജീവനക്കാരിയുടെയും ചെയ്തികള്‍ സംശയാസ്പദമാണ്. ക്ഷേത്രത്തിനുളളില്‍ ഇവര്‍ ആഭിചാര കര്‍മ്മങ്ങളും, അനാചാരങ്ങളും നടത്തുന്നതായി വിശ്വസികള്‍ക്കും, ക്ഷേത്രോപദേശക സമിതിക്കും ബോധ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.

വിശ്വാസികളെ ചൂഷണം ചെയ്ത് വരുതിയിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് സമിതി ആരോപിച്ചു. ദോഷങ്ങള്‍ ഉണ്ടെന്നും വീട്ടില്‍ ദുരിതങ്ങള്‍ ഉണ്ടെന്നും ഭയപ്പെടുത്തി പണം തട്ടുന്നതായാണ് ആരോപണം. പൂജകളുടെയും, മന്ത്രവാദത്തിന്റെയും മറവില്‍ മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് ക്ഷേത്രത്തിനുള്ളില്‍ ഒളിച്ചുനടത്തുന്നത്. പലതവണ താക്കീത് നല്‍കിയിട്ടും ഒരു മാറ്റവും വരുത്താന്‍ ഇരുവരും തയ്യാറായില്ല.

ഇക്കഴിഞ്ഞ ബുധനാഴ്ച( 12-02-2025)രാത്രി 8 ന് പൗര്‍ണമി പൂജ കഴിഞ്ഞ് നടയടച്ച ശേഷം പ്രേത ബാധ ഉണ്ടെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെകുട്ടിയുടെ മുഖത്തും മറ്റും സ്പര്‍ശിക്കുകയും ആഭിചാര കര്‍മ്മം നടത്തുകയും ചെയ്തത് ഞെട്ടിക്കുന്ന കാര്യമാണ്. തങ്ങളുടെ കയ്യില്‍ ഇതിനുഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നും ക്ഷേത്രോപദേശക സമിതി പരാതിയില്‍ പറഞ്ഞു.

ആഭിചാരം നടത്തിയതിനും മതവികാരത്തെ വ്രണപ്പെടുത്തിയതിനും ഭാരതീയ നീതിന്യായ നിയമം സെക്ഷന്‍ 299 പ്രകാരവും, പ്രേതബാധ ഉണ്ടെന്ന് വിശ്വസിപ്പിച്ച് വ്യക്തികളെ ഭയപ്പെടുത്തിയതിനും ബിഎന്‍എസ് സെക്ഷന്‍ 354 പ്രകാരവും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിന് ബാലനീതി നിയമപ്രകാരവും കെസെടുക്കണമെന്നാണ് ആവശ്യം. ക്ഷേത്രത്തിന്റെ പവിത്രതയും വിശ്വാസ്യതയും തകര്‍ക്കുന്നതാണ് ഇത്തരം പ്രവൃത്തികളെന്നും സമിതി പറഞ്ഞു.




കഴിഞ്ഞ ദിവസം വിശ്വാസികളുടെ പൊതുയോഗം ക്ഷേത്രോപദേശക സമിതി വിളിച്ചുകൂട്ടിയിരുന്നു. പൊതുജനങ്ങളുടെ വിശ്വാസത്തെയും ആരാധനാലയങ്ങളെയും മാനിക്കാത്ത ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് യോഗത്തില്‍ തീരുമാനമായത്. കാട്ടാക്കട പൊലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ മേല്‍ശാന്തിയെ തടയുന്നത് അടക്കം കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ക്ഷേത്രോപദേശക സമിതി തീരുമാനം.