മുണ്ടക്കയം: മുരിക്കുംവയല്‍, വണ്ടന്‍പതാല്‍ വഴി ഇടുക്കി ജില്ലയിലെ 35-ാം മൈലിലേക്ക് പ്രവേശിക്കാന്‍ എളുപ്പവഴിയുണ്ടെന്ന ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശം വിശ്വസിച്ച് യാത്ര ചെയ്ത കൊലയാളി സംഘത്തിന് ഒടുവില്‍ വിലങ്ങുവീണു. ഗൂഗിള്‍ മാപ്പ് കാണിച്ചുതന്ന എളുപ്പവഴിയിലൂടെ മുരിക്കുംവയലിലേക്ക് പ്രവേശിച്ച പ്രതികളുടെ കാര്‍ ഇടുങ്ങിയ റോഡില്‍ കുടുങ്ങുകയായിരുന്നു. ഇതിനോടകം മുണ്ടക്കയം മേഖലയിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ കാറിന്റെ നമ്പറും വിവരങ്ങളും എത്തിയതോടെ നാട്ടുകാര്‍ ജാഗ്രതയിലായിരുന്നു. കാര്‍ കുടുങ്ങിയതോടെ സമീപത്തെ വീടിന്റെ പരിസരത്ത് ഒളിക്കാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ രാത്രി 11.30-ഓടെ പോലീസ് കീഴ്‌പ്പെടുത്തി.

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച നാലംഗ സംഘമാണ് പിടിയിലായത്. കൊല്ലത്തുനിന്നും പത്തനംതിട്ടയില്‍ നിന്നും പോലീസിനെ വെട്ടിച്ച് കോട്ടയം ജില്ലയിലേക്ക് കടന്ന പ്രതികളെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ജോണ്‍സണ്‍ എ.ജെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒരു പിക്ക് അപ്പ് ലോറിയില്‍ പ്രതികളെ പിന്തുടര്‍ന്ന ജോണ്‍സണ്‍, കാറില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചതോടെ പ്രതികള്‍ വെപ്രാളത്തിലായി. അമിതവേഗതയില്‍ പാഞ്ഞ കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടാകുകയും ഗൂഗിള്‍ മാപ്പ് കാണിച്ചുതന്ന ഇടവഴിയിലേക്ക് തിരിയുകയുമായിരുന്നു.

മുണ്ടക്കയം മേഖലയിലെ ജനങ്ങള്‍ ഒന്നടങ്കം പോലീസിനൊപ്പം അണിനിരന്നതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി വിവരങ്ങള്‍ ഞൊടിയിടയില്‍ കൈമാറിയതോടെ ഓരോ കവലകളിലും നാട്ടുകാര്‍ കാത്തുനിന്നു. മുരിക്കുംവയല്‍ ഭാഗത്ത് വെച്ച് കാര്‍ ഉപേക്ഷിച്ച് റബ്ബര്‍ തോട്ടങ്ങളിലേക്കും കാടുകളിലേക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ വളയുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കാഞ്ഞിരപ്പള്ളി, എരുമേലി, പൊന്‍കുന്നം സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തി പത്മവ്യൂഹം തീര്‍ത്തു.

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട അലുവ അതുല്‍. സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് അതുലിന്റെ കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ബ്ലാക്ക് വിഷ്ണു, അനീര്‍, ഹുസൈന്‍, ആഷിക് എന്നിവരാണ് മുണ്ടക്കയത്ത് വെച്ച് പിടിയിലായത്. ഇവരെ കൊല്ലം സിറ്റി പോലീസിന് കൈമാറി. കൃത്യം നടന്ന് 12 മണിക്കൂറിനകം പ്രതികളെ വലയിലാക്കാന്‍ കഴിഞ്ഞത് കേരള പോലീസിന്റെ കുറ്റാന്വേഷണ മികവിനും ഏകോപനത്തിനും തെളിവായി.

കൊല്ലം കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകത്തിന് ശേഷം മുണ്ടക്കയം വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ നീക്കം. മുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെയാണ് പ്രതികള്‍ സഞ്ചരിച്ച വാഹനം ശ്രദ്ധയില്‍പ്പെട്ടത്. പോലീസിനെ കണ്ടതോടെ വാഹനം വെട്ടിച്ചു കടന്ന സംഘത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ജോണ്‍സണ്‍ എജെ തിരിച്ചറിയുകയായിരുന്നു. തന്റെ കണ്‍മുന്നിലൂടെ കൊലയാളി സംഘം പാഞ്ഞുപോകുമ്പോള്‍ ഒട്ടും വൈകാതെ ഒരു പിക്ക് അപ്പ് ലോറിയില്‍ അദ്ദേഹം അവരെ പിന്തുടരുകയായിരുന്നു. ഈ മനക്കരുത്തിന് മുന്നിലാണ് കൊലയാളി സംഘത്തിന്റെ തമിഴ്‌നാട് പ്ലാന്‍ പാളിയത്.

ലോറിയില്‍ പ്രതികളുടെ വാഹനത്തെ പിന്തുടര്‍ന്ന ജോണ്‍സണ്‍, അവരെ തടയാനായി താന്‍ സഞ്ചരിച്ചിരുന്ന ലോറി കൊണ്ട് പ്രതികളുടെ വാഹനത്തില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ പരിഭ്രാന്തരായ പ്രതികള്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചു പോകുകയും മുണ്ടക്കയം പുത്തന്‍ചന്ത ഭാഗത്ത് വെച്ച് മറ്റൊരു സ്വിഫ്റ്റ് കാറിലിടിച്ച് അപകടമുണ്ടാവുകയും ചെയ്തു. അപകടത്തിന് പിന്നാലെ മുണ്ടക്കയം മുരിക്കുംവയല്‍ ഭാഗത്ത് വെച്ച് കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ സമീപത്തെ റബ്ബര്‍ തോട്ടങ്ങളിലേക്കും കാടുകളിലേക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം ജോണ്‍സണ്‍ എജെ ഉടന്‍ തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ എരുമേലി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.

പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശം മുഴുവന്‍ വളഞ്ഞതോടെ രക്ഷപ്പെടാന്‍ വഴിയില്ലാതെ പ്രതികള്‍ പോലീസിന് കീഴടങ്ങുകയായിരുന്നു. സിനിമയെ വെല്ലുന്ന ഈ സാഹസിക നീക്കത്തിലൂടെ അലുവ അതുല്‍ വധക്കേസിലെ മുഖ്യപ്രതികളാണ് മുണ്ടക്കയത്ത് വെച്ച് പോലീസിന്റെ പിടിയിലായത്. ജോണ്‍സണ്‍ എജെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് റോഡുകളില്‍ ബസ്സുകള്‍ കുറുകെയിട്ട് പത്മവ്യൂഹം തീര്‍ത്തിരുന്നു. ഇതോടെ രക്ഷപ്പെടാന്‍ വഴിയില്ലാതായ പ്രതികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയും മിനിറ്റുകള്‍ക്കുള്ളില്‍ വന്‍ പോലീസ് സംഘം പ്രദേശം വളയുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന 'ജിം സന്തോഷ്' വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട അലുവ അതുല്‍. സന്തോഷിനെ അമ്മയുടെ മുന്നിലിട്ട് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞു കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ശനിയാഴ്ച നടന്ന കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ടു മടങ്ങവെയാണ് പ്രതികള്‍ അതുലിനെ ആസൂത്രിതമായി വെട്ടിക്കൊന്നത്. പിടിയിലായ പ്രതികളെ കൊല്ലം സിറ്റി പോലീസിന് കൈമാറി.