ന്യൂഡല്‍ഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ കുതിപ്പു തുടര്‍ന്ന് ഇന്ത്യന്‍ കോടീശ്വരന്‍മാര്‍. ലോകത്തിലെ സമ്പന്നരായ 20 പേരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കയാണ് ഗൗതം അദാനി. ആകെ ആസ്തിയില്‍ 5.74 ബില്യണ്‍ ഡോളര്‍ (5.03 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടായതോടെയാണ് അദാനി ഗ്രൂപ്പ് ചെയര്‍മാനും ശതകോടീശ്വരനുമായ അദാനി വീണ്ടും പട്ടികയില്‍ ഇടംപിടിച്ചത്. ബ്ലൂംബെര്‍ഗ് ബില്യണേഴ്സ് ഇന്‍ഡക്സിന്റെ കണക്ക് പ്രകാരം 79.7 ബില്യണ്‍ ഡോളറാണ് (6.98 ലക്ഷം രൂപയോളം) അദാനിയുടെ മൊത്തം ആസ്തി. ബ്ലൂംബെര്‍ഗ് പട്ടികയില്‍ 20-ാം സ്ഥാനം നേടിക്കൊണ്ടാണ് ആദ്യ 20 സമ്പന്നരുടെ പട്ടികയിലേക്ക് അദാനി തിരികെ എത്തിയത്.

ആഗോള വിപണിയില്‍ ഏറ്റവുമധികം നേട്ടംകൊയ്ത വ്യവസായികളിലൊരാളാണ് അദാനി. ടെസ്ലക്കും ഇലോണ്‍ മസ്‌കിനും തൊട്ടുപിന്നാലെ സ്ഥാനം പിടിക്കാന്‍ അദാനിക്ക് കഴിഞ്ഞു. 6.69 ബില്യണ്‍ ഡോളറാണ് മസ്‌കിന് ഇത്തവണ നേടാനായത്. ഇതോടെ മസ്‌കിന്റെ മുഴുവന്‍ ആസ്തി 378 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പട്ടികയില്‍ മസ്‌കിനാണ് ഒന്നാം സ്ഥാനം. പട്ടികയില്‍ ഇന്ത്യയിലെ സമ്പന്ന വ്യവസായി മുകേഷ് അംബാനി 99.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി 18-ാം സ്ഥാനത്തുണ്ട്.

ലോകസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഒറാക്കിളിന്റെ ലാറി എലിസണ്‍ ആണ്. 305 ബില്യണ്‍ ഡോളറാണ് ( ഏകദേശം 29.71 ലക്ഷം കോടി രൂപ) ലാറിയുടെ ആസ്തി. 269 ബില്യണ്‍ ഡോളറുമായി ( ഏകദേശം 23.56 ലക്ഷം കോടി രൂപ) മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് മൂന്നാമതും 243 ബില്യണ്‍ ഡോളറുമായി ( ഏകദേശം 21.28 ലക്ഷം കോടി രൂപ) ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തുണ്ട്.

അതേസമയം അദാനി ബിസിനസില്‍ വൈവിധ്യങ്ങളായ മേഖലകളിലേക്കും കടക്കുയാണ്. അമേരിക്കയിലെ കേസ് അടക്കമുള്ള വിവാദങ്ങള്‍ക്കിടിയിലും ബിസിനസ് മുന്നോട്ടാണ് പോകുന്നത്. എയര്‍ക്രാഫ്റ്റ് പരിപാലന സ്ഥാപനമായ ഇന്‍ഡമെര്‍ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ഒരുങ്ങുന്നകയാണ്. പ്രൈം എയ്‌റോയുമായി കൈകോര്‍ത്താണ് ഇന്‍ഡാമെറിനെ പൂര്‍ണമായും ഏറ്റെടുക്കുക. അതിവേഗം വളരുന്ന ആഭ്യന്തര വ്യോമയാന സേവന മേഖലയില്‍ സാന്നിധ്യം ശക്തമാക്കുകയാണ് ഇതുവഴി അദാനി ഉന്നമിടുന്നത്.

അദാനി ഡിഫന്‍സും പ്രൈം എയ്‌റോയും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത കമ്പനിയായ ഹൊറൈസണ്‍ എയ്‌റോ സൊല്യൂഷന്‍സ് വഴിയാണ് ഏറ്റെടുക്കല്‍. അദാനി ഗ്രൂപ്പിന്റെ വ്യോമയാന എംആര്‍ഒ (പരിപാലനം, അറ്റകുറ്റപ്പണി, മേല്‍നോട്ടം) ശൃംഖല വിപുലീകരിക്കുകയാണ് ലക്ഷ്യം. എത്ര തുകയ്ക്കാണ് ഏറ്റെടുക്കല്‍ എന്നതുള്‍പ്പെടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം എയര്‍ വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തതിലൂടെ അദാനി ഡിഫന്‍സ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എംആര്‍ഒ ഓപ്പറേറ്ററായിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,500 വിമാനങ്ങള്‍ കൂടി രംഗത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണിത്. ആഗോളതലത്തില്‍ തന്നെ പ്രീമിയം എംആര്‍ഒ ലക്ഷ്യസ്ഥാനമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗവുമാണ് അദാനിയുടെ പുതിയ നീക്കം.