- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്തിന്റെ പൊതുലേലത്തിൽ കടമുറി വാടകയ്ക്ക് സ്വന്തമാക്കി; ഡെപ്പോസിറ് തുക അടച്ചിട്ടും സംരംഭം ആരംഭിക്കാൻ അനുവാദമില്ല; ലേലത്തിൽ പങ്കെടുത്ത മറ്റൊരാൾക്ക് കടമുറി നൽകിയിട്ടും അംബിക ചിദംബരനോട് കാട്ടിയത് കടുത്ത വിവേചനം; നീതി തേടിയുള്ള സമരത്തിന് പിന്തുണയുമായി ദളിത് സംഘടനകളും
തൃശൂർ: സംരംഭം തുടങ്ങാൻ അനുവദിക്കാത്തതിന്റെ പേരിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീ സമരം ആരംഭിച്ചിട്ട് 81 നാളുകൾ പിന്നിടുന്നു. പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് നീതി തേടി അംബിക ചിദംബരൻ സമരം ചെയ്യുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റിന് അംബികയോടുള്ള വ്യക്തി വൈരാഗ്യമാണ് സംരംഭം തുടങ്ങാൻ അനുവാദം നൽകാത്തതിന്റെ കാരണമാണെന്നാണ് ആരോപണം. അംബിക ചിദംബരന് പിന്തുണയുമായി ദളിത് സമുദായ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് സംരംഭം ആരംഭിക്കുന്നതിനായി മുറി അനുവദിച്ചിട്ടും അംബികയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത വിവേചനമാണ്. ദളിത് സംഘടനകളുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തും. ഫെബ്രുവരി 17 ന് കെ.കെ ജിൻഷു ഉദ്ഘാടനം ചെയ്യും.
പാണഞ്ചേരി പഞ്ചായത്ത് മുൻ അംഗവും രണ്ടു തവണ പട്ടികജാതി-പട്ടികവർഗ റിസർവേയർ ഫിഷറീസ് സഹകരണ സംഘം പ്രസിഡന്റുമായിരുന്നു അംബിക. കഴിഞ്ഞ ജൂണിലാണ് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള പട്ടികജാതി വനിത വ്യവസായ സമുച്ചയത്തിലെ 4/8E മുറി അംബിക ലേലം ചെയ്തെടുത്തത്. പഞ്ചായത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം 6018 രൂപ അന്ന് തന്നെ ഡെപ്പോസിറ്റായും അടച്ചിരുന്നു. ഏഴുമാസം കഴിഞ്ഞിട്ടും പഞ്ചായത്ത് ഭരണ സമിതി വിവിധ കാരണങ്ങൾ പറഞ്ഞ് സംരംഭം തുടങ്ങാൻ അനുവദിക്കുന്നില്ലെന്നാണ് ആരോപണം. 2550 രൂപ പ്രതിമാസ വാടകയ്ക്കാണ് മുറി ലേലം ചെയ്തെടുത്തത്. മുറിയെടുത്ത് ഏഴുമാസം കഴിഞ്ഞിട്ടും സംരംഭം ആരംഭിക്കാൻ അനുവദിക്കാത്ത പഞ്ചായത്ത് ഭരണ സമിതിയുടെയും സെക്രട്ടറിയുടേയും നിയമവിരുദ്ധ നടപടിക്കെതിരെ ദളിത് ഐക്യസമിതി പ്രതിഷേധിച്ചു.
പഞ്ചായത്തിന്റെ നീതി നിഷേധത്തിനെതിരെ കഴിഞ്ഞ നവംബർ 6 മുതൽ അംബിക പഞ്ചായത്തിന് മുന്നിൽ സമരത്തിലാണ്. കടമുറി ലേലത്തിൽ വാടകയ്ക്ക് എടുത്ത് ഏഴുമാസം കഴിഞ്ഞിട്ടും സംരംഭം ആരംഭിക്കാനായിട്ടില്ല. അതേസമയം അംബികയോടൊപ്പം ലേലം ചെയ്തെടുത്ത സമീപത്തായുള്ള കടമുറികളിൽ സംരംഭം ആരംഭിച്ചിട്ടുണ്ടെന്നും, എന്നാൽ അംബികയ്ക്ക് അവകാശപ്പെട്ട നീതി നിഷേധിക്കുകയാണെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിന്റെ പട്ടികജാതി വനിത വ്യവസായ സമുച്ചയത്തിൽ അംബികയടക്കം മൂന്ന് പേർ ചേർന്ന് ഫ്ളവർമിൽ നടത്തിയിരുന്നു. ഈ സംരംഭം നടത്തിയിരുന്ന കടമുറിയിൽ വാടക കുടിശ്ശികയുണ്ടായിരുന്നു എന്ന കാരണത്താലാണ് അംബിക ലേലത്തിലെടുത്ത കടമുറി നൽകാത്തതെന്നാണ് പഞ്ചായത്തിന്റെ വാദം.
ഗ്രാമലക്ഷ്‌മി ഫ്ളവർമിൽ എന്ന സംരംഭം 4/8F എന്ന കടമുറിയിലാണ് പ്രവർത്തിച്ചിരുന്നത്. ഗ്രാമലക്ഷ്‌മി ഗ്രൂപ്പിലെ അംഗമായിരുന്നു മറ്റൊരു യുവതിയും ലേലത്തിൽ പങ്കെടുത്തിരുന്നു. ഇവർ ലേലത്തിൽ വിളിച്ചെടുത്ത 4/8C കടമുറി അനുവദിച്ചു കൊടുക്കുകയും ചെയ്തു. വാടക കുടിശികയുടെ പേരിലാണ് പഞ്ചായത്ത് അംബികയ്ക്ക് കടമുറി നൽകാത്തതെങ്കിൽ അതെ സംരംഭത്തിന്റെ ഭാഗമായിരുന്ന മറ്റൊരാൾക്ക് കടമുറി ലഭിക്കേണ്ടതല്ല എന്നതാണ് വാസ്തവം. ഗ്രാമലക്ഷ്‌മി ഗ്രൂപ്പിന്റെ മറ്റൊരംഗമായ അംബികയ്ക്ക് മാത്രം വിവേചനം നേരിടേണ്ടി വരുന്നത് തികച്ചും നിർഭാഗ്യകരമായ കാര്യമാണ്. വ്യക്തിപരമായ വൈരാഗ്യം കൊണ്ടാണ് ഈ വിവേചനം നേരിടേണ്ടി വരുന്നതുമെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ, ജില്ലാ വ്യവസായ ഓഫീസർ തുടങ്ങി നിരവധി പേർക്ക് പരാതി കൊടുത്തിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അംബിക പറയുന്നത്. മാത്രമല്ല പട്ടികജാതി വനിതകൾക്ക് സംരംഭം നടത്തുന്നതിനായി സംവരണം ചെയ്തിട്ടുള്ള കടമുറികൾ പഞ്ചായത്ത് അർഹതയില്ലാത്തവർക്കായി നൽകിയതായും ആക്ഷേപമുണ്ട്. നിയമപരമായി ലേലം വിളിച്ചെടുത്ത കടമുറികൾ സംരംഭം ആരംഭിക്കുന്നതിനായി അനുവദിക്കുന്നത് വരെ സമരം തുടരാനാണ് അംബിക തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്ന അംബികയ്ക്ക് പിന്തുണയുമായി ദളിത് സംഘടനകകളും രംഗത്തെത്തിയിരിക്കുകയാണ്.