തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെ കൃത്യമായ കണക്കുകള്‍ പോലും ശേഖരിക്കാതെ ആരോഗ്യ വകുപ്പ്. കഴിഞ്ഞ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആറുപേര്‍ മരിച്ചെങ്കിലും രണ്ടുപേരുടെ മരണം മാത്രമാണ് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ രോഗം ബാധിച്ച് 38 പേര്‍ ഗുരുതരാവസ്ഥയിലാകുകയും എട്ടുപേര്‍ മരിക്കുകയും ചെയ്തെങ്കില്‍ കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ആറുപേര്‍ മരിക്കുകയും 34 പേര്‍ രോഗബാധിതരാകുകയും ചെയ്തു. സംസ്ഥാനത്ത് ഗുരുതരാവസ്ഥ നിലനില്‍ക്കുമ്പോള്‍ ആരും പരിഭ്രാന്തരാകേണ്ടെന്നും രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്നുമുള്ള 'വിലപ്പെട്ട' ഉപദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഷാജിയുടെ മരണമടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്‌ക ജ്വരം ബാധിച്ച് ആറു പേര്‍ മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍, ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഈവര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.

18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്നതിനിടെ മരണവും രോഗബാധിതരുമായി ബന്ധപ്പെട്ട കണക്കുകളിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ പോലും ആരോഗ്യ വകുപ്പ് മുന്‍കൈയെടുക്കുന്നില്ലെന്ന പരാതിയാണ് വ്യാപകമാകുന്നത്. രോഗം പടരുന്നതിനിടെ സ്ഥിതിഗതി ആരോഗ്യ വകുപ്പ് ഗൗരവമായി എടുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച് നിയമസഭാ സമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍, വിദഗ്ധരുമായി ചേര്‍ന്ന് ഉന്നതതല അവലോകന യോഗം കൂടിയിട്ടുണ്ടെന്നും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ലെ്ന്നും പരിഭ്രാന്തരാകേണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍െ്റ മറുപടി. രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് 2016 ല്‍ ആലപ്പുഴയിലാണ് ഈ മാരകരോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്്. അതിനുശേഷം കേസുകള്‍ അപൂര്‍വ്വമായിരുന്നെങ്കിലും, സമീപകാലത്ത് മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ കൂടുതല്‍ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗം ബാധിച്ച മിക്കവാറും ആളുകള്‍ മലിനമായ കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവരാണ്.

മലിനജലം മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറില്‍ എത്തുകയും അണുബാധ ഉണ്ടാക്കുകയും തുടര്‍ന്ന് മരണകാരണമാകുകയുമാണ്. അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് പത്തുവര്‍ഷമായിട്ടും മാരകരോഗത്തെ ഗൗരവമായി കാണാതെ പോകുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ഒരു മാസത്തിനിടെ രോഗം ബാധിച്ച് അഞ്ചുപേര്‍ മരിച്ചിട്ടും കേരളത്തില്‍ മരണനിരക്ക് കുറവാണെന്ന വാദമുയര്‍ത്തി കുളങ്ങളില്‍ ക്ലോറിന്‍ കലക്കിയൊഴിക്കുക മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്നത്.

രോഗം ബാധിച്ചശേഷം ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരുന്നത് തടയാനുള്ള അവബോധ പരിപാടികളില്‍ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്്ധരുടെ അഭിപ്രായം. എന്നാല്‍, അമീബിക് മസ്തിഷ്‌കജ്വരത്തിന് ആഗോളതലത്തില്‍ 97 ശതമാനം വരെയാണ് മരണനിരക്കെന്നും കേരളത്തില്‍ അത് 26 ശതമാനം മാത്രമാണെന്നുമുള്ള മേനിപറച്ചിലിലാണ് ആരോഗ്യ വകുപ്പ്. കഴിഞ്ഞവര്‍ഷം മാരകമായ നിരവധി പകര്‍ച്ചവ്യാധികളും സംസ്ഥാനത്ത് രോഗികളുടെ ജീവന്‍ അപഹരിച്ചു. 144 പേരാണ് കഴിഞ്ഞവര്‍ഷം പകര്‍ച്ചവ്യാധികള്‍ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. കേരളത്തില്‍ നിര്‍മ്മാര്‍ജ്ജ്നം ചെയ്തെന്ന് കരുതിയിരുന്ന കോളറ ബാധിച്ചും ഒരാള്‍ മരിച്ചു. കഴിഞ്ഞവര്‍ഷവും സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചിരുന്നു.

പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ മുതല്‍ നിരവധി വിവാദങ്ങളാണ് ആരോഗ്യ വകുപ്പിലുണ്ടായത്. അതില്‍ ഭൂരിഭാഗവും ചികിത്സാപ്പിഴവും മാരകമായ പകര്‍ച്ചവ്യാധികളുടെ കടന്നുകയറ്റവും സംബന്ധിച്ചായിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായ ചികിത്സാപ്പിഴവുകളാണ് ഉണ്ടായത്. ആരോഗ്യരംഗത്തെ വീഴ്ചകള്‍ കാരണം കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 40 ലേറെ അന്വേഷണങ്ങളാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചത്.