- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ പുതിയ കെ എസ്ആര്ടിസി ബെംഗളുരു എസി സീറ്റര്‍ ബസ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്ത് എം എല്‍ എ; പ്രതിഷേധം ഉപേക്ഷിച്ച് ബിജെപിയും യുവമോര്‍ച്ചയും; പരിപാടി അറിഞ്ഞില്ലെന്ന് ഡിവൈഎഫ്ഐ
വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ
പാലക്കാട്: വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. പാലക്കാട് ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള പുതിയ കെ.എസ്.ആര്‍.ടി.സി എ.സി സീറ്റര്‍ ബസ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. രാത്രി എട്ടരയോടെയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
പരിപാടിയില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധിക്കുമെന്നും ബി.ജെ.പി, യുവമോര്‍ച്ച എന്നിവര്‍ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ പ്രതിഷേധങ്ങളുമുണ്ടായില്ല. ഡിവൈ.എഫ്.ഐയും പ്രതിഷേധവുമായി എത്തിയില്ല. സി.ഐ.ടി.യു, ബി.എം.എസ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് സര്‍വീസിനെക്കുറിച്ച് മുന്‍കൂട്ടി അറിയാമായിരുന്നതായും, സി.ഐ.ടി.യു യൂണിയനിലെ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് പരിപാടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും, എം.എല്‍.എ പൊതുപരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീന്‍ അറിയിച്ചു.
രാത്രി 8.50ന് ഡിപ്പോയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍, ഉദ്ഘാടനം നിര്‍വഹിച്ച ശേഷം യാത്രക്കാരുമായും ചടങ്ങില്‍ പങ്കെടുത്തവരുമായും സംസാരിച്ച ശേഷം 9.20ഓടെ മടങ്ങി. പാലക്കാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ ബംഗളൂരു എ.സി ബസ് സര്‍വീസ് യാഥാര്‍ഥ്യമായെന്ന് അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍ ഈ ആവശ്യം പലതവണ കൊണ്ടുവന്നിരുന്നെന്നും, അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് പാലക്കാട് ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് എ.സി സീറ്റര്‍ ബസ് അനുവദിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ബസ്സില്‍ 50 പുഷ്ബാക്ക് സീറ്റുകളുണ്ട്. പാലക്കാട് നിന്ന് രാത്രി 9 മണിക്കും ബംഗളൂരുവില്‍ നിന്ന് രാത്രി 9.15നും ബസ് പുറപ്പെടും. ഞായറാഴ്ചകളില്‍ 1171 രൂപയും മറ്റ് ദിവസങ്ങളില്‍ 900 രൂപയുമാണ് പാലക്കാട് നിന്ന് ബംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഡിപ്പോ എന്‍ജിനീയര്‍ എം. സുനില്‍, ജനറല്‍ കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ സഞ്ജീവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.