കൊച്ചി: മോഹന്‍ലാലിനൊപ്പം അമ്മയിലെ എല്ലാ ഭാരവാഹികളും രാജിവയ്ക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത് പൃഥ്വിരാജിന്റെ വിമര്‍ശനം. ജോയിന്റ് സെക്രട്ടറിയായ ബാബുരാജിന്റെ രാജി വൈകിയതും പ്രതിസന്ധിയായി. ഇതോടെ എല്ലാവരും ഒരുമിച്ച് രാജി വയ്ക്കുന്ന തീരുമാനം അമ്മയില്‍ ചര്‍ച്ചയായി. മോഹന്‍ലാലിനെ പിന്തിരിപ്പിക്കാനായി ചില കേന്ദ്രങ്ങള്‍ മുമ്പോട്ട് വച്ച നിര്‍ദ്ദേശമായിരുന്നു ഇത്. എന്നാല്‍ അങ്ങനെ എങ്കില്‍ അങ്ങനെ എന്ന നിലപാടിലേക്ക് അതിവേഗം കാര്യങ്ങളെത്തി. ഇന്നലെ രാവിലെ തന്നെ ഈ ചര്‍ച്ചകള്‍ തുടങ്ങി. അതുകൊണ്ടാണ് എക്‌സിക്യൂട്ടീവ് യോഗം പോലും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചത്. മോഹന്‍ലാല്‍ രാജിവയ്ക്കുമെന്നും സംഘടന ഒന്നടങ്കം രാജിയെ കുറിച്ച് ആലോചിക്കുന്നുവെന്നുമുള്ള മറുനാടന്‍ വാര്‍ത്ത ശരിവയ്ക്കും വിധമായി അന്തിമ തീരുമാനം.

ഇനി രണ്ടു മാസത്തിനുള്ളില്‍ അമ്മയില്‍ തിരിഞ്ഞെടുപ്പ് നടക്കും. അപ്പോഴെന്തെല്ലാം നടക്കുമെന്നത് നിര്‍ണ്ണായകമാണ്. നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ ചില കേന്ദ്രീകരണങ്ങള്‍ നടക്കുന്നുണ്ട്. ബാബുരാജിന്റെ രാജി വൈകുന്നതില്‍ ജഗദീഷ് അസ്വസ്ഥനായിരുന്നു. ബാബുരാജ് രാജിവച്ചില്ലെങ്കില്‍ താന്‍ രാജി വയ്ക്കുമെന്ന് ജഗദീഷ് പ്രഖ്യാപിച്ചിരുന്നു. ഇതും മോഹന്‍ലാലിന് സമ്മര്‍ദ്ദമായി. മമ്മൂട്ടിയോട് പറഞ്ഞ ശേഷം രാജിയില്‍ തീരുമാനം എടുക്കുകയും ചെയ്തു. ജഗദീഷിന്റേയും പൃഥ്വിരാജിന്റേയും പരസ്യ നിലപാടുകളാണ് അമ്മയില്‍ പ്രതിസന്ധിയായി മാറിയത്. വനിതാ താരങ്ങളും യുവതാരങ്ങളും ജഗദീഷിലേക്ക് കേന്ദ്രീകരിച്ചു. അതുകൊണ്ട് തന്നെ ഭാവിയില്‍ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാണ്. ഔദ്യോഗിക പക്ഷത്തെ തിരഞ്ഞെടുപ്പില്‍ വിമതര്‍ തോല്‍പ്പിക്കുന്നത് രണ്ട് ടേമായി അമ്മയില്‍ നടക്കുന്നുണ്ട്. അതിനാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇനി മത്സരിക്കാന്‍ പോലും തയ്യാറാകില്ല. അങ്ങനെ പുതു നേതൃത്വത്തിലേക്ക് അമ്മ നീങ്ങുകയാണ്.

ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണു തീരുമാനം. അമ്മയിലെ കൂടുതല്‍ അംഗങ്ങള്‍ക്കൈതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയാന്‍ മോഹന്‍ലാല്‍ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനര്‍, ടൊവീനോ തോമസ്, സരയൂ, അന്‍സിബ, ജോമോള്‍ എന്നിവരാണു രാജിവച്ച എക്‌സിക്യൂട്ടീവ് അംഗങ്ങള്‍. ഇതില്‍ ജോയി മാത്യുവും ജയന്‍ ചേര്‍ത്തലയും ഔദ്യോഗിക പക്ഷത്തെ അട്ടിമറിച്ച് ജയിച്ചെത്തിയവരാണ്. അവരും മോഹന്‍ലാലിന്റെ രാജി തീരുമാനത്തിനൊപ്പം നിന്നു.

രാജിയാണ് ഉചിതമെന്ന ജോയി മാത്യുവിന്റെ നിലപാടും ഈ തീരുമാനത്തില്‍ നിര്‍ണ്ണായകമായി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രതികരണം വൈകിയതില്‍ അമ്മയ്‌ക്കെതിരെ പൊതുസമൂഹത്തിന്റെ പ്രതികരണം മോശമായിരുന്നു. ഡബ്ല്യുസിസിയും വിമര്‍ശനം നടത്തി. എന്നാല്‍ പൃഥ്വരാജ് പരസ്യ പ്രതികരണം നടത്തിയതോടെ ഇനിയും തുടരുന്നതില്‍ താല്‍പ്പര്യമില്ലെന്ന് മോഹന്‍ലാല്‍ തീരുമാനിച്ചു. ഇതാണ് മമ്മൂട്ടിയുമായി പങ്കുവച്ചത്. മമ്മൂട്ടിയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരുമെന്നു പ്രതീക്ഷിക്കുന്നു. സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു.