കൊച്ചി: അമ്മ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടപെടുന്നു. താരസംഘടനയില്‍ പ്രസിഡന്റായി വനിത വരണമെന്ന ആഗ്രഹം ഇരുവരും പങ്കുവച്ചു കഴിഞ്ഞു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജഗദീഷ് പിന്മാറും. മോഹന്‍ലാലും മമ്മൂട്ടിയും ജഗദീഷുമായി സംസാരിച്ചു. ശ്വേതാ മേനോന്‍ പ്രസിഡന്റാകണമെന്ന ആഗ്രഹം മോഹന്‍ലാലിനും മമ്മൂട്ടിക്കും ഉണ്ട്. ഈ സാഹചര്യത്തില്‍ ജഗദീഷ് പിന്മാറും. അന്തിമ നാമനിര്‍ദേശ പട്ടിക വന്നാല്‍ മാത്രമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരമെന്ന് പറയാന്‍ കഴിയൂ എന്ന് നടന്‍ ജഗദീഷ് അറിയിച്ചിരുന്നു ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. 'അമ്മ'യുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന താരം പറയുന്നു.''അമ്മയില്‍ ആരൊക്കെയാണ് ഭാരവാഹികള്‍ ആകേണ്ടതെന്ന് അംഗങ്ങള്‍ക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. അതനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. അമ്മയുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണ്. ശ്വേത എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അതാണ് പറഞ്ഞത്. സൗഹൃദമത്സരം ആയിരിക്കും. അതില്‍ കൂടുതല്‍, വലിയ പോരാട്ടം നടക്കുന്നു എന്ന രീതിയില്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. കൂടുതല്‍പ്പേര്‍ മത്സരിക്കാന്‍ വരുന്നത് നല്ലതാണ്. അത് സ്വാഗതംചെയ്യപ്പെടേണ്ടതാണ്. 31 വരെ നോമിനേഷന്‍ പിന്‍വലിക്കാന്‍ സമയമുണ്ട്. അതുകഴിയുമ്പോള്‍ മത്സരചിത്രം മാറാന്‍ സാധ്യതയുണ്ട്. അതിനുശേഷമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരം എന്ന് പറയാന്‍ കഴിയുകയുള്ളൂ. അവിടെ ചില ധാരണകള്‍ ഉണ്ടായേക്കാം. പരസ്പരധാരണയും വിട്ടുവീഴ്ചയുമുണ്ടായി, സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ച് കുറഞ്ഞേക്കാം എന്നാണ് എനിക്ക് തോന്നുന്നത്. 'അമ്മ'യെ താരസംഘടന എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതിനപ്പുറം, അമ്മ അഭിനേതാക്കളുടെ സംഘടനയാണ്. ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അനുഭവിക്കുന്ന ആളുകളുണ്ട്. അവരുടെ ക്ഷേമത്തിന് വേണ്ടിയാണ് നിലകൊള്ളേണ്ടത്.''ഇതായിരുന്നു ജഗദീഷിന്റെ വാക്കുകള്‍. ഇതിന്റെ പിന്നാലെയാണ് താന്‍ പിന്മാറുമെന്ന് ജഗദീഷ് പറയുന്നത്. അതിനിടെ ബാബുരാജിനെതിരേയും വികാരം ശക്തമാണ്. ബാബുരാജും മത്സരിക്കരുതെന്നാണ് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നിലപാട്.

തുടര്‍ന്നുണ്ടായ കോലാഹലങ്ങളും സമാനതകളില്ലാത്ത സാഹചര്യത്തിലേക്കാണ് താര സംഘടനയായ 'അമ്മ'യെ എത്തിച്ചത്. ഇപ്പോഴിതാ സംഘടനയുടെ ചരിത്രത്തിലാദ്യമായി ആറു പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്‍, ദേവന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് പത്രിക നല്‍കിയത്. മത്സരരംഗത്തുള്ള ഏറ്റവും സീനിയര്‍ അംഗങ്ങള്‍ ജഗദീഷും ദേവനുമാണ്. ഇതിനൊപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരമുണ്ട്. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം മറ്റ് പലരും. ഈ കൂട്ടത്തില്‍ ബാബുരാജിനും ജഗദീഷിനും എതിരെ പ്രചരണം ശക്തമാണ്. ഇതില്‍ ജഗദീഷിനെതിരെ ശക്തമായ ആരോപണമാണ് ഉയര്‍ത്തുന്നത്. ബാബുരാജിനെ പീഡന കേസ് ഉയര്‍ത്തിയാണ് ഒരു വിഭാഗം നേരിടുന്നത്. ഇതില്‍ ജഗദീഷിനെ വിശ്വാസ വഞ്ചകന്‍ എന്ന ടാഗില്‍ കുടുക്കാനായിരുന്നു് ശ്രമം. മാലാ പാര്‍വ്വതിയുടെ തുറന്നു പറച്ചില്‍ ഇതിന് തെളിവാണ്. സിദ്ദിഖ് സാറിന്റെ വിഷയം വന്നപ്പോള്‍ അമ്മാ ഭാരവാഹികള്‍ പ്രസ് കോണ്‍ഫറന്‍സ് നടത്താന്‍ തയാറായിരിക്കുകയായിരുന്നു. പക്ഷേ ജഗദീഷ് അപ്പോള്‍ പറഞ്ഞു, ഇപ്പോള്‍ ഒരു മാധ്യമങ്ങളെയും കാണരുത് എന്ന്. ജഗദീഷിന്റെ കൂര്‍മ്മ ബുദ്ധിയില്‍ വളരെയധികം വിശ്വസിക്കുന്ന ഈ അംഗങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളെ കാണേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം ആഞ്ഞൊരു അടി അടിച്ചു, ഇവര്‍ക്ക് വായില്ലേ ഇവര്‍ക്ക് സംസാരിച്ചുകൂടെ എന്ന് പറഞ്ഞു. അങ്ങനെ ആണ് അത് മുഴുവന്‍ പ്രതിസന്ധിയിലോട്ട് പോയത്. അത് അറിയാവുന്ന വലിയ വിഭാഗം 'അമ്മ'യിലെ അംഗങ്ങള്‍ ജഗദീഷിനെതിരെ പ്രചാരണം നടത്തുന്നതായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. എല്ലാ സീറ്റിലും എല്ലാവര്‍ക്കും സ്വീകാര്യരായ അംഗങ്ങള്‍ നില്‍ക്കണം എന്നുള്ളതാണ്-ഇതാണ് മാലാ പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. ഇത്തരമൊരു ചര്‍ച്ച അമ്മയില്‍ നടന്നിരുന്നുവെന്ന് നേരത്തെ മറുനാടനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് മാലാ പാര്‍വ്വതിയും ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ജഗദീഷ് പിന്മാറാന്‍ തയ്യാറാകുന്നത്. ദേവനും രവീന്ദ്രനും എന്ത് നിലപാട് എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. ജഗദീഷ് മാറിയാല്‍ ശ്വേതയ്ക്ക് ജയം ഉറപ്പിക്കാമെന്നാണ് മോഹന്‍ലാലും മമ്മൂട്ടിയും വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ജഗദീഷിന്റെ പിന്മാറ്റം.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ തിരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടിയും അമ്മയുടെ അജീവനാന്ത അംഗവുമായ മല്ലിക സുകുമാരന്‍ രംഗത്തു വന്നിരുന്നു. ആരോപണ വിധേയരായവര്‍ മത്സരിക്കരുതെന്ന 'അമ്മ'യുടെ നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നത് ആരുടെ തീരുമാനമാണെന്നും മല്ലിക സുകുമാരന്‍ ചോദിച്ചു. സ്പോണ്‍സറെ കണ്ടെത്തുന്നതും ഏതെങ്കിലും പരിപാടിക്ക് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കി നല്‍കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുത്. പെന്‍ഷന്‍ വാങ്ങിക്കുന്നവരും ആരോപണ വിധേയരും മത്സരിക്കാന്‍ പാടില്ലെന്നാണ് നിയമം. ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്ക് മത്സരിച്ച് കൂടായെന്നും നടി ചോദിച്ചു. ചിലര്‍ക്ക് ഒരു നിയമം, കൂറെയാളുകള്‍ക്ക് മറ്റൊരു നിയമം എന്ന നയം തെറ്റാണെന്നാണും അവര്‍ വ്യക്തമാക്കി. ഒരാള്‍ മാത്രം വിചാരിച്ചതുകൊണ്ട് നന്നാക്കാന്‍ സാധിക്കുന്ന ഒരു സംഘടനയല്ല 'അമ്മ'. കാര്യങ്ങള്‍ വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്ന ഒരു കമ്മിറ്റിയാണ് സംഘടനയ്ക്ക് വേണ്ടതെന്നും മല്ലിക പറയുന്നു.

ബാബുരാജ് മത്സരിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വാര്‍ത്ഥ താത്പര്യമുണ്ടെന്ന അനൂപ് ചന്ദ്രന്റെ ആരോപണത്തോട് യോജിപ്പുണ്ടെന്നും മല്ലിക അഭിപ്രായപ്പെട്ടു. ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത്. കോടതി തെളിയിക്കട്ടേയെന്ന് പറഞ്ഞാല്‍ മതിയായിരുന്നല്ലോ. സിദ്ധിഖിനെതിരേ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം മാറി നില്‍ക്കുന്നുണ്ടല്ലോ, അതാണ് വേണ്ടത്. 'അമ്മ' എന്നത് ഒരു മാതൃക സംഘടനയായി നിലനില്‍ക്കണം. ബാബുരാജിന് വേണ്ടി നിയമം മാറ്റുമ്പോള്‍ സ്വഭാവികമായി ആളുകള്‍ക്ക് സംശയമുണ്ടാകുമെന്നും മല്ലിക സുകുമാരന്‍ പറയുന്നു. അമ്മ സംഘടനയ്ക്ക് ഒരു പുതിയ മുഖം വരുമെന്ന് ഉറപ്പിച്ച് പറയാനുള്ള ധൈര്യം എനിക്കില്ല. വരുമായിരിക്കാം, വരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. മമ്മൂട്ടിയേയോ മോഹന്‍ലാലിനെയോ ഈ സംഘടനയുടെ രക്ഷകര്‍ത്താക്കളായി കൊണ്ടുവരികയാണ് വേണ്ടത്. അവരുടെ പേരുണ്ടെങ്കില്‍ മാത്രമേ ഈ സംഘടന നിലനിന്ന് പോകുകയുള്ളൂവെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലും മമ്മൂട്ടിയും ഇല്ലാതെ അമ്മയെന്ന സംഘടനയില്‍ ഒന്നും നടക്കില്ല. ഇവരില്ലാതെ സ്‌പോണ്‍സര്‍മാരെ കിട്ടില്ല. അമ്മയുടെ ഫണ്ട് അവരെ സ്വാധീനിച്ചാണ് ഇരിക്കുന്നത്-മല്ലിക പറയുന്നു.

ആരോപണ വിധേയനായ നടന്‍ ബാബുരാജ് മാറിനില്‍ക്കേണ്ടതായിരുന്നുവെന്നാണ് 'അമ്മ'യുടെ മുന്‍ ഐസി കമ്മറ്റി അംഗം കൂടിയായ മാലാ പാര്‍വ്വതിയും പറയുന്നത്. മുന്‍കാലങ്ങളില്‍ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് തുടങ്ങി എല്ലാവരും ആരോപണം നേരിട്ടപ്പോള്‍ മാറി നിന്നിട്ടുണ്ട്. ബാബുരാജ് ആരോപണം നേരിട്ടപ്പോള്‍ മാറി നില്‍ക്കാത്തത് കൊണ്ടാണ് 'അമ്മ'യില്‍ നിന്ന് രാജി വയ്ക്കാന്‍ നടന്‍ മോഹന്‍ലാല്‍ തീരുമാനിച്ചതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും മാലാ പാര്‍വതി പറഞ്ഞു. ''ആരോപണം നേരിട്ടവര്‍ മത്സരിക്കുന്നത് ഉചിതമല്ല, അത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ അല്ല പറയുന്നത്, ഒരു മര്യാദയുടെ പേരില്‍ മാറിനില്‍ക്കേണ്ടതാണ്. താരസംഘടന 'അമ്മ' സമൂഹത്തിനിടയില്‍ ഇത്രയും ചര്‍ച്ച ആകുന്നത് അത് മാതൃകാപരമായിരിക്കണം എന്നുള്ളതുകൊണ്ടാണല്ലോ. ദിലീപിനെതിരെ ഉണ്ടായ വിഷയം തൊട്ട് ഓരോ വിഷയം വരുമ്പോഴും പൊതു സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ സംഘടനയ്ക്ക് മേല്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോ സമയത്ത് അതാതു കാലങ്ങളില്‍ പ്രശ്നമുള്ളവരെ മാറ്റി നിര്‍ത്തിയിട്ടുണ്ട്, എക്സിക്യൂട്ടീവ് അംഗമായിട്ടോ ഭാരവാഹിയായിട്ടോ ഉള്ളവരെ മാറ്റി നിര്‍ത്തണം എന്നുള്ളതാണെന്നും മാലാ പാര്‍വ്വതി പറയുന്നു.

ചരിത്രം ഓര്‍ത്തുനോക്കിയാല്‍ ദിലീപ്, വിജയ് ബാബു, സിദ്ദിഖ് എന്നിവര്‍ മാറിനിന്നു. സിദ്ദിഖ് മാറി നിന്നപ്പോഴാണ് ബാബുരാജിനെതിരെ ആരോപണം വന്നത്. ആ സമയത്ത് ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് സ്റ്റെപ് ഡൗണ്‍ ചെയ്യണം എന്ന്. പക്ഷേ അന്ന് അദ്ദേഹം അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാന്‍ തയാറാകാത്തതു കൊണ്ടാകണം മോഹന്‍ലാല്‍ രാജി വയ്ക്കാം എന്ന് പറഞ്ഞിട്ട് അഡ്‌ഹോക് കമ്മിറ്റിയിലോട്ടു പോയത്. അതിനു ശേഷം വീണ്ടും ഒരു ഇലക്ഷന്‍ വരുന്ന സമയത്ത് 'അമ്മ'യുടെ ഭരണ സമിതിയെയും സംഘടനയെയും പ്രതിസന്ധിയിലാക്കാതിരിക്കാനുള്ള ഒരു മാതൃക ബാബുരാജ് കാണിക്കണമായിരുന്നു. അദ്ദേഹം നല്ല സംഘാടകന്‍ ആണ് മറ്റു പല കഴിവുകളും ഉണ്ട്. എനിക്ക് വ്യക്തിപരമായി തന്നെ ഒരു വിഷയം വന്നപ്പോള്‍ എന്നെ വളരെയധികം പിന്തുണച്ച വ്യക്തിയാണ് അദ്ദേഹം. ചില ഗുണങ്ങളൊക്കെ അദ്ദേഹത്തിനുണ്ട്. പക്ഷേ ഇങ്ങനെ ഒരു ആരോപണം നിലനില്‍ക്കുന്ന സമയത്ത് 'അമ്മ' എന്ന സംഘടനയെ പ്രതിസന്ധിയിലാക്കാതെ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം-മാലാ പാര്‍വ്വതി പറയുന്നു.

അനൂപ് ചന്ദ്രനും ബാബു രാജിന് എതിരാണ്. നടിമാര്‍ക്കെതിരെയും അനൂപ് ചന്ദ്രന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അന്‍സിബയടക്കമുള്ള സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നത് ബാബുരാജിന്റെ സില്‍ബന്തിയായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. കുക്കു പരമേശ്വരന്‍, ശ്വേതാ മേനോന്‍, അനന്യ, സരയൂ തുടങ്ങിയവരെ അപഹസിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും അനൂപ് പറയുകയുണ്ടായി. എന്നാല്‍ സൂപ്പര്‍താര ഇതര വോട്ടുകള്‍ താരസംഘടനയില്‍ ധാരാളമുണ്ട്. ഇതെല്ലാം അനുകൂലമാക്കി ജയിക്കുകയാണ് ബാബുരാജിന്റെ ലക്ഷ്യം.