കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉണ്ടായ കോളിളക്കത്തില്‍ പൊതുജനങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിലടക്കം അമ്മയില്‍ കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നതായി സൂചന. മറ്റ് അംഗങ്ങളുടെ വിയോജിപ്പ് മാനിക്കാതെയാണ് ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖ് വാര്‍ത്താസമ്മേളനം നടത്തിയതെന്നാണ് ആക്ഷേപം. സിദ്ധിഖിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വൈസ് പ്രസിഡന്റ് ജഗദീഷ് തിരുവനന്തപുരത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്ന് തിരുത്തി പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. ഡബ്ല്യുസിസിയെ കൂടി പരിഗണിച്ചുകൊണ്ടുള്ള ജഗദീഷിന്റെ വ്യക്തമായ നിലപാടിന് കൂടുതല്‍ പൊതുസ്വീകാര്യത കിട്ടുകയും ചെയ്തു. സംഘടനയിലാകട്ടെ യുവതാരങ്ങള്‍ ഭൂരിഭാഗവും ജഗദീഷിന് ഒപ്പമായിരുന്നു.

നടീനടന്മാര്‍ അമ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രണ്ടുപക്ഷമായി തിരിഞ്ഞ് ഈ വിഷയത്തില്‍ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഹേമ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവര്‍ക്കൊപ്പം അമ്മ നിന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിട്ടും ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാന്‍ നടന്‍ ബാബുരാജ് തയ്യാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. ഭരണസമിതിക്ക് കീഴില്‍ തുടരാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന വനിതാ അംഗങ്ങള്‍ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിക്കുകയായിരുന്നു.

ഇതോടെയാണ് മോഹന്‍ലാല്‍ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്. ഇന്ന് നടന്ന ചര്‍ച്ചയില്‍ ജഗദീഷിനൊപ്പം പൃഥിരാജടക്കം യുവതാരങ്ങളും നടികളും നിലപാടെടുത്തു നിന്നു. ഇവര്‍ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന് നിലപാടെടുത്തതോടെയാണ് അമ്മ അധ്യക്ഷന്‍ രാജി പ്രഖ്യാപനം നടത്തിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രാജിപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞ് മോഹന്‍ലാല്‍ വികാരാധീനനായി. പുതിയ ഭരണസമിതി വൈകരുതെന്ന് യുവതാരങ്ങള്‍ ആവശ്യപ്പെട്ടു.

'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും', രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അഡ്‌ഹോക് കമ്മിറ്റി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും.

നടി രേവതി സമ്പത്ത് ഉയര്‍ത്തിയ പീഡന ആരോപണത്തെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവച്ചത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. ജോയിന്റ് സെക്രട്ടറിയായ നടന്‍ ബാബു രാജിന് നേര്‍ക്കും ലൈംഗിക പീഡന ആരോപണം ഉയര്‍ന്നു. കൂടാതെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, റിയാസ് ഖാന്‍ എന്നിവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അമ്മ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്.