കൊച്ചി:സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി. സംഘടനയുടെ ഭരണസമതി പിരിച്ചുവിട്ടു. മോഹന്‍ലാല്‍ അടക്കം മുഴുവന്‍ ഭരണസമതി അംഗങ്ങളും രാജിവെച്ചു. താരങ്ങളുടെ കൂട്ടരാജിയോടെ താരസംഘടനയില്‍ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തിലാണ് സംഘടനയുടെ ഭരണസമതി പിരിച്ചുവിട്ടു കൊണ്ട് തീരുമാനം എടുത്തത്. സംഘടനടുടെ ഭരണ സമതി അംഗങ്ങള്‍ക്കെതിരെ പീഡന ആരോപണം ഉയര്‍ന്നതോടെ സംഘടനയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. ഇതോടെയാണ് സംഘടനയുടെ ഭരണത്തലപ്പത്തു നിന്നും കൂട്ടരാജി ഉണ്ടായിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴി ചേര്‍ന്ന യോഗത്തിന് ശേഷംവാര്‍ത്താ കുറിപ്പിലാണ് ഭരണസമതി പിരിച്ചുവിട്ട കാര്യം അറിയിക്കുന്നത്. 'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും.

'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. 'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും'. രാജിവെച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നതിങ്ങനെ.

17 എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. അഡ്‌ഹോക് കമ്മിറ്റി ഉടന്‍ നിലവില്‍ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.

ആരോപണ വിധേയരില്‍ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയര്‍ന്നു. മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. എക്‌സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. എക്‌സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയും ശക്തമായിരുന്നുയ

എന്നാല്‍ സിദ്ദിഖ് കാണിച്ചത് മാതൃകയാക്കണമെന്നാണ് പൊതുവിലെ ആവശ്യം. ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇത് മാതൃകാപരമായ നിലപാടാണെന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയത് മാന്യമായ സമീപനം, ആരോപണമുന്നയിച്ച നടിക്കെതിരെ നിയമനടപടി സ്വീകരിച്ചതും മാതൃകാപരമാണെന്നും ചിലര്‍ വിലയിരുത്തിയിരുന്നു. ഇതിനൊന്നും നില്‍ക്കാതെയാണ് ഇപ്പോള്‍ സംഘടനയുടെ തലപ്പത്തു നിന്നും എല്ലാവരും രാജിവെച്ചിരിക്കുന്നത്.