കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ ഏറെ നാളായി തുടര്‍ന്നുവന്ന മെമ്മറി കാര്‍ഡ് വിവാദത്തില്‍ നടി കുക്കു പരമേശ്വരന് ക്ലീന്‍ ചിറ്റ്. വിഷയത്തില്‍ അന്വേഷണം നടത്തിയ അഞ്ചംഗ സമിതി കുക്കു പരമേശ്വരന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

ഹേമ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്‍പ് സിനിമാമേഖലയിലെ സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ദുരനുഭവങ്ങള്‍ പങ്കുവെച്ചതിന്റെ റെക്കോര്‍ഡിംഗുകള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈവശമുണ്ടെന്നും അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രധാന ആരോപണം.

ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തിയ സമിതി കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെ 11 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. മെമ്മറി കാര്‍ഡ് താന്‍ പണ്ട് കെ.പി.എ.സി ലളിതയെ ഏല്‍പ്പിച്ചിരുന്നുവെന്നും പിന്നീട് അതിന് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നുമുള്ള കുക്കു പരമേശ്വരന്റെ വാദം മറ്റ് സാക്ഷിമൊഴികളും മിനിറ്റ്‌സിലെ രേഖകളും പരിശോധിച്ച ശേഷം സമിതി അംഗീകരിക്കുകയായിരുന്നു. നിലവില്‍ അത്തരമൊരു മെമ്മറി കാര്‍ഡ് ആരുടെയും പക്കലുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സംഘടന അറിയിച്ചു.

മെമ്മറി കാര്‍ഡിലെ വിവരങ്ങള്‍ അതില്‍ പങ്കെടുത്തവര്‍ തന്നെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സമിതി എത്തിയിരിക്കുന്നത്. വിവരങ്ങള്‍ ആരും മോഷ്ടിച്ചതാകാന്‍ സാധ്യതയില്ലെന്നും സമിതി വിലയിരുത്തി.

അന്വേഷണ റിപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിച്ച ശേഷം ശ്വേതാ മേനോന്‍ മാധ്യമങ്ങളെ കണ്ടു. മൊഴി നല്‍കിയവര്‍ ഒപ്പിട്ട രേഖകള്‍ ഉള്‍പ്പെടെ 35 പേജുള്ള റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറിലാണ് സൂക്ഷിച്ചിരിക്കുന്നത്. 'അമ്മ'യിലെ ഏത് അംഗത്തിനും ഓഫീസിലെത്തി റിപ്പോര്‍ട്ട് പരിശോധിക്കാമെന്നും, ഈ റിപ്പോര്‍ട്ട് വരാനിരിക്കുന്ന ജനറല്‍ ബോഡി യോഗത്തിലും അവതരിപ്പിക്കുമെന്നും ശ്വേതാ മേനോന്‍ അറിയിച്ചു. സംഘടനയുടെ തലത്തിലുള്ള അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍, ഈ റിപ്പോര്‍ട്ടില്‍ തൃപ്തരല്ലാത്ത പരാതിക്കാര്‍ക്ക് കോടതിയെ സമീപിക്കാനോ നിയമനടപടികളുമായി മുന്നോട്ട് പോകാനോ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.