കൊച്ചി: താര സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന നിലപാടില്‍ നടന്‍ മോഹന്‍ലാല്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റി വച്ചു. മോഹന്‍ലാലിന്റെ അടുത്ത ബന്ധു ചികില്‍സയിലാണെന്നും അതുകൊണ്ട് മാറ്റുന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ താന്‍ ഇനി സംഘടനയെ നയിക്കാനില്ലെന്ന നിലപാട് മോഹന്‍ലാല്‍ തുടരുകയാണ്. അനുരജ്ഞന നീക്കവും സജീവം. ഈ സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് യോഗം മാറ്റുന്നതെന്നാണ് സൂചന. ജഗദീഷിന്റെ ഉറച്ച നിലപാടുകലും മോഹന്‍ലാലിനെ വെട്ടിലാക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതല്‍ നടന്മാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവാദങ്ങള്‍ ഉയരുകയാണ്. ഈ സാഹചര്യം അമ്മയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

മോഹന്‍ലാല്‍ ഒഴിഞ്ഞാല്‍ ആരാകണം അടുത്ത പ്രസിഡന്റ് എന്ന ചര്‍ച്ച പോലും സജീവമാണ്. ഡബ്ല്യൂസിസിയ്ക്ക് ഇപ്പോള്‍ അമ്മയില്‍ സ്വാധീനം കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരെ പിന്തുണയ്ക്കുന്നവര്‍ തിരഞ്ഞെടുപ്പിലൂടെ താക്കോല്‍ സ്ഥാനത്ത് എത്താനും സാധ്യത ഏറെയാണ്. ഇതുകൊണ്ടാണ് മോഹന്‍ലാലിനെ അനുനയിപ്പിച്ച് സംഘടനാ തലപ്പത്ത് നിര്‍ത്താനുള്ള ശ്രമം. മമ്മൂട്ടിയായിരുന്നു അടുത്ത കാലത്ത് മോഹന്‍ലാലിനെ സംഘടനയുമായി ചേര്‍ത്ത് നിര്‍ത്തിയത്. ഇപ്പോള്‍ മമ്മൂട്ടിയും അമ്മയില്‍ താല്‍പ്പര്യം കാട്ടുന്നില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണങ്ങള്‍ നേരിടുന്ന താരസംഘടനയായ അമ്മയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി പുതിയ പരാതികള്‍ വരുന്നുണ്ട്. ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ രാജിയിലേക്ക് നയിച്ച ലൈംഗികാതിക്രമ പരാതിയില്‍ അമ്മ നേതൃത്വത്തിന്റെ നിലപാടുകളെ തുറന്നെതിര്‍ത്ത് ഭാരവാഹികള്‍ തന്നെ രംഗത്തുവരുകയാണ്. ഭാരവാഹികള്‍ തന്നെ സംഘടനയുടെ നിലപാടുകള്‍ക്കും നേതൃത്വത്തിനുമെതിരേ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന സാഹചര്യത്തില്‍ അമ്മ എക്സിക്യുട്ടീവ് യോഗം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. ഇതിനൊപ്പമാണ് മോഹന്‍ലാലിന്റെ രാജി സൂചനകളും. ഇതുകൊണ്ടാണ് യോഗം മാറ്റുന്നത്.

വൈസ് പ്രസിഡന്റുമാരായ ജഗദീഷ്, ജയന്‍ ചേര്‍ത്തല, എക്സിക്യുട്ടീവ് അംഗങ്ങളായ ജോയി മാത്യു, ടൊവിനോ തോമസ്, അന്‍സിബ ഹസന്‍ തുടങ്ങിയവര്‍ ശക്തമായ ആരോപണങ്ങളാണ് സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ അതിക്രമങ്ങള്‍ക്കെതിരേ ഉന്നയിച്ചത്. ആരോപണം നേരിടുന്നവര്‍ക്കെതിരേയാണ് ഭാരവാഹികള്‍ നിലപാട് വ്യക്തമാക്കിയതെങ്കിലും ഫലത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ സംഘടന സ്വീകരിച്ചുവരുന്ന നിലപാടുകളെ കൂടെയാണ് പ്രതിക്കൂട്ടിലാക്കുന്നത്.

വൈസ് പ്രസിഡന്റായ ജയന്‍ ചേര്‍ത്തലയാണ് ആദ്യ വെടി പൊട്ടിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അമ്മയുടെ പ്രതികരണം വൈകിയെന്നും അത് സംശയങ്ങള്‍ക്ക് ഇടവരുത്തിയതായും ജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമ്മയുടെ മൗനം സംഘടനയെ മൊത്തം സംശയമുനയിലാക്കുമെന്നും ജയന്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജയന്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ ഉച്ചകഴിഞ്ഞാണ് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാര്‍ത്താസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്. അന്ന് തന്നെയാണ് നടന്‍ ജഗദീഷും പ്രതികരിച്ചത്.

നടിയുടെ പരാതിയില്‍ കേസെടുത്താല്‍ അതിനെ നേരിടേണ്ടത് സിദ്ദിഖാണെന്നും സംഘടനയെന്ന നിലയില്‍ അമ്മ കേസിന് പിന്തുണ നല്‍കേണ്ടതില്ലെന്നും ജഗദീഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടിക്ക് നീതി കിട്ടണമെന്നും ജഗദീഷ് പറഞ്ഞു. പിന്നാലെ സിദ്ദിഖിന്റെ രാജി എത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ലെന്നായിരുന്നു നടി അന്‍സിബാ ഹസന്റെ പ്രതികരണം. അതിവേഗ കോടതികളിലൂടെ ഇത്തരം പരാതികള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തുവരും.

ആരെയും പേടിക്കാതെ പരാതികളുന്നയിക്കാന്‍ സിനിമാ രംഗത്തടക്കമുള്ള സ്ത്രീകള്‍ക്ക് കഴിയണം. അതിനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരും സംഘടനകളും ചെയ്യേണ്ടതെന്നും അന്‍സിബ പറഞ്ഞു. നിലവില്‍ അമ്മയുടെ ഭാരവാഹികളല്ലാത്ത നടി ശ്വേതാ മേനോന്‍, നടന്‍ അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സിദ്ദിഖിനെതിരായ ആരോപണത്തിലും പ്രതികരിച്ചിരുന്നു. ഇതെല്ലാം അമ്മയിലെ അംഗങ്ങളേയും സ്വാധീനിച്ചിട്ടുണ്ട്.