- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ദിലീപിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചവരില്‍ മന്ത്രി ഗണേഷ്‌കുമാറും മുകേഷ് എം.എല്‍.എയും; താരസംഘടനയിലെ പ്രമുഖര്‍ അന്ന് സ്വീകരിച്ചത് വേട്ടക്കാരനെയും ഇരയെയും ചേര്‍ത്തുപിടിച്ച വിചിത്ര നിലപാട്; വിവാദ കാലത്ത് ആ പഴയ വാര്‍ത്താസമ്മേളനം ഇങ്ങനെ
അന്ന് ദിലീപിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചവരില്‍ മന്ത്രി ഗണേഷ്‌കുമാറും മുകേഷ് എം.എല്‍.എയും
കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും ചെയ്ത കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനിരിക്കെ, 'അമ്മ' നേതാക്കള്‍ എടുത്ത നിലപാട് വീണ്ടും ചര്‍ച്ചയാകുന്നു. 2017 ജൂണ്‍ 29ന് താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ബോഡി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ക്ഷുഭിതരായാണ് 'അമ്മ' നേതാക്കള്‍ കൂടിയായ നിലവിലെ ഗതാഗതമന്ത്രി ഗണേഷ്‌കുമാറും എം.എല്‍.എ മുകേഷും പ്രതികരിച്ചത്. ഇരുവരും അന്നത്തെ ഭരണകക്ഷി എം.എല്‍.എമാര്‍ കൂടിയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ജനറല്‍ബോഡി യോഗത്തിന് ശേഷമായിരുന്നു വാര്‍ത്താസമ്മേളനം. അന്ന് ഏറെ വിവാദമായിരുന്നു ആ വാര്‍ത്താസമ്മേളനം. അമ്മ പ്രസിഡന്റ് ഇന്നസെന്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്തസമ്മേളനം അവസാനിപ്പിക്കാനൊരുങ്ങവെ നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആരംഭിച്ചു. വിഷയം അംഗങ്ങളാരും യോഗത്തില്‍ ഉന്നയിച്ചില്ലെന്നും അതിനാല്‍ ചര്‍ച്ചയായില്ലെന്നും ഇന്നസെന്റ് വിശദീകരിച്ചെങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ മറുപടിയുമായി ഒരേസമയം മുകേഷും ഗണേഷ്‌കുമാറും ദേവനും എഴുന്നേറ്റു.
ദിലീപുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഏറെ രൂക്ഷമായാണ് മുകേഷ് പ്രതികരിച്ചത്. പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്ന് മുകേഷ് കുറ്റപ്പെടുത്തി. ഒറ്റപ്പെടുത്തിയെങ്കില്‍ എങ്ങനെയാണ് ദിലീപ് ഇവിടെ ഇരിക്കുന്നതെന്നും ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്നും മുകേഷ് പറഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടോയെന്നും താരത്തിനെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നുമുള്ള ചോദ്യമാണ് മുകേഷിനെ ചൊടിപ്പിച്ചത്. എന്താണ് നടന്നതെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. ക്ഷമയുടെ അവസാനത്തിലാണ് തങ്ങളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈചൂണ്ടി പറഞ്ഞു. ഇതോടെ ബഹളമായി.
ഇതിനിടെ, എല്ലാവര്‍ക്കും നാലുമണിക്ക് മറ്റൊരു പരിപാടിക്ക് പോകാനുള്ളതിനാല്‍ ചായകുടിച്ച് പിരിയാമെന്ന് മണിയന്‍പിള്ള രാജു മൈക്കിലൂടെ അറിയിച്ചതോടെ ചായ കുടിക്കാനല്ല തങ്ങള്‍ വന്നതെന്നും കാര്യങ്ങള്‍ വിശദീകരിക്കാനല്ലെങ്കില്‍ എന്തിനാണ് വാര്‍ത്തസമ്മേളനം വിളിച്ചതെന്നുമായി മാധ്യമപ്രവര്‍ത്തകര്‍. തുടര്‍ന്ന് സംസാരിച്ചത് ഗണേഷ്‌കുമാറാണ്.
'വിഷയത്തില്‍ സംഘടന ഒറ്റക്കെട്ടാണ്. ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലാന്‍ ശ്രമിച്ചാല്‍ നടക്കില്ല. ദിലീപും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ മക്കളാണ്. അവരെ സംരക്ഷിക്കുകതന്നെ ചെയ്യും. നിങ്ങള്‍ എത്ര തലകുത്തി മറിഞ്ഞാലും അവരെ വേട്ടയാടാന്‍ വിട്ടുതരില്ല' -എന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞപ്പോള്‍ സദസ്സിലിരുന്ന താരങ്ങള്‍ കരഘോഷം മുഴക്കി. ദിലീപിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് ദേവനും പ്രതികരിച്ചു.




