കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചതോടെ ജഗദീഷിനെ ആ സ്ഥാനത്ത് എത്തി കാണാനായിരുന്നു ഒരു വിഭാഗം ആഗ്രഹിച്ചത്. എന്നാല്‍ ജോയിന്റെ സെക്രട്ടറിയായ ബാബുരാജിലേക്കാണ് പദവി താല്‍കാലികമായി എത്തിയത്. സംഘടനയുടെ ബൈലോ പ്രകാരം എക്‌സിക്യൂട്ടീവ് അംഗത്തിന് മാത്രമേ പിന്നേയും ജനറല്‍ സെക്രട്ടറിയായി ഈ ഭരണസമിതിയില്‍ എത്താന്‍ കഴിയുമായിരുന്നുള്ളൂ. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറ്റുന്ന വനിതകളും എക്‌സിക്യൂട്ടീവില്‍ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ബാബുരാജിനെ വെട്ടിലാക്കി പീഡനാരോപണം എത്തിയത്. ഈ പീഡന പരാതിയില്‍ എസ് പി ശശിധരന്റെ സ്ഥിരീകരണം കൂടി എത്തിയതോടെ വെല്ലുവിളി കൂടി. അമ്മയുടെ താക്കോല്‍ സ്ഥാനത്ത് ജഗദീഷ് തന്നെ വേണമെന്ന ചിലരുടെ ആഗ്രഹ പ്രതിഫലനം കൂടിയാണ് അമ്മയിലെ കൂട്ടരാജി. ഇതോടെ ഭാവിയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏത് പദവിയില്‍ വേണമെങ്കിലും എത്താന്‍ ജഗദീഷിന് കഴിയും.

എന്നാല്‍ അമ്മയുടെ പ്രസിഡന്റായി യുവ താരങ്ങളില്‍ പ്രമുഖര്‍ എത്താന്‍ സാധ്യതയുണ്ട്. ഇത്തവണ പോലും അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പൃഥ്വിരാജിനേയും കുഞ്ചാക്കോ ബോബനേയും ഉയര്‍ത്തി കാട്ടിയ വ്യക്തിയാണ് ജഗദീഷ്. ഇവരിലൊരാള്‍ താക്കോല്‍ സ്ഥാനത്ത് വരാന്‍ തയ്യാറായാല്‍ ജഗദീഷ് മാറിനില്‍ക്കും. ജനറല്‍ സെക്രട്ടറിയായി ഡബ്ല്യുസിസി പിന്തുണയുള്ള യുവതികളെ കൂടി പരിഗണിക്കും. വിശാല ചര്‍ച്ചകള്‍ക്ക് ശേഷമേ ജഗദീഷ് അമ്മയിലെ ഭാവി ഭാരവാഹിത്വത്തില്‍ തീരുമാനം എടുക്കൂ. മമ്മൂട്ടിയും മോഹന്‍ലാലും ഇനി ഒരു ചര്‍ച്ചയിലും ഭാഗഭാക്കാകില്ല. പൃഥ്വി രാജ് അടക്കം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്തവണ മോഹന്‍ലാല്‍ അമ്മയിലേക്ക് ചുമതലയുമായി എത്തിയത്. എന്നിട്ടും വേണ്ട പിന്തുണ ആരും പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയില്ലെന്ന് മോഹന്‍ലാല്‍ ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു. നടി ഉര്‍വ്വശിയുടെ നിലപാടും നിര്‍ണ്ണായകമായി. ഭാവിയില്‍ അമ്മയെ നയിക്കാന്‍ ഉര്‍വ്വശി എത്താനും സാധ്യത ഏറെയാണ്.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടന്‍ പൃഥ്വിരാജ് മുന്നോട്ടു വച്ച 'വനിത നേതൃത്വം' എന്ന ആശയവും അമ്മയ്ക്ക് ഇപ്പോള്‍ പ്രയോഗിക്കാവുന്ന ഒന്നാണ്. സംഘടനയുടെ തലപ്പത്ത് ഈ സമയത്ത് വനിതാ നേതൃത്വം വരുന്നത് കൂടുതല്‍ ഗുണം ചെയ്തേക്കും. കൂടാതെ ടൊവിനോ തോമസ് മുന്നോട്ടുവച്ച തലമുറ മാറ്റമെന്ന ആശയവും ചര്‍ച്ചയാണ്. ഇതിലേക്ക് എല്ലാം കാര്യങ്ങളെത്തിച്ചത് ജഗദീഷിന്റെ നിലപാടുകളാണ്. അതുകൊണ്ട് തന്നെ അടുത്ത ഭരണ സമിതിയില്‍ ജഗദീഷിന്റെ റോള്‍ അതിനിര്‍ണ്ണായകമായും. രണ്ടു മാസം കഴിഞ്ഞുള്ള അമ്മ തിരഞ്ഞെടുപ്പില്‍ പൊരിഞ്ഞ മത്സരത്തിന് സാധ്യത ഏറെയാണ്. എല്ലാ സ്ഥാനങ്ങളിലേക്കും മത്സര സാധ്യതയാണ് തെളിയുന്നത്. ജഗദീഷിന്റെ നേതൃത്വത്തിലെ കൊട്ടാര വിപ്ലവമാണ് ഇവിടെ ഇപ്പോള്‍ ജയിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് താരസംഘടനയായ അമ്മയില്‍ കൂട്ടരാജി ഉണ്ടാകുന്നത്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവയ്ക്കുകയും അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തതിന് പിന്നില്‍ പുതിയ നേതൃത്വം വരട്ടേ എന്ന ലാലിന്റെ നിര്‍ദ്ദേശത്തിന് പ്രസക്തി കിട്ടുകയും ചെയ്തു. ഇന്ന് ചേര്‍ന്ന് ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു തീരുമാനം.താല്‍ക്കാലിക ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക് നല്‍കി. തലപ്പത്തിരിക്കുന്ന താരങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അമ്മയുടെ നിലപാട് എന്താകുമെന്നാണ് എല്ലാവരും കാത്തിരുന്നത്. ഇതിനിടെയാണ് കൂട്ടരാജി ഉണ്ടാകുന്നത്.

നടിയുടെ ലൈംഗിക ആരോപണങ്ങളില്‍ കുരുങ്ങി നടന്‍ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ സംഘടനയെ നയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്ന ബാബുരാജും കഴിഞ്ഞ ദിവസം ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങി. ഇതോടെ അമ്മയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം പ്രതിസന്ധിയിലായി. മുന്‍നിര താരങ്ങള്‍ വരെ അമ്മ നേതൃത്വത്തിനെതിരെ നിലപാടെടുത്തേക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വിരാജ് നടത്തിയ വാര്‍ത്താ സമ്മേളനം. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ അമ്മയ്ക്കെതിരെ നിലപാടെടുത്താല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടന്നേക്കും.