- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജനറല്‍ കോച്ചിലും കുഷ്യന്‍ സീറ്റ്... 36 രൂപയ്ക്ക് 50 കിലോമീറ്റര്‍! സാധാരണക്കാരുടെ'രാജധാനി'; ആര്‍എസി ടിക്കറ്റുകളില്ല; അടിമുടി ഹൈടെക്; അന്ത്യോദയ ട്രെയിനുകള്‍ക്ക് സമാനമായ പ്രത്യേക നിരക്ക് ഘടനയും; ഈ തീവണ്ടികള്‍ കേരളത്തിന് പുതു പ്രതീക്ഷ; റെയില്‍വേയുടെ പുത്തന്‍ വിപ്ലവം 'അമൃത് ഭാരത്' കേരളത്തില്‍ എത്തുമ്പോള്‍

തിരുവനന്തപുരം: സാധാരണക്കാരന്റെ യാത്രാദുരിതത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ടുള്ള റെയില്‍വേയുടെ പുത്തന്‍ വിപ്ലവം 'അമൃത് ഭാരത്' ട്രെയിനുകള്‍ക്ക് ഇനി കേരളത്തിലും. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് വെച്ച് നടത്തുന്ന ഫ്‌ലാഗ് ഓഫിലൂടെ ദക്ഷിണേന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കാണ് കുറഞ്ഞ ചെലവില്‍ ഹൈടെക് യാത്രയൊരുങ്ങുന്നത്. വന്ദേ ഭാരതിന് പിന്നാലെ സാധാരണക്കാര്‍ക്കായി റെയില്‍വേ ഒരുക്കിയ ഈ പ്രത്യേക സര്‍വീസുകള്‍ ടിക്കറ്റ് നിരക്കിലും സൗകര്യങ്ങളിലും വന്‍ ഞെട്ടലാണ് നല്‍കുന്നത്.
അമൃത് ഭാരത് ട്രെയിനുകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ നിരക്ക് തന്നെയാണ്. ജനറല്‍ കോച്ചില്‍ വെറും 36 രൂപയ്ക്ക് 50 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. സ്ലീപ്പര്‍ ക്ലാസില്‍ 200 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് അടിസ്ഥാന ടിക്കറ്റ് നിരക്ക് 149 രൂപ മാത്രമാണ്. എന്നാല്‍ ഒരു പ്രധാന കാര്യം ശ്രദ്ധിക്കാനുള്ളത്, ഈ ട്രെയിനുകളില്‍ ആര്‍എസി ടിക്കറ്റുകള്‍ ഉണ്ടായിരിക്കില്ല എന്നതാണ്. അന്ത്യോദയ ട്രെയിനുകള്‍ക്ക് സമാനമായ പ്രത്യേക നിരക്ക് ഘടനയാണ് ഇതിനും നിശ്ചയിച്ചിരിക്കുന്നത്.
സാധാരണ ട്രെയിനുകളില്‍ ജനറല്‍ കോച്ചിലെ യാതനകള്‍ അമൃത് ഭാരതില്‍ ഉണ്ടാവില്ല. ജനറല്‍ കോച്ചുകളിലും ആധുനിക രീതിയിലുള്ള കുഷ്യന്‍ സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 11 ജനറല്‍ കോച്ചുകളും 8 സ്ലീപ്പര്‍ കോച്ചുകളും അടക്കം 1740 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ സാധിക്കും. മികച്ച ഇന്റീരിയര്‍ ഡിസൈന്‍, സുരക്ഷയ്ക്കായി സിസിടിവി ക്യാമറകള്‍, അത്യാധുനിക അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇതിലുണ്ട്. മെച്ചപ്പെട്ട ശുചിമുറികളാണ് ഈ തീവണ്ടിയിലുള്ളത്.
തിരുവനന്തപുരത്ത് നിന്ന് മൂന്ന് സര്‍വീസുകള്‍
തലസ്ഥാന നഗരത്തെ ചെന്നൈ (താംബരം), ഹൈദരാബാദ് (ചെര്‍ലാപ്പള്ളി) എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിവാര സര്‍വീസുകള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. കൂടാതെ നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരം വഴി മംഗളൂരുവിലേക്കുള്ള സര്‍വീസും മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതിനൊപ്പം തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ സര്‍വീസും നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരത്ത് ബിജെപി നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ എത്തുന്ന പ്രധാനമന്ത്രിയുടെ ഈ 'റെയില്‍വേ സമ്മാനം' കേരള രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചയാവുകയാണ്.
സമയക്രമം ഇങ്ങനെ
മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിന് കഴിഞ്ഞദിവസം റെയില്‍വേ അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളില്‍ രാവിലെ 11.40-ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330)മംഗളൂരു ജങ്ഷനില്‍നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗര്‍കോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊര്‍ണൂര്‍ വഴിയാണ് യാത്ര.
താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളില്‍ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40-ന് പുറപ്പെട്ട് അന്നു രാത്രി 11.45-ന് താംബരത്തെത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗര്‍കോവില്‍ വഴിയാണ് യാത്ര.
ചര്‍ലപ്പള്ളി-തിരുവനന്തപുരം വണ്ടി(17041) ചര്‍ലപ്പള്ളിയില്‍നിന്ന് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് (17042)ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചര്‍ലപ്പള്ളിയിലെത്തും. കോട്ടയം, എറണാകുളം, ജോലാര്‍പേട്ട, ഗുണ്ടൂര്‍, നല്‍ഗൊണ്ട വഴിയാണ് യാത്ര.


