തിരുവനന്തപുരം: ബാലക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയതിന് കേസ് കൊടുത്ത പശ്ചാത്തലത്തില്‍ മുന്‍ ഭാര്യ അമൃത സുരേഷിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചുവെന്നായിരുന്നു അമൃതയുടെ പരാതി. മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഭാഗത്താണ് ബാല കൃത്രിമത്വം കാണിച്ചതെന്നും തന്റെ വ്യാജ ഒപ്പിട്ടുവെന്നും അമൃത പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ അമൃതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 'അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്' എന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണം. ഇതിനിടെ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചു അമൃത രംഗത്തുവന്നു. ഇന്‍ഷുറന്‍സ് തുക താന്‍ ചോദിച്ചിട്ടില്ലെന്നും പണം വേണമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അമൃത പറയുന്നു.

'ഇന്‍ഷുറന്‍സ് തുക ഞാന്‍ ചോദിച്ചിട്ടില്ല. ഈ കേസ് വ്യാജ രേഖയുണ്ടാക്കിയതിനാണ്. എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. പണം വേണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പി.ആര്‍.വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരേയുള്ള സൈബര്‍ ആക്രമണം നിര്‍ത്തുക.'-അമൃത വ്യക്തമാക്കുന്നു.

'ഈ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അതല്ലെങ്കില്‍ കേസ് നല്‍കേണ്ടി വരും. വസ്തുതകള്‍ തെറ്റായി ചിത്രീകരിച്ചതിന് ഉത്തരവാദികളായവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിന് പിന്നില്‍ ആരാണെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞാന്‍ സാമ്പത്തിക നേട്ടത്തിനായുള്ള വഴികള്‍ തേടുകയാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം.'-അമൃത വ്യക്തമാക്കുന്നു.

ഉടമ്പടി പ്രകാരമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക അടച്ചില്ലെന്നും വ്യാജ രേഖകള്‍ ചമച്ച് ഹൈക്കോടതിയെ തന്നെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും തന്റെ ഒപ്പ് വ്യാജമായി ഇട്ടുവെന്നുമാണ് അമൃത നേത്തൈ ആരോപിച്ചത്.

''കഴിഞ്ഞ കേസുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തു നിന്നും കുറച്ച് രേഖകള്‍ ഹൈക്കോടതിയില്‍ കൊടുത്തിരുന്നു. ആ രേഖകള്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒരു രേഖ മൊത്തം വേറെയാണ്. എന്റെ ഒപ്പ് അടക്കം വേറെയാണ്. ആ പേജില്‍ പറയുന്നത് മോളുടെ പേരിലുള്ള ഇന്‍ഷുറന്‍സിനെക്കുറിച്ചാണ്. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂവെന്ന് എഴുതിയിരിക്കുന്ന ഭാഗമാണത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ആ ഭാഗം മിസ്സിങ് ആണ്. ആ പേജ് മുഴുവന്‍ കൃത്രിമത്വം കാണിച്ചിരിക്കുന്നു.

രേഖ പരിശോധിച്ചപ്പോള്‍ ഇത് സംബന്ധിച്ച ഭാഗങ്ങള്‍ കാണാനില്ല. സംശയം തോന്നി ബാങ്കില്‍ വിളിച്ചു. അപ്പോഴാണ് ഇന്‍ഷുറന്‍സ് സറണ്ടര്‍ ചെയ്യുകയും അക്കൗണ്ടിലെ പണം പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തുവെന്ന് അറിയുന്നത്. 2022ലാണ് പൈസ എടുക്കുന്നത്. മകളായിരിക്കണം പണം പിന്‍വലിക്കേണ്ടതെന്ന് അതില്‍ വ്യക്തമായി എഴുതിയിരുന്നതാണ്. അതാണ് എടുത്തു കളഞ്ഞത്. മകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഞാനേയുള്ളൂ. നാളെ അവള്‍ എന്നോട് അത് എവിടെ എന്ന് ചോദിച്ചാല്‍ എനിക്കും പറയാന്‍ ഉത്തരമില്ല. നിയമപരമായി മുന്നോട്ട് പോയില്ലെങ്കില്‍ ലീഗല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് നിയമോപദേശം ലഭിച്ചതിനാലാണ് കേസുമായി പോകുന്നത്. കേസിന് ആഗ്രഹിച്ചിതല്ല. മകള്‍ക്ക് അവകാശപ്പെട്ടതാണ്. പാപ്പുവിന് ആകെ കിട്ടുന്ന പൈസയാണ്. അതെടുത്തു എന്ന് പറയുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്.


മകള്‍ക്ക് വലിയ പൈസയൊന്നും നീക്കിവെച്ചിട്ടില്ല. വിവാഹ മോചന ഉടമ്പടി പ്രകാരം ആകെ 15 ലക്ഷം രൂപയാണ് മുഴുവന്‍ ജീവിതകാലത്തേക്കുമായി നല്‍കിയത്. കൂടുതല്‍ പണമോ സ്വത്തോ ഇല്ല. കല്യാണം, പഠിത്തം എല്ലാത്തിനുമായി 15 ലക്ഷത്തിന്റെ എഫ് ഡിയും 1 ലക്ഷം വീതം 7 വര്‍ഷത്തേക്കുളള ഇന്‍ഷൂറന്‍സ് പോളിസിയുമാണ് ഉളളത്. ഇദ്ദേഹം പ്രീമിയം അടച്ച് റെസീപ്റ്റ് നമുക്ക് തരണം എന്നായിരുന്നു ഉടമ്പടി. എന്നാല്‍ അദ്ദേഹം പണം അടക്കാതിരുന്നിട്ടും ഞങ്ങള്‍ കേസിനൊന്നും പോയിട്ടില്ല. മകള്‍ക്ക് വലിയ സഹായം ചെയ്‌തെന്നൊക്കെ പറയുമെങ്കില്‍ ആകെ കൊടുത്തത് ഇന്‍ഷൂറന്‍സ് പോളിസിയിലെ ചെറിയ തുകയാണ്. അതും എടുത്തപ്പോഴാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പറയേണ്ടതായി വരികയാണ്. നമുക്ക് വേറെ നിവര്‍ത്തിയില്ല. ഇത്രയും നാള്‍ മോളെ മുന്നില്‍ നിര്‍ത്തി കഥകള്‍ ഉണ്ടാക്കുകയായിരുന്നു. അതില്‍ വരെ കാപട്യം ആയിരുന്നു...'' അമൃത പറയുന്നു.

അമൃതയുടെ പരാതിയില്‍ ബാലയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഈ മാസം ഏഴിനാണ് കടവന്ത്ര പൊലീസ് താരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. വഞ്ചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി മുന്നോട്ട് വന്നതിന് പിന്നാലെ പതിവ് പോലും അമൃത സുരേഷിനെതിരെ ഒരുവിഭാഗം വലിയ വിമര്‍ശനവും അധിക്ഷേപവുമാണ് നടത്തുന്നത്.