- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാമ്പ് കടിച്ചത് അറിഞ്ഞില്ല; മരണത്തിന് കീഴടങ്ങി എട്ടു വയസ്സുകാരി അസ്ബിയ: കുട്ടിയുടെ മരണം പാമ്പു കടിയേറ്റ ഉമ്മുമ്മയുമായി ആശുപത്രിയിലെത്തിയതിന് പിന്നാലെ
പാമ്പ് കടിച്ചത് അറിഞ്ഞില്ല; മരണത്തിന് കീഴടങ്ങി എട്ടു വയസ്സുകാരി അസ്ബിയ
പാലക്കാട്: പാമ്പു കടിയേറ്റ് എട്ടു വയസ്സുകാരിക്ക് ദാരുണ മരണം. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകളായ സന അസ്ബിയ ആണ് മരണത്തിന് കീഴടങ്ങിയത്. പാമ്പു കടിച്ചത് കുട്ടി അറിഞ്ഞിരുന്നിസ്സ. ഒപ്പം ഉറങ്ങിക്കിടന്ന കുട്ടിയുടെ ഉമ്മുമ്മ റഹ്‌മത്തിന് (45) പാമ്പു കടിയേറ്റിരുന്നു. ഇവരുമായി ആശുപത്രിയിലെത്തിയതിന് പിന്നാലെ കുഞ്ഞ് കുഴഞ്ഞ് വീഴുകയും മരണത്തിന് കീഴടങ്ങുകയും ആയിരുന്നു,
കുന്നങ്കാട്ടുപതി ഗവ. എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ ചിറ്റൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പ്രസംഗം, കയ്യെഴുത്തുമത്സരം എന്നീ ഇനങ്ങളില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ വേദിയില്‍ അവളുടെ സ്വരം മുഴങ്ങിയില്ല, കടലാസില്‍ അവളുടെ അക്ഷരഭംഗി പതിഞ്ഞില്ല. മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്വപ്‌നം കണ്ടുറങ്ങിയ കുരുന്ന് നേരം പുലരും മുമ്പ് മരണത്തിന് കീഴടങ്ങുക ആയിരുന്നു.
പുറമ്പോക്കിലെ ഷീറ്റിട്ട ഒറ്റമുറി വീട്ടില്‍ ഉമ്മൂമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന സന നേരംപുലരും മുന്‍പേ പാമ്പുകടിയേറ്റു മരിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് ഉമ്മൂമ്മ റഹ്‌മത്ത് പാമ്പുകടിയേറ്റ് ഉണര്‍ന്നത്. സമീപത്തുതന്നെ വാടകവീട്ടില്‍ താമസിക്കുന്ന മക്കളും അയല്‍ക്കാരും ഓടിക്കൂടി കെട്ടുവരിയന്‍ പാമ്പിനെ (വെള്ളിക്കെട്ടന്‍) പിടികൂടുകയും റഹ്‌മത്തിനെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
തനിക്കു കടിയേറ്റില്ലെന്നാണ് സന പറഞ്ഞത്. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം റഹ്‌മത്തിനെ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴും സന ഒപ്പമുണ്ടായിരുന്നു. രാത്രി രണ്ടരയോടെ സന തളര്‍ന്നുവീണപ്പോള്‍ നടത്തിയ പരിശോധനയിലാണ് അവള്‍ക്കും പാമ്പുകടിയേറ്റെന്നു സ്ഥിരീകരിക്കുന്നത്. ഉടന്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കബറടക്കം നടത്തി. സഹോദരി: അസ്മ തസ്ലിന്‍. മുന്‍പും ഈ വീട്ടില്‍ പാമ്പിനെ കണ്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.