- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കുമുള്ള സംഭാവന തല്‍ക്കാലം അന്വേഷിക്കില്ല; ആനന്ദ്കുമാറിനെ എത്രയും വേഗം പൊക്കാനും ശ്രമം; പരാതിക്കാര്‍ക്കു മുഴുവന്‍ പണം തിരിച്ചുനല്‍കണമെങ്കില്‍ 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തേണ്ടി വരും; ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ കമ്പനിയേയും പണം കൊടുക്കാതെ വഞ്ചിച്ചു; പാതിവില തട്ടിപ്പില്‍ ആനന്ദകുമാര്‍ മുഖ്യ ആസൂത്രകന്‍
തിരുവനന്തപുരം : പാതിവിലത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം അതിവേഗ അന്വേഷണം. എഡിജിപി എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. ഈ കേസുകളില്‍ ആകെ ഉള്‍പ്പെടുക ഏകദേശം 37 കോടി രൂപയാണ്. പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കുമുള്ള സംഭാവന തല്‍ക്കാലം അന്വേഷിക്കില്ലെന്നാണ് സൂചന. സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിലവില്‍ നാനൂറോളം കേസുകളാണുള്ളത്. ഇതെല്ലാം പ്രാഥമിക വിവരങ്ങള്‍ തയാറാക്കി ക്രൈംബ്രാഞ്ചിനു പതിയെ കൈമാറും. അനന്തുകൃഷ്ണനും ആനന്ദകുമാറുമാണു മുഖ്യ പ്രതികള്‍. ഓരോ ജില്ലയിലും പദ്ധതിക്കു കളമൊരുക്കിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പ്രതികളാകും. അതായത് എന്‍ജിഒ കോണ്‍ഫഡറേഷന്റെ എല്ലാ ഭാരവാഹികളും പ്രതിസന്ധിയിലാകും. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ ആനന്ദ് കുമാറാണെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം പ്രതികളിലും പണം കിട്ടാനുള്ള പരാതിക്കാരിലും ഒതുങ്ങും. അതേസമയം ഇടുക്കി, എറണാകുളം ജില്ലകളിലെ ഒട്ടേറെ നേതാക്കള്‍ക്ക് അനന്തു ലക്ഷങ്ങള്‍ സംഭാവനയായും ഫണ്ടായും നല്‍കിയിട്ടുണ്ട്. ഇതൊന്നും അന്വേഷിക്കില്ല. പാര്‍ട്ടി ഫണ്ടുകള്‍ തട്ടിപ്പിന്റെ ഭാഗമാക്കില്ല. ക്രൈംബ്രാഞ്ചിനു കൈമാറിയ കേസുകളില്‍ ഏഴെണ്ണത്തില്‍ ആനന്ദകുമാറും പ്രതിയാണ്. പരാതിക്കാര്‍ക്കു മുഴുവന്‍ പണം തിരിച്ചുനല്‍കണമെങ്കില്‍ 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തേണ്ടി വരുമെന്നാണു പൊലീസ് പറയുന്നത്. 2 കോടിയിലേറെ രൂപ കിട്ടാനുണ്ടെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വിതരണക്കമ്പനിയും അറിയിച്ചിട്ടുണ്ട്. അതായത് ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍ കമ്പനിയേയും ഇവര്‍ പറ്റിച്ചുവെന്ന് സാരം. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ അനന്തു കൃഷ്ണനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടു. ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.
കേരളത്തെ ഞെട്ടിച്ച 'പകുതി വിലക്ക് സ്‌കൂട്ടര്‍' എന്ന തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദ കുമാറെന്ന നിഗമനത്തിലാണ് പൊലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയില്‍ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ ചുമതലയില്‍ നിന്ന് ആനന്ദകുമാര്‍ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. ഇതിനിടെ, തട്ടിപ്പിന്റെ അ?ന്വേഷണത്തിന് കേന്ദ്ര ഏജന്‍സി വരുന്നു. ഇ.ഡി ഈ വിഷയത്തില്‍ ?പ്രാഥമിക വിലയിരുത്തല്‍ നടത്തിയതായാണ് സൂചന.
പകുതിവില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് എസ്പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് യൂണിറ്റ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, സെന്‍ട്രല്‍ യൂണിറ്റ്, സൈബര്‍ ഡിവിഷന്‍ എന്നിവയിലെ 72 ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിന് അംഗങ്ങളെ പ്രത്യേകം ചുമതലപ്പെടുത്തി. 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കണം. നിലവില്‍ കണ്ണൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷുകളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ രണ്ടായിരത്തിലേറെ പേരുടെ പരാതിയുണ്ട്. ഇവ പലതും ഒറ്റ പരാതിയായാണ് രജിസ്റ്റര്‍ ചെയ്തത്. വരുന്ന പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറാനാണ് പൊലീസിനുള്ള നിര്‍ദേശം.
അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതല്‍ കേസ് വരുന്നുണ്ട്. 918 പേരില്‍ നിന്ന് ആറുകോടി 32 ലക്ഷം തട്ടിയെന്ന പരാതിയില്‍ കോഴിക്കോട് ഫറോഖ് പൊലീസ് കേസെടുത്തു. ഇതിനിടെ, ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങള്‍ രംഗത്തെത്തി. കേരള ഗ്രാമ നിര്‍മാണ സമിതി സെക്രട്ടറി സുരേഷ് ബാബുവിന്റെ പരാതിയിലാണ് കോഴിക്കോട് ഫറോഖ് പൊലീസ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ആനന്ദകുമാറിനും അനന്തുകൃഷ്ണനുമെതിരെ കേസെടുത്തത്. 918 ആളുകളില്‍ നിന്ന് 6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. 918 ഗുണഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപും മറ്റു വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എന്‍ ആനന്ദകുമാറിനെ വിശ്വസിച്ചാണ് ഇടുക്കിയിലും വനിതകള്‍ സീഡ് സൊസൈറ്റികളില്‍ അംഗങ്ങളായത്. ഇടുക്കിയില്‍ നടന്ന യോഗങ്ങളിലെല്ലാം അനന്തുകൃഷ്ണനെ തന്റെ പിന്‍ഗാമിയെന്നാണ് ആനന്ദകുമാര്‍ വിശേഷിപ്പിച്ചിരുന്നത്.
പാതിവില തട്ടിപ്പിന്റെ തുടക്ക കാലങ്ങളില്‍ ഇടുക്കിയില്‍ നടന്ന പല യോഗങ്ങളിലും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാനായിരുന്ന കെ എന്‍ ആനന്ദ കുമാറും മുന്‍ വനിത കമ്മീഷന്‍ അംഗം ജെ പ്രമീള ദേവിയും പങ്കെടുത്തിരുന്നു. കട്ടപ്പന, ചെറുതോണി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നടന്ന യോഗങ്ങളിലാണ് ആനന്ദകുമാര്‍ പങ്കെടുത്തത്. ഇവരോടുള്ള വിശ്വാസമാണ് കൂടുതല്‍ പേരെ സീഡ് സൊസൈറ്റികളിലേക്ക് ആശ്രയിച്ചത്. കുടുംബശ്രീ ഭാരവാഹികള്‍ക്കൊപ്പം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന വനിതകളെയും തെരഞ്ഞു പിടിച്ചാണ് പഞ്ചായത്ത് തലത്തില്‍ കോര്‍ഡിനേറ്റര്‍മാരാക്കിയിരുന്നത്. ആനന്ദകുമാര്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് പലരും ഇപ്പോഴാണ് അറിയുന്നത്.
ഇടുക്കിയിലെ വണ്ടന്‍മേട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൂന്നു കോടിയുടെ തട്ടിപ്പില്‍ ആനന്ദകുമാറാണ് ഒന്നാം പ്രതി. അനന്ദു കൃഷ്ണന്‍, മുന്‍ കുമളി പഞ്ചായത്ത് പ്രസിഡന്റും സ്പിയാര്‍ഡ്‌സ് ചെയര്‍പേഴ്‌സണുമായ ഷീബ സുരേഷ്, എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് സുമ അനില്‍കുമാറുമാണ് മറ്റ് പ്രതികള്‍. കൂടുതല്‍ കേസുകളില്‍ ആനന്ദകുമാര്‍ പ്രതിയാകുമെന്നാണ് പൊലീസ് പറയുന്നത്.