- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹാഘോഷത്തിന്റെ അടുത്ത ഘട്ടം ബ്രിട്ടനില്‍; അംബാനി കല്യാണത്തിന്റെ അതിഥികളുടെ പട്ടികയില്‍ രാജകുടുംബവും
ലണ്ടന്‍: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്റെ വിവാഹം ആഡംബരത്തിന്റെ ഔന്നത്യമായിരുന്നു ലോകത്തിന് മുന്പില് പ്രദര്‍ശിപ്പിച്ചത്. 600 മില്യണ്‍ ഡോളര്‍ ചെലവിട്ട വിവാഹാഘോഷങ്ങളുടെ അടുത്ത ഘട്ടം ബ്രിട്ടനിലായിരിക്കും. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്, പത്നി കാരി, ഹാരി രാജകുമാരന്, മേഗന് മെര്‍ക്കല്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ദിവസത്തെ ആഡംബര ആഘോഷങ്ങളോടെ മുംബൈയില്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
ഇപ്പോള്‍ ആഘോഷങ്ങള്‍ ബ്രിട്ടനിലെത്തുമ്പോള്‍, അവിടെയും താരങ്ങളുടെ തിളക്കത്തിന് കുറവുണ്ടായിരിക്കില്ല എന്നണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ലോവിനടുത്തുള്ള സ്റ്റോക്ക് പാര്‍ക്ക് കണ്ട്രി ക്ലബ്ബായിരിക്കും ബ്രിട്ടനിലെ, അംബാനിമാരുടെ ഉത്സവവേദി.2021-ല്‍ 57 മില്യന്‍ പൗണ്ടിന് അംബാനി കുടുംബം വാങ്ങിയതാണ്, ചില ഇംഗ്ലീഷ് സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുള്ള ഈ ഹോട്ടല്‍.
ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോഴും വിവാദങ്ങള്‍ ഒഴിഞ്ഞു മാറുന്നില്ല എന്നൊരു വസ്തുത കൂടിയുണ്ട്. വരുന്ന സെപ്റ്റംബര്‍ വരെ അംബാനി കുടുംബം ഹോട്ടല്‍ പൂര്‍ണ്ണമായും ബുക്ക് ചെയ്തതോടെ ഗ്രേഡ് 2 ലിസ്റ്റ് ചെയ്ത ഗോള്‍ഫ് ക്ലബ്ബിലെ അംഗങ്ങളോടെ ഒഴിഞ്ഞു നില്ക്കാന് ആവശ്യപ്പെട്ടിരിക്കുകയാണ്., ആഘോഷങ്ങള്‍ക്ക് മുന്‍പുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ഇത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എസ്റ്റേറ്റിന്റെ ലീസ്ഹോള്ഡിലെ നിബന്ധനങ്ങള്‍ക്ക് വിധേയമായിട്ടാണോ ഈ പ്രവര്‍ത്തനങ്ങള്‍ എന്ന കാര്യത്തില്‍ ലോക്കല്‍ കൗണ്‍സിലുമായി ചില തര്‍ക്കങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട് എന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലീസ്ഹോള്‍ഡില്‍ വ്യക്തമായി പറയുന്നത് സ്ഥലം കമ്മേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണം എന്നാണ്, സ്വകാര്യ ആവശ്യങ്ങള്‍ക്കല്ല. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതെ, കുടുംബാംഗങ്ങള്‍ക്ക് മാത്രമായി പ്രവേശനം അനുവദിക്കുമ്പോള്‍ അത് സ്വകാര്യ ആവശ്യമായി മാറുന്നു എന്നാണ് വാദം.
മുംബൈയില്‍ നടന്ന ആഘോഷങ്ങളോളം പൊലിമ പക്ഷെ ബ്രിട്ടനിലെ ആഘോഷങ്ങള്‍ക്ക് ഉണ്ടാകില്ല. മുംബൈയില്‍ ചെലവാക്കിയതിനേക്കാള്‍ കുറവ് തുകയാണ് ഇവിടെ ചെലവാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആനന്ദ് അംബാനി - രാധിക മര്‍ച്ചന്റ് വിവാഹാഘോഷങ്ങള്‍ ഇനിയും രണ്ടു മാസക്കാലം കൂടി നീളും.