മുംബൈ: മാസങ്ങള്‍ നീണ്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കൊടുവില്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും വിവാഹിതരായി. മുംബൈ സമൂഹത്തിലെ പ്രമുഖരും, അന്താരാഷ്ട്രതലത്തിലെ വിവിഐപികളും പങ്കെടുത്ത സ്വപ്‌ന തുല്യമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്.

ഇരുവരും വരണമാല്യം ചാര്‍ത്തിയപ്പോള്‍ ചുറ്റും സുഹൃത്തുക്കളും, കുടുംബാംഗങ്ങളും നിറഞ്ഞ ചിരിയോടെ സാക്ഷ്യം വഹിച്ചു. അനന്തിന്റെ സഹോദരി ഇഷാ അംബാനി പിരാമലിനെയും, രാധികയുടെ സഹോദരി അഞ്ജലി മര്‍ച്ചന്റ് മജിദിയയെയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

ബി.കെ.സി. ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചാണ് വെള്ളിയാഴ്ച ആഡംബരവിവാഹം നടന്നത്. രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയില്‍ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകള്‍ രാത്രി വൈകുവോളം തുടര്‍ന്നു.

എല്ലാവര്‍ക്കും പ്രത്യേക വസ്ത്രധാരണ രീതിയുണ്ടായിരുന്നു. വിരുന്നിനു ബെംഗളൂരു ആസ്ഥാനമായ രാമേശ്വരം കഫേ ഉള്‍പ്പെടെയുള്ളവരാണ് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് ശുഭ് ആശിര്‍വാദ് ദിനം. മതപരമായ ചടങ്ങുകള്‍ക്കാണു പ്രാധാന്യം. ഹിന്ദു വിവാഹാചാര പ്രകാരമുള്ള ഈ ചടങ്ങുകള്‍ 27 നിലകളുള്ള ആന്റിലിയലാണു നടക്കുക. ചടങ്ങിന്റെ അവസാനത്തില്‍ ഇരു കുടുംബത്തിലെയും മുതിര്‍ന്നവരില്‍ നിന്നു നവദമ്പതികള്‍ അനുഗ്രഹം തേടും.

ചടങ്ങിനെത്തുന്ന നവദമ്പതികളെ റോസാ പുഷ്പങ്ങള്‍, അരി എന്നിവയെറിഞ്ഞ് ബന്ധുക്കള്‍ ആശിര്‍വദിക്കും. ഞായറാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങുകളോടെ ആഘോഷങ്ങള്‍ക്ക സമാപനമാകും. മംഗള്‍ ഉത്സവ് എന്ന ഈ ചടങ്ങില്‍ നവദമ്പതികളെ ആഘോഷപൂര്‍വം കുടുംബാംഗങ്ങള്‍ സ്വീകരിക്കും. ഈ ചടങ്ങും ആന്റിലിയയിലാണു നടക്കുക. അതിഥികള്‍ പ്രത്യക തരത്തിലുള്ള പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമാണു ധരിക്കേണ്ടത്.

കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളില്‍ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവര്‍ക്കൊപ്പം ഗായകരായ ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, ശ്രേയാ ഘോഷാല്‍, മാമെ ഖാന്‍, നീതി മോഹന്‍, കവിത സേത്ത് എന്നിവരും പരിപാടികള്‍ അവതരിപ്പിച്ചു.

അന്താരാഷ്ട്ര സംഗീതപ്രതിഭകളായ നാന്‍, രമ, ലൂയിസ് ഫോന്‍സി എന്നിവരും ചടങ്ങിനെത്തി. ചലച്ചിത്രരംഗത്തുനിന്നുള്ള അമിതാഭ് ബച്ചന്‍, രജനികാന്ത്, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, കരണ്‍ ജോഹര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അനില്‍ കപൂര്‍, മാധുരി ദീക്ഷിത്, വിദ്യാ ബാലന്‍ എന്നിവരെക്കൂടാതെ മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, തെന്നിന്ത്യന്‍ താരം രാം ചരണ്‍ എന്നിവരും വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു.

മൂന്നുദിവസം നീണ്ട വിവാഹാഘോഷപരിപാടികള്‍ മുന്‍നിര്‍ത്തി ജൂലായ് 12 മുതല്‍ 15 വരെ ട്രാഫിക് പോലീസ് മുംബൈയില്‍ ഗതാഗതനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്. ഡിസംബര്‍ 29ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. വടക്കന്‍ രാജസ്ഥാനിലെ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.

ജനുവരി 18ന് പരമ്പരാഗത മെഹന്ദി ചടങ്ങോടെ വിവാഹനിശ്ചയ പാര്‍ട്ടി. ഐശ്വര്യ റായ് ബച്ചന്‍, ദീപിക പദുകോണ്‍, രണ്‍വീര്‍ സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. മാര്‍ച്ച് 12ന് ജാംനഗറിലായിരുന്നു വിവാഹപൂര്‍വ ആഘോഷം. ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്സും പോപ് ഗായിക റിഹാന തുടങ്ങിയവരും സംബന്ധിച്ചു.