കൊച്ചി: അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളേയും കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനികരായ പ്രതികളെ 18 വര്‍ഷത്തിനു ശേഷം പിടികൂടുന്നതില്‍ നിര്‍ണായകമായത് സിബിഐയ്ക്ക് ലഭിച്ച രഹസ്യ വിവരമായിരുന്നു. ഇരട്ടക്കൊല കേസിലെ പ്രതികളും മുന്‍ സൈനികരുമായ ദിവില്‍ കുമാര്‍, രാജേഷ് എന്നിവരെ സിബിഐ ചെന്നൈ യൂണിറ്റിലെ അംഗങ്ങള്‍ പോണ്ടിച്ചേരിയില്‍നിന്നു പിടികൂടുകയായിരുന്നു. രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതക കേസില്‍ നിര്‍ണായ വിവരം നല്‍കിയത് കേരള പൊലീസായിരുന്നു.

മുഖ്യപ്രതി ദിബില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെ കണ്ടെത്തിയ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരം ചെന്നൈ സിബിഐ യൂണിറ്റിന് നല്‍കുകയായിരുന്നു. മുഖ്യപ്രതി ദിവില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പുള്ള ഫോട്ടോ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് രൂപ മാറ്റം വരുത്തി പരിശോധിച്ചു. ഇതിന് ഫേസ്ബുക്കില്‍ ഒരു വിവാഹ ഫോട്ടോയുമായി സാദൃശ്യമുണ്ടായി. വ്യാജ വിലാസത്തില്‍ വിഷ്ണു എന്ന പേരില്‍ പോണ്ടിച്ചേരിയില്‍ താമസിക്കുകയായിരുന്ന ദിവില്‍ കുമാറിനെ കണ്ടെത്താന്‍ ഈ വിവരം നിര്‍ണായകമായി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. ഈ വിവരം സിബിഐക്ക് കൈമാറുകയായിരുന്നു.

അതേ സമയം ഇരുവരുടെയും യഥാര്‍ഥ വ്യക്തിത്വത്തെ കുറിച്ച് അറിയാവുന്ന ആളുകളില്‍നിന്നു തന്നെയാണ് വിവരങ്ങള്‍ തങ്ങളിലേക്ക് എത്തിയതെന്ന് കേസ് അന്വേഷിച്ച സിബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഒളിവു ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു.

കൊലപാതകം നടത്തി ഒളിവില്‍ പോകുന്ന കാലം മുതല്‍ ദിവില്‍ കുമാര്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് ധാരണയുണ്ടായിരുന്നെന്നാണു കരുതുന്നതെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. വീട്ടുകാരുമായി പ്രതി ആശയവിനിമയവും നടത്തിയിരുന്നെന്നും സൂചനകളുണ്ട്. കേസന്വേഷണം എങ്ങും എത്തിയിരുന്നില്ലെങ്കിലും ഇരുവരെയും കുറിച്ചുള്ള അന്വേഷണം സിബിഐ അവസാനിപ്പിച്ചിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ നിന്നാണു പോണ്ടിച്ചേരിയില്‍ കുടുംബസ്ഥനായി കഴിയുന്ന വിഷ്ണുവിനെ കുറിച്ചുള്ള വിവരം സിബിഐ സംഘത്തിന് ലഭിക്കുന്നത്.

ഈ വിഷ്ണു തന്നെയാണ് ദിവില്‍ കുമാര്‍ എന്ന് സംശയം ഉയര്‍ന്നതോടെ സിബിഐ സംഘം നിരീക്ഷണം ആരംഭിച്ചു. ഒരാഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് ദിവില്‍ കുമാറിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ ദിവില്‍ കുമാറാണെന്ന് ഒരു വിധത്തിലും സമ്മതിക്കാന്‍ ഇയാള്‍ തയാറായില്ല. എന്നാല്‍ സമ്മര്‍ദ്ദങ്ങളും ചോദ്യം ചെയ്യലും ഏറിയതോടെ തങ്ങളുടെ യഥാര്‍ഥ വ്യക്തിത്വം ഇരുവര്‍ക്കും വെളിപ്പെടുത്തേണ്ടി വരികയായിരുന്നു.

പുതുച്ചേരിയില്‍ നടത്തിയിരുന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തെക്കുറിച്ചും എങ്ങനെയാണ് പുതുച്ചേരിയില്‍ എത്തപ്പെട്ടത് എന്നതിനെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുവരും പോണ്ടിച്ചേരിയില്‍ ഉണ്ട് എന്നതറിയാവുന്ന കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടാണ് ഇപ്പോഴെങ്കിലും പ്രതികളിലേക്ക് എത്താന്‍ സാധിച്ചത് എന്നും. വിഷ്ണു തന്നെയാണ് ദിവില്‍ കുമാര്‍ എന്നത് തെളിയിക്കാനുള്ള പരിശോധനകള്‍ ഇനി നടത്തേണ്ടതുണ്ട്.

ഒരു ഇന്ത്യന്‍ പൗരന്റെ അടിസ്ഥാനരേഖയായി കരുതിപ്പോരുന്ന ആധാര്‍കാര്‍ഡിന്റെ ആധികാരികതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ആദ്യം പ്രതികള്‍ നടത്തിയത്. പോണ്ടിച്ചേരിയില്‍ സ്വന്തമായി വിലാസമുണ്ടാക്കി, അവിടെനിന്നും ആധാര്‍കാര്‍ഡെടുത്തു. പോണ്ടിച്ചേരിയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. കാര്‍പെന്റര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സ്ഥാപനം നല്ലരീതിയില്‍ നടത്തിപ്പോന്നു. പ്രതികളില്‍ ഒരാള്‍ വിഷ്ണു എന്ന പേരിലാണ് സ്ഥാപന ഉടമയായി ബിസിനസ് നടത്തിയത്.

ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടാക്കിയ പ്രതികള്‍ ഇത്രയും കാലം നാട്ടിലേക്ക് ഒരിക്കല്‍ പോലും വന്നതായി വിവരമില്ല. പോണ്ടിച്ചേരിയില്‍ത്തന്നെ അധ്യാപികമാരായി ജോലി ചെയ്യുന്ന യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും കുട്ടികളുമായി. പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും ചെന്നൈ സി.ബി.ഐ ഓഫീസിലേക്ക് അജ്ഞാതമായൊരു സന്ദേശം ഇവരെക്കുറിച്ച് ലഭിച്ചതോടെയാണ് പ്രതികള്‍ നിരീക്ഷണത്തിലാവുന്നത്.

അഞ്ചല്‍ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ കേരള പോലീസ് പ്രതികളെ കണ്ടെത്തുന്നവര്‍ക്കായി 50000 രൂപ ഇനാം പ്രഖ്യാപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതികള്‍ക്കായി രാജ്യവ്യാപകമായ തിരച്ചില്‍ നടത്തി. പിന്നീട് ഇനാം തുക 2 ലക്ഷമാക്കി ഉയര്‍ത്തി നോക്കി. ദിബിലും രാജേഷും നിയമസംവിധാനങ്ങളെ കബളിപ്പിച്ച് കാണാമറയത്തുതന്നെ. പിന്നീട് കേസ് സിബി.ഐയ്ക്ക് വിടുകയായിരുന്നു. 2006-ല്‍ സംഭവം നടക്കുമ്പോള്‍ കേരളത്തിലെ ക്രൈം കേസുകളുടെ ചുമതല സി.ബി.ഐ ചെന്നൈ യൂണിറ്റിനായിരുന്നു. അതുകൊണ്ടാണ് പ്രതികളെത്തിരഞ്ഞ് ചെന്നൈ യൂണിറ്റ് തന്നെ പോണ്ടിച്ചേരിയിലെത്തിയത്.

2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെും അവരുടെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. അവിവാഹിതയായിരുന്ന രഞ്ജിനി ദിവില്‍ കുമാറില്‍ നിന്ന് ഗര്‍ഭിണിയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. എന്നാല്‍ പിത്യത്വം ഏറ്റെടുക്കാന്‍ ഇയാള്‍ തയാറായില്ല. രഞ്ജിനിയും കുടുംബവും നിയമവഴി തേടിയതോടെ സൈന്യത്തില്‍ നിന്ന് അവധിയെടുത്ത നാട്ടിലെത്തിയ ദിവില്‍ കുമാറും രാജേഷും രഞ്ജിനി താമസിച്ചിരുന്ന വാടകവീട്ടിലെത്തി അതിക്രൂരമായി മൂവരേയും കഴുത്തറത്ത് കൊല്ലുകയായിരുന്നു. രഞ്ജിനിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം 2008 സിബിഐ ചെന്നൈ യൂണിറ്റ് കേസ് എറ്റെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. 18 വര്‍ഷം സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയിരിക്കുന്നത്.