- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ റേഷന്‍ കാര്‍ഡ് പരിശോധന; വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രവാസികളുടെ വീടുകളില്‍ താത്കാലിക താമസമൊരുക്കും
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44, 46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഉരുള്‍പൊട്ടലില്‍ നശിച്ച പ്രദേശത്തെ രണ്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിച്ചു. സിവില്‍ സപ്ലൈസിന്റെ അവശ്യ സാധനങ്ങളുമായി ദുരന്ത പ്രദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് തടസ്സം നേരിട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കാം.
പരിശോധന പൂര്‍ത്തിയാകുന്നതോടെ ഉടമയുടെ പേര്, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍, വീട്ടുപേര്, ആധാര്‍-ഫോണ്‍ നമ്പറുകള്‍ അടങ്ങിയ വിവരങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സപ്ലൈ ഓഫീസ് മുഖേനെ റേഷന്‍ കാര്‍ഡ് പകര്‍പ്പിന്റെ പ്രിന്റ് എടുത്ത് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
മേഖലയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ മാവേലി സ്റ്റോറുകളും സഞ്ചരിക്കുന്നുണ്ട്. അതത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്ലെറ്റുകളില് നിന്നും അവശ്യവസ്തുക്കള്‍ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്.
അതേ സമയം വീട് നഷ്ടപ്പെട്ടവര്‍ക്ക് പ്രവാസികളുടെ വീടുകളില്‍ താത്കാലിക താമസമൊരുക്കുന്ന പദ്ധതി ദുബായിലെ മലയാളികള്‍ മുന്നോട്ട് വെച്ചു. വീട് വിട്ടുനല്‍കാന്‍ സന്നദ്ധരാകുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഇവര്‍ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
വയനാട് ദുരന്തത്തിന്റെ ഇരകളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്കാണ് നാട്ടില്‍ പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകളില്‍ താത്കാലിക താമസത്തിന് അവസരമൊരുക്കുക. സ്വന്തം വീട് വിട്ടുനല്‍കാന്‍ സന്നദ്ധരായ പ്രവാസികള്‍ക്ക് supportwayanad.com എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.
കേരളത്തിലെയും അയല്‍സംസ്ഥാനത്തെയും വീടുകള്‍, ഹോട്ടല്‍ മുറികള്‍, റിസോര്‍ട്ടുകള്‍ എന്നിവും ഇതില്‍ രജിസ്റ്റര്‍ ചെയ്യാനാകും. എത്രപേര്‍ക്ക് താമസിക്കാം, എത്ര കാലത്തേക്ക് താമസം നല്‍കാം തുടങ്ങിയ വിശദാംശങ്ങളടക്കമാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്.
ഈ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് ലഭ്യമാക്കും. വയനാട് ദുരിതാശ്വാസത്തിന് രൂപവത്കരിച്ച വകുപ്പ് താമസത്തിന് അര്‍ഹതയുള്ളവരെ നിര്‍ദേശിക്കും. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ താമസത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കും. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയടമുള്ളവരുമായി ചര്‍ച്ച ചെയ്തുവെന്നും നേതൃത്വം നല്കുന്നവര് പറഞ്ഞു.
സപ്പോര്‍ട്ട് വയനാട് ഡോട്ട് കോം താമസത്തിന് പുറമേ, വീടുകളിലേക്ക് ദുരിതബാധിതരെ എത്തിക്കാനുള്ള ഗതാഗത- ആരോഗ്യശുശ്രൂഷ എന്നിവയ്ക്കും വെബ്സൈറ്റില്‍ സംവിധാനമുണ്ടാകും. ലോകമെമ്പാടുമുള്ള പ്രവാസികള്‍ക്ക് വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനുള്ള സംരംഭത്തിന് സാങ്കേതിക സൗകര്യമൊരുക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. കോവിഡ് കാലത്തും, യു.എ.ഇയിലെ പ്രളയകാലത്തും നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് ഈ ആശയത്തിന് പ്രചോദനമായതെന്ന് മുനീര്‍ അല്‍വഫ, ദീപു എ.എസ്, ഫൈസല്‍ മുഹമ്മദ്, അമല്‍ഗിരീഷ് എന്നിവര്‍ ദുബായില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രകൃതിക്ഷോഭത്തില്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടര്‍, റെഗുലേറ്റര്‍, പാസ്ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ചെറിയതോട്ടം, കബനി, കണിയാമ്പറ്റ ഗ്രാമീണ്‍ ഇന്‍ഡോര്‍, കൊക്കരാമൂച്ചിക്കല്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കി. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഓഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.