ലണ്ടന്‍: സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിലെ, രാജകുടുംബത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ നോക്കുന്ന വിഭാഗത്തിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ രാജകുടുംബത്തിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്. ഓരോ ആഴ്ച്ചയിലും ഒന്നിലധികം സ്ത്രീകളെ ആന്‍ഡ്രു ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ഒളിച്ചു കടത്താറുണ്ട് എന്നാണ് ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. 1998 നും 2004 നും ഇടയില്‍ ബക്കിംഗ്ഹാമില്‍ ജോലി ചെയ്തിരുന്ന പോള്‍ പെജ് എന്ന ഉദ്യോഗസ്ഥന്‍ പറയുന്നത് അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ആന്‍ഡ്രുവിനെ സന്ദര്‍ശിക്കാനെത്തുന്ന സ്ത്രീകളുടെ പേരുവിവരങ്ങള്‍ ചോദിച്ചറിയാന്‍ അനുവാദമില്ലായിരുന്നു എന്നാണ്.

ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ വിന്‍ഡ്‌സറിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന തെംസ് വാലി പോലീസുമായി താന്‍ ബന്ധപ്പെട്ടിരുന്നു എന്നും ഇക്കാര്യത്തില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു എന്നും പോള്‍ പേജ് പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ അവിടെയെത്തുന്ന സ്ത്രീകളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ തിരക്കാറില്ലായിരുന്നു എന്നും അയാള്‍ പറഞ്ഞു. മാത്രമല്ല, സ്ത്രീകള്‍ ഒന്നിനു പിറകെ ഒന്നായി എത്തുന്നതിനാല്‍ ആന്‍ഡ്രുവിന്റെ കിടപ്പുമുറിക്ക് റിവോള്‍വിംഗ് ഡോര്‍ വേണമെന്ന ഒരു തമാശ അക്കാലത്ത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരന്നിരുന്നു എന്നും പോള്‍ പേജ് പറയുന്നു.

ഒരു സ്ത്രീയെ ജെഫ്രി എപ്സ്റ്റീന്റെ ലോലിത എക്‌സ്പ്രസ്സില്‍ യു കെയില്‍ എത്തിച്ചിരുന്നെന്നും, ഈ വനിതയെ പിന്നീട് ആന്‍ഡ്രുവിന്റെ അടുത്തെത്തിച്ചു എന്നുംഉള്ള ആരോപണമുയര്‍ന്നപ്പോഴും പേജ് പോലീസിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍, ലൈംഗികാവശ്യങ്ങള്‍ക്കായി മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണം ആവശ്യമാണെന്ന് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡോണ്‍ ബ്രൗണും ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി രാജ്ഞിയുടെയോ ആന്‍ഡ്രുവിന്റെയോ അതിഥികള്‍ ഒരു നിശ്ചിത സമയം കഴിഞ്ഞ് കൊട്ടാരത്തില്‍ തുടരുകയാണെങ്കില്‍ അവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാറുണ്ട്. എന്നാല്‍, ആന്‍ഡ്രുവിനെ സന്ദര്‍ശിക്കാറുള്ള സ്ത്രീകളുടെ കാര്യത്തില്‍ അതുണ്ടാകാറില്ലായിരുന്നു എന്നും പേജ് പറയുന്നു.

യുവതിക്കൊപ്പമുള്ള ആന്‍ഡ്രുവിന്റെ ചിത്രങ്ങള്‍ അടക്കം നേരത്തെ പുറത്തുവന്നിരുന്നു. തറയില്‍ കിടക്കുന്ന യുവതിക്ക് സമീപമായി മുട്ടുകുത്തി നില്‍ക്കുന്ന ആന്‍ഡ്രുവിനെ ചിത്രത്തില്‍ വ്യക്തമായി കാണാം. ആന്‍ഡ്രുവിന്റേതായി രണ്ട് ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ശരിവെക്കുന്ന ഇമെയിലുകളും പുറത്തുവന്നിട്ടുണ്ട്.

2010 ഓഗസ്റ്റ് 12-ാം തീയതി ആന്‍ഡ്രുവിന് എപ്സ്റ്റീന്റെ മെയില്‍ അയച്ചിരുന്നു. 'ദി ഡ്യൂക്ക്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള മെയിലില്‍ ആന്‍ഡ്രുവിനെ അത്താഴത്തിന് ക്ഷണിക്കുകയും ഒരു വനിതാ സുഹൃത്ത് കൂടെ ഉണ്ടാകുമെന്നും എപ്സ്റ്റീന്‍ പറയുന്നുണ്ട്. വനിതാ സുഹൃത്ത് ഓഗസ്റ്റ് 20 മുതല്‍ 24 വരെ ലണ്ടനില്‍ ഉണ്ടാകുമെന്നും പരാമര്‍ശിച്ചിരുന്നു. തിരിച്ചുള്ള മറുപടിയില്‍ തന്നെ കുറിച്ച് എന്താണ് താങ്കള്‍ യുവതിയോട് പറഞ്ഞതെന്നും അവരുടെ സന്ദേശം ലഭിക്കുമോ എന്നും ആന്‍ഡ്രു ചോദിക്കുന്നുണ്ട്. താന്‍ ഓഗസ്റ്റ് 22ന് ജനീവയില്‍ ഉണ്ടാകുമെന്നും യുവതിയെ കണ്ടാല്‍ സന്തോഷമാകുമെന്നും എപ്സ്റ്റീന് അയച്ച മറ്റൊരു മെയിലില്‍ ആന്‍ഡ്രു പറയുന്നുണ്ട്.

യുവതി 26 വയസുള്ള റഷ്യക്കാരിയാണെന്നും അതിസുന്ദരിയാണെന്നും അവളുടെ പക്കല്‍ ആന്‍ഡ്രുവിന്റെ ഇമെയില്‍ വിലാസം ഉണ്ടെന്നും എപ്സ്റ്റീന്‍ മറുപടി സന്ദേശം അയച്ചതായി വ്യക്തമാണ്. യുവതിയും ആന്‍ഡ്രുവും തമ്മില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തില്‍വെച്ച് കൂടിക്കാഴ്ചകള്‍ നടന്നിരിക്കാമെന്ന് വ്യക്തമാക്കുന്ന മെയിലുകളും എപ്സ്റ്റീന്റെതായി പുറത്തുവന്നു.

എപ്സ്റ്റീനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നാലെ, ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ സഹോദരനായ ആന്‍ഡ്രു വിന്‍ഡ്സറിന്റെ രാജകീയ പദവികള്‍ കൊട്ടാരം റദ്ദാക്കിയിരുന്നു. കുപ്രസിദ്ധ സെക്സ് ടേപ്പുകളില്‍ ഇടംപിടിച്ചതിന് പിന്നാലെ 'യോര്‍ക്ക് ഡ്യൂക്ക്' എന്ന സ്ഥാനപ്പേരും മറ്റ് രാജകീയ ബഹുമതികളും ആന്‍ഡ്രൂ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. 2021ല്‍ ജെഫ്രി എപ്സ്റ്റീന്‍ കേസിലെ അതിജീവിതമാരില്‍ ഒരാള്‍ ആന്‍ഡ്രുവിനെതിരെ രംഗത്ത് വന്നിരുന്നു. കൗമാരക്കാരിയായ തന്നെ ആന്‍ഡ്രു ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും എപ്സ്റ്റീനാണ് തന്നെ ചതിയില്‍പ്പെടുത്തി ആന്‍ഡ്രുവിനടുത്തേക്ക് എത്തിച്ചതെന്നുമായിരുന്നു വെളിപ്പെടുത്തല്‍ ഇതിന് പിന്നാലെ യുവതി ജീവനൊടുക്കിയതും വലിയ വിവാദമായിരുന്നു.