കണ്ണൂര്‍: പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത ബിഎല്‍ഒക്ക് മേലുണ്ടായിരുന്ന സിപിഎം സമ്മര്‍ദത്തിന്റെ തെളിവായി ബൂത്ത് ലെവല്‍ ഏജന്റിന്റെ പരാതി. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വൈശാഖ് കണ്ണൂര്‍ കടക്ടര്‍ക്ക് നല്‍കിയ പരാതിയാണ് പുറത്തുവന്നത്. നവംബര്‍ എട്ടിനാണ് വൈശാഖ് പരാതി നല്‍കിയത്. ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് ജോര്‍ജിന് വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും, പ്രത്യേക സമ്മര്‍ദമുണ്ടായിട്ടില്ലെന്നും കളക്ടര്‍ അരുണ്‍ കെ. വിജയന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനിടെയാണ് പരാതി പുറത്തു വന്നത്.

യുഡിഎഫ് ബൂത്ത് ലെവല്‍ ഏജന്റിനെ എസ്‌ഐആര്‍ ഫോം വിതരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഭീഷണിപ്പെടുത്തിയതായി അനീഷ് തന്നെ വെളിപ്പെടുത്തുന്ന ശബ്ദരേഖയും നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കണ്ണൂരിലെ പയ്യന്നൂരിലെ എട്ടുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫീസറാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്‍ജിനെ കഴിഞ്ഞ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്ഐആര്‍ ഡ്യൂട്ടികളുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം അടക്കം രംഗത്തു വന്നു.

ബിഎല്‍ഒമാരായ അങ്കണവാടി അധ്യാപകരെ മാറ്റിനിയമിക്കുന്നതിന്റെ ഭാഗമായിട്ടാണ് അനീഷ് ജോര്‍ജ് ബിഎല്‍ഒ ആയി നിയമിച്ചത്. തുടര്‍ന്ന് എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. 1065 ഫോമുകള്‍ നല്‍കിയതില്‍ 825 എണ്ണം വിതരണം ചെയ്തു, 240 ഫോമുകള്‍ ശേഷിക്കുന്നു, നവംബര്‍ 16-ന് രാവിലെ പരിശോധിച്ചപ്പോള്‍, ബാക്കിയുള്ള ഫോമുകള്‍ ഇതിനകം വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍, ബിഎല്‍ഒ വിതരണത്തിനായി 50 ഫോമുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ഇആര്‍ഒ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍, ഈ ബൂത്തിലെ ഫോം വിതരണ ജോലികള്‍ തൃപ്തികരമായ തലത്തില്‍ പുരോഗമിക്കുകയായിരുന്നു. ജില്ലയിലെ എല്ലാ ബിഎല്‍ഒമാര്‍ക്കും എസ്‌ഐആര്‍ ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ജില്ലാ ഇലക്ഷന്‍ വിഭാഗം ഉറപ്പാക്കിയിരുന്നു.-ഇതാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

ഫീല്‍ഡ് തലത്തിലുള്ള എന്യൂമറേഷന്‍ ഫോം വിതരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി റവന്യൂവിഭാഗത്തില്‍ നിന്നും ഉദ്യോഗസ്ഥരെ ആവശ്യമായ സ്ഥലങ്ങളില്‍ വിന്യസിക്കുകയും ആവശ്യമായ സ്ഥലത്ത് വാഹനസൗകര്യം ലഭ്യമാക്കുകയും ചെയ്തു. 2025 നവംബര്‍ 15-ന്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ഫോമുകള്‍ വിതരണം ചെയ്യുന്നതില്‍ ബിഎല്‍ഒയെ സഹായിക്കാന്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പ്രദീപന്‍, അനീഷ് ജോര്‍ജിനൊപ്പം പോയിരുന്നു. വൈകീട്ടുവരെ ഇദ്ദേഹത്തിനൊപ്പം കൃത്യനിര്‍വഹണത്തില്‍ ഏര്‍പെട്ടിരുന്ന ബിഎല്‍ഒക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായതായി വിഎഫ്എ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവം നടന്ന ദിവസം, രാവിലെ 8.45-ഓടെ, ബാക്കിയുള്ള 240 ഫോമുകള്‍ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കാന്‍ ബൂത്ത് ലെവല്‍ സൂപ്പര്‍വൈസര്‍ ഷീജ, ബിഎല്‍ഒയെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ശേഷിക്കുന്ന ജോലികള്‍ താന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും സഹായം ആവശ്യമില്ലെന്നും ബിഎല്‍ഒ അറിയിച്ചിരുന്നു.

പെരിങ്ങോം പോലീസിന്റെയും പയ്യന്നൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെയും പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം, ബാഹ്യപരിക്കുകളോ സംശയാസ്പദമായ സാഹചര്യങ്ങളോ ആത്മഹത്യാക്കുറിപ്പോ കണ്ടെത്തിയിട്ടില്ല. ഫോണ്‍രേഖകളുടെയും ഔദ്യോഗിക ഇടപെടലുകളുടെയും പരിശോധനയില്‍, സംഭവ ദവസമോ അതിനു മുന്‍പോ ഒരു ഉദ്യോഗസ്ഥനും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചിരുന്നു.