കണ്ണൂര്‍ : തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയടക്കം പരസ്യമായി മദ്യപിച്ച സംഭവത്തില്‍ തലശേരി ടൗണ്‍ പൊലിസ് കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും സ്വമേധയാ കേസെടുക്കാന്‍ തെളിവ് ഇല്ലെന്നും നേരത്തെ തലശേരി പൊലീസ് പറഞ്ഞിരുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ കഴിയാതെ കേസ് നില്‍ക്കില്ലെന്നായിരുന്നു തലശേരി പൊലീസിന്റെ വാദം. എന്നാല്‍, കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ സംഭവം സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് വിലയിരുത്തിയിരുന്നു. കൊടി സുനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് കണ്ണൂരില്‍ പ്രതികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശേരി ടൗണ്‍ പൊലിസ് അബ്കാരി നിയമപ്രകാരം കേസെടുത്തത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിജിത്ത് (28), ഷിനോജ് (29) എന്നിവരെ കൊന്ന കേസില്‍ കഴിഞ്ഞ മാസം 17-ന് തലശ്ശേരി അഡീഷണല്‍ ജില്ല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം.കോടതിയില്‍നിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ കോടതിക്ക് സമീപമുള്ള ഹോട്ടല്‍ മുറ്റത്ത് വെച്ച് പൊലീസിനെ കാവല്‍നിര്‍ത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.സംഭവം ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങളിലൂടെയും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജയില്‍ ഉപദേശക സമിതി അംഗവും സി.പി.എം നേതാവുമായ പി.ജയരാജന്‍ കൊടി സുനിയെ തള്ളിപ്പറഞ്ഞിരുന്നു. കൊടിയായാലും വടിയായാലും നിയമം ലംഘിച്ചാല്‍ സര്‍ക്കാര്‍നടപടിയുണ്ടാകുമെന്നാണ് ജയരാജന്‍ ഈ കാര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സംഭവം ഏറെ വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ വീഴ്ച്ച കാരണം കൊടി സുനിയെ തവന്നൂര്‍ ജയിലിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് ജയില്‍ വകുപ്പ്. കൊടി സുനി ജയിലില്‍ ലഹരി ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു സ്വര്‍ണം പൊട്ടിക്കല്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിക്കുന്നുവെന്നും ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.