- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീര്‍ഘ സുമംഗലീ ഭവ: നിര്‍ദ്ധന യുവതികളുടെ വിവാഹത്തിനുള്ള അപേക്ഷ ക്ഷണിച്ച് അനില്‍ ബാലചന്ദ്രന്‍; സേവ് ദി ഡേറ്റ് മുതല്‍ ഹണി മൂണ്‍ ട്രിപ്പ് വരെ
കായംകുളം: നിര്‍ധനരായ അഞ്ച് യുവതികളുടെ വിവാഹത്തിനുള്ള അപേക്ഷ ക്ഷണിച്ച് പ്രമുഖ മോട്ടീവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രന്‍. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് അനില്‍ ബാലചന്ദ്രന്‍ നിര്‍ദ്ധനരായ യുവതികളുടെ വിവാഹം നടത്തി കൊടുക്കാറുണ്ട്. ഇത്തവണയും അഞ്ചു യുവതികളുടെ വിവാഹം നടത്തുന്നതിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്.
ദീര്‍ഘ സുമംഗലീ ഭവഃ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങിലാണ് വിവാഹം നടത്തി വന്നിരുന്നത്. 2025 ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന ചടങ്ങിലേക്കാണ് ഇപ്പോള്‍ അനില്‍ ബാലചന്ദ്രന്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിങ്ങളുടെ പരിചയത്തിലുള്ള ഏറ്റവും അര്‍ഹതപ്പെട്ട യുവതികളെയാണ് ഇതിലേക്ക് അപേക്ഷിപ്പിക്കേണ്ടത് എന്ന് അനില്‍ പറയുന്നു.
കൂടാതെ ഒരു കാരണവശാലും യുവതികളുടെയോ യുവാക്കളുടെയോ പേരു വിവരങ്ങളോ ഫോട്ടോകളോ പരസ്യപ്പെടുത്തില്ലെന്നും ഉറപ്പ് നല്‍കുന്നു. ഗൂഗിള്‍ ഫോമിലാണ് വിവരങ്ങള്‍ ചേര്‍ത്ത് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ചവരുടെ വിവരങ്ങള്‍ നേരിട്ട് അന്വേഷിച്ചതിന് ശേഷം അര്‍ഹമായ അഞ്ച് പേരുടെ വിവാഹം ആര്‍ഭാടമായി നടത്തി കൊടുക്കും. ഇതിനായി കായംകുളത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററാണ് വേദിയാകുന്നത്.
കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും യുവതികള്‍ക്ക് 5 പവന്‍ വീതം സ്വര്‍ണാഭരങ്ങളും, വരനും വധുവിനും വിവാഹവസ്ത്രങ്ങളും, ബ്യൂട്ടീഷ്യന്‍, ആഡിറ്റോറിയം, ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, വധുവിന്റെ മാതാപിതാക്കള്‍ക്കുള്ള വിവാഹ വസ്ത്രങ്ങള്‍, 5000 പേര്‍ക്കുള്ള വിവാഹ സദ്യയും സേവ് ദി ഡേറ്റ് മുതല്‍ ഹണി മൂണ്‍ ട്രിപ്പ് വരെ അനില്‍ ബാല ചന്ദ്രന്‍ ഒരുക്കിയിട്ടുണ്ട്.
നേരത്തെ പ്രസംഗത്തിനിടെ നിരന്തരം അസഭ്യവാക്കുകള്‍ പറഞ്ഞതിനെ തുടര്‍ന്ന് ബിസിനസ് മോട്ടിവേഷനല്‍ സ്പീക്കറായ അനില്‍ ബാലചന്ദ്രന്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. റോട്ടറി ഇന്റര്‍നാഷനല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയാണ് സദസ്സിലുണ്ടായിരുന്നവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത്. പ്രഭാഷകന്‍ തുടരെ അസഭ്യവര്‍ഷം നടത്തിയതോടെ പരിപാടിക്കെത്തിയവര്‍ ബഹളം വയ്ക്കുകയായിരുന്നു.
മേയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവ് നടന്നത്. പരിപാടിയില്‍ 'എന്തുകൊണ്ടാണ് സെയില്‍സ് ക്ലോസ് ചെയ്യാന്‍ പറ്റാത്തത്?' എന്ന വിഷയത്തിലായിരുന്നു അനില്‍ ബാലചന്ദ്രന്‍ സംസാരിച്ചത്. " കസ്റ്റമറുടെ പിറകെ തെണ്ടാന്‍ നിനക്ക് നാണമില്ലേ..' എന്നു പറഞ്ഞായിരുന്നു അധിക്ഷേപം തുടങ്ങിയത്. തുടര്‍ന്നും വ്യവസായികളെ 'തെണ്ടികള്‍' എന്നു വിളിച്ച് തെറിവിളി തുടര്‍ന്നതോടെ കേട്ടുനിന്നവരുടെ നിയന്ത്രണം നഷ്ടമായി
അധിക്ഷേപവും തെറിവിളിയും തുടര്‍ന്നതോടെ സദസില്‍നിന്ന് ആളുകള്‍ ഇടപെട്ടു. പരിപാടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ശ്രോതാക്കള്‍ അനില്‍ ബാലചന്ദ്രനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പ്രതിഷേധം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ സംഘാടകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഉച്ചയ്ക്കു നടക്കേണ്ട പരിപാടിയില്‍ മതിയായ ആളുകളില്ലെന്ന് പറഞ്ഞ് അനില്‍ ബാലചന്ദ്രന്‍ ഹോട്ടലില്‍നിന്ന് വേദിയിലേക്കു വരാന്‍ തയാറായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് സംഘാടകര്‍ അനുനയിപ്പിച്ചാണ് വേദിയിലെത്തിച്ചത്. ഒരു മണിക്കൂര്‍ വൈകിയായിരുന്നു പരിപാടി തുടങ്ങിയത്.