തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരേ ആരോപണവുമായി നടി അഞ്ജലി അമീര്‍. സൂരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തന്നില്‍ കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നും മലയാള സിനിമയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നടി കൂടിയായ അഞ്ജലി അമീര്‍

ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്ക് സ്ത്രീകളെ പോലെ സുഖം അറിയാന്‍ സാധിക്കുമോ എന്ന് സുരാജ് തന്നോട് ചോദിച്ചുവെന്നാണ് അഞ്ജലി വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് താന്‍ മമ്മൂട്ടിയോട് പരാതിപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് സുരാജ് തന്നോട് മാപ്പ് പറഞ്ഞുവെന്നുമാണ് അഞ്ജലി പറയുന്നത്.

"ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്ക് സ്ത്രീകളെ പോലെ അറിയാന്‍ സാധിക്കുമോ എന്ന് സുരാജ് വെഞ്ഞാറമൂട് ചോദിക്കുന്നത് വരെ അതുപോലൊരു ട്രൊമാറ്റിക് അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാന്‍ കരുത്തയായ സ്ത്രീയാണ്. പക്ഷെ ആ ചോദ്യം എന്നെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന് താക്കീത് നല്‍കുകയും മമ്മൂട്ടിയോടും സംവിധായകനോടും പരാതിപ്പെടുകയും ചെയ്തു. പിന്നാലെ സുരാജ് എന്നോട് മാപ്പ് പറഞ്ഞു. പിന്നീടൊരിക്കലും എന്നോട് അതുപോലെ സംസാരിച്ചിട്ടുമില്ല" എന്നാണ് അഞ്ജലി പറയുന്നത്.

ഇന്‍ഡസ്ട്രിയിലെ എല്ലാവരും ഇത്തരത്തിലുള്ളവരല്ലെന്നും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുന്നവരാണെന്നും അഞ്ജലി പറഞ്ഞു. അസ്വീകാര്യമായ പെരുമാറ്റം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആളുകളുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു. 'ഇന്‍ഡസ്ട്രിയില്‍ നല്ല ആളുകളുണ്ട്, എന്നാല്‍ അതിനര്‍ത്ഥം വിട്ടുവീഴ്ചകളോ ആനുകൂല്യങ്ങളോ ചോദിക്കുന്നവരില്ല എന്നല്ല, അത്തരത്തിലുള്ള ആളുകളും ഉണ്ട്,' അഞ്ജലി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തങ്ങള്‍ നേരിട്ട ചൂഷണങ്ങള്‍ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് മലയാള സിനിമാ രംഗത്തു നിന്നും മുന്നോട്ട് വന്നിരിക്കുന്നത്. മുന്‍നിര നടന്മാരായ സിദ്ധീഖ്, ജയസൂര്യ, മുകേഷ്, ബാബുരാജ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരേയും സംവിധായകരായ രഞ്ജീത്ത്, ശ്രീകുമാര്‍ മേനോന്‍, വികെ പ്രകാശ്, തുളസീദാസ് തുടങ്ങിയവര്‍ക്കെതിരേയും നടിമാര്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍.

ലൈംഗികാരോപണത്തെ തുടര്‍ന്ന് മുതിര്‍ന്ന നടന്‍ സിദ്ദിഖും സംവിധായകന്‍ രഞ്ജിത്തും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു.