ന്യൂഡല്‍ഹി: കുപ്രസിദ്ധ ക്രിമിനല്‍ സംഘാംഗം അന്‍മോള്‍ ബിഷ്ണോയി അടക്കം 200 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തി. യുഎസില്‍നിന്ന് പുറപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം ഇന്ന് ഡല്‍ഹിയില്‍ എത്തും. അന്‍മോള്‍ ബിഷ്ണോയിക്ക് പുറമേ പഞ്ചാബില്‍നിന്നുള്ള രണ്ട് പിടികിട്ടാപ്പുള്ളികളും നാടുകടത്തപ്പെട്ടവരിലുണ്ട്. ബാക്കി 197 പേര്‍ അനധികൃത കുടിയേറ്റക്കാരാണ്. കുപ്രസിദ്ധ അധോലോകനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ഇളയസഹോദരനാണ് അന്‍മോള്‍ ബിഷ്ണോയി. മഹാരാഷ്ട്രയിലെ മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

2024 അവസാനത്തോടെയാണ് അന്‍മോള്‍ ബിഷ്ണോയി കാലിഫോര്‍ണിയയില്‍വെച്ച് പിടിയിലായത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ തുടരുകയായിരുന്നു. പരോള്‍ കാലയളവില്‍ ഇയാളെ നിരീക്ഷിക്കാനായി ഇലക്ട്രോണിക് സംവിധാനങ്ങളടക്കം യുഎസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. ആങ്കിള്‍ മോണിറ്റര്‍, ജിപിഎസ് സംവിധാനം തുടങ്ങിയവയാണ് പരോളിലിരിക്കെ നിരീക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. നേരത്തേ വ്യാജമായി നിര്‍മിച്ച റഷ്യന്‍ രേഖകള്‍ ഉപയോഗിച്ചാണ് അന്‍മോള്‍ ബിഷ്ണോയി കാനഡയിലേക്കും അവിടെനിന്ന് യുഎസിലും എത്തിയതെന്നും കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെത്തിയാല്‍ ഏത് ഏജന്‍സിയാണ് അന്‍മോള്‍ ബിഷ്ണോയിയെ ആദ്യം കസ്റ്റഡിയിലെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗമായതിനാലും അധോലോക ബന്ധങ്ങളുള്ളതിനാലും എന്‍ഐഎ ആയിരിക്കും പ്രതിയെ ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

കൊടുംകുറ്റവാളി അന്‍മോല്‍ ബിഷ്ണോയെ മുംബൈയില്‍ എത്തിച്ച് ചോദ്യംചെയ്യണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി ആവശ്യപ്പെട്ടിട്ടണ്ട്. തന്റെ പിതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് അറിയണമെന്നും അന്‍മോല്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ നിയമസംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ടെന്നും സീഷന്‍ പറഞ്ഞു.

'മാസങ്ങളായി അന്‍മോലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. അന്‍മോല്‍ ബിഷ്ണോയെ നാടുകടത്തിയെന്ന മെയില്‍ വന്നു. ഉടന്‍ തന്നെ ഞാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും അധികൃതരെയും വിവരമറിയിച്ചു. അവനെ മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. അന്‍മോല്‍ ബിഷ്ണോയിയും എന്റെ പിതാവും തമ്മില്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് ഈ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ആരാണെന്ന് കണ്ടെത്തണം. അവന്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയാല്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനം നീതി ലഭ്യമാക്കുമെന്ന് ഉറപ്പുണ്ട്': സീഷന്‍ സിദ്ദിഖി പറഞ്ഞു.

ബാബ സിദ്ദിഖിയെ 2024 ഒക്ടോബര്‍ 12-ന് മുംബൈയിലെ ബാന്ദ്ര ഈസ്റ്റില്‍ സീഷന്റെ ഓഫീസ് കെട്ടിടത്തിന് പുറത്തുവെച്ചാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ നിരവധി ലോറന്‍സ് ബിഷ്ണോയ് സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്നാണ് അന്‍മോലിന്റെ പങ്ക് സംബന്ധിച്ച വിവരം ലഭിച്ചത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും അന്‍മോല്‍ ബിഷ്ണോയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടന്ന ഇയാളെ കഴിഞ്ഞ നവംബറില്‍ യുഎസില്‍വെച്ച് പിടികൂടുകയായിരുന്നു. അന്‍മോലിനെ ഇന്ത്യയിലെത്തിക്കുന്നതോടെ ബിഷ്ണോയ് സംഘത്തിന്റെ ആഗോള പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള നിര്‍ണായക വിശദാംശങ്ങള്‍ തുറന്നുകാട്ടപ്പെടുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.