കൊച്ചി: കടുത്ത തൊഴില്‍ സമ്മര്‍ദ്ദത്താല്‍ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്റെ മരിച്ച സംഭവത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കമ്പനി, സംസ്ഥാന തൊഴില്‍ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നടക്കം കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടി. അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രാലയത്തിന് ലഭിക്കും. കമ്പനിയുടെ ഭാഗത്താണ് തെറ്റ് എങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

ഇ വൈ കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം വിവരങ്ങള്‍ തേടി. വിഷയത്തില്‍ പരിശോധനകള്‍ തുടരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം അന്നയുടെ മരണത്തേക്കുറിച്ച് വിവരങ്ങള്‍ക്കായി കമ്പനി അധിക്യതരെയും വിളിപ്പിക്കുമെന്നും വിശദമാക്കി. ഇതിനിടെ വിഷയത്തില്‍ നടപടികളുമായി കൂടൂതല്‍ ബഹുരാഷ്ട്ര കമ്പനികള്‍ രംഗത്ത് എത്തി. ജീവനക്കാരുടെ തൊഴില്‍ സാഹചര്യം പരിശോധിക്കാന്‍ ഡെലോയിറ്റ് സമിതിയെ വച്ചു .മുന്‍ റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് ഉള്‍പ്പെടുന്ന മൂന്നംഗ സമിതി ഡെലോയിറ്റ് ജീവനക്കാരുടെ തൊഴില്‍ സാഹചര്യം സംബന്ധിച്ച് കമ്പനിക്ക് റിപ്പോര്‍ട്ട് നല്‍കും

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്താണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. മകളുടെ ദുരവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പ്രതികരിച്ചിരുന്നു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമ നടപടികളിലേക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബമുള്ളത്.

സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് അന്നയുടെ കുടുംബത്തിന്റെ ആവശ്യം. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തൊഴില്‍ സമ്മര്‍ദ്ദം കാരണം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങാനോ അന്നാ സെബാസ്റ്റ്യന്‍ ആലോചിച്ചിരുന്നതായി സുഹൃത്ത് ആന്‍മേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വിളിച്ച് സംസാരിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് തന്നോട് പറഞ്ഞിരുന്നതെന്നും അന്നയുടെ സ്‌കൂള്‍ കാലം മുതലുളള സഹപാഠിയായ ആന്‍മേരി പറഞ്ഞത്.

അതേസമയം, അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് മന്ത്രിമാരും ജനപ്രതിനിധികളും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, എം എല്‍ എ ഉമാ തോമസ് എന്നിവര്‍ കൊച്ചി കങ്ങരപ്പടിയിലെ വീട്ടിലെത്തി. അതേസമയം ജോലി സമ്മര്‍ദം എങ്ങനെ നേരിടണമെന്ന് കുട്ടികളെ വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്ന കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവന ഹൃദയ ശൂന്യമെന്ന് എം ബി രാജേഷും കേന്ദ്രമന്ത്രി പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയണമെന്ന് മുഹമ്മദ് റിയാസും ആവശ്യപ്പെട്ടു. എന്നാല്‍ എന്നാല്‍ നിര്‍മല സിതാരാമനെ വിമര്‍ശിക്കാനില്ലെന്നും പ്രാര്‍ത്ഥിക്കാനും ധ്യാനം ചെയ്യാനും ഒക്കെ എങ്ങനെ സമയം കിട്ടുമെന്നുമായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.