ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് വ്യവസായി മാപ്പ് പറഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ മാപ്പ് ചോദിച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ. വ്യവസായി അന്നപൂര്‍ണ ശ്രീനിവാസനെ അണ്ണാമലൈ ഫോണില്‍ വിളിച്ചു. തമിഴ്‌നാട്ടിലെ വ്യവസായികള്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമായതോടെയാണ് നീക്കം. വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അണ്ണാമലൈ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ അണ്ണാമലൈയെ ശ്രീനിവാസന്‍ പിന്തുണച്ചിരുന്നു.

നിര്‍മല സീതാരാമനെ വിമര്‍ശിച്ചതിനാണ് കോയമ്പത്തൂരിലെ വ്യവസായിയായ അന്നപൂര്‍ണ ശ്രീനിവാസന്‍ ധനമന്ത്രിയെ നേരില്‍ കണ്ട് മാപ്പ് പറഞ്ഞത്. ശ്രീനിവാസന്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. ജിഎസ്ടി നിരക്കിനെ ശ്രീനിവാസന്‍ വിമര്‍ശിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. മന്ത്രിയെ വേദിയില്‍ ഇരുത്തിയായിരുന്നു ശ്രീനിവാസന്റെ വിമര്‍ശനം.

മന്ത്രിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സത്യം പറഞ്ഞ വ്യവസായിയെ ഭീഷണിപ്പെടുത്തി മാപ്പ് പറയിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.

തമിഴ്നാട്ടിലെ പ്രശസ്തമായ അന്നപൂര്‍ണ്ണ റസ്റ്റോറന്റ് ഉടമയും ധനമന്ത്രി നിര്‍മലാ സീതാരാമനും തമ്മിലുള്ള സംഭാഷണം ചോര്‍ന്നത് തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദയതിന് പിന്നാലെയാണ് മാപ്പ് ചോദിച്ച് സംഭവത്തില്‍ നിന്നും അണ്ണാമലൈ തലയൂരാന്‍ ശ്രമിച്ചത്. ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ഭക്ഷ്യ വസ്തുക്കളുടെ ജിഎസ്ടി സംബന്ധിച്ച് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചതിനുശേഷം ഒരു സ്വകാര്യ സംഭാഷണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമനോട് അന്നപൂര്‍ണ്ണ ഉടമ ശ്രീനിവാസന്‍ ക്ഷമാപണം നടത്തുന്ന വീഡിയോയാണ് വിവാദമായത്. തമിഴ്നാട് ബിജെപി നേതാക്കളാണ് വീഡിയോ പുറത്തുവിട്ടത്.

ബിജെപി നേതാക്കളുടെ അഹങ്കാരവും അനാദരവുമാണ് വീഡിയോയിലുള്ളതെന്ന് വിശേഷിപ്പിച്ച് ഡിഎംകെയും കോണ്‍ഗ്രസും രൂക്ഷ വിമര്‍ശനമുയര്‍ത്തി. വിവാദത്തിന് പിന്നാലെ സ്വകാര്യ സംഭാഷണം പങ്കുവെച്ചതില്‍ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ ക്ഷമാപണം നടത്തി. കോയമ്പത്തൂരില്‍ ബിസിനസ് മേധാവികളും ധനമന്ത്രി നിര്‍മലാ സീതാരമനും നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദത്തിനാസ്പദമായ സംഭവം. യോഗത്തില്‍ റസ്റ്റോറന്റുകള്‍ നേരിടുന്ന ജിഎസ്ടിയിലെ വൈരുധ്യങ്ങള്‍ അന്നപൂര്‍ണ്ണ മേധാവി ശ്രീനിവാസന്‍ ചൂണ്ടിക്കാണ്ടിയിരുന്നു.

ക്രീം നിറച്ച ബണ്ണിന് 18 ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ ബണ്ണ് മാത്രം വാങ്ങുമ്പോള്‍ ജിഎസ്ടിയേ ഇല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇത് ഉപഭോക്താവിന് നല്‍കുമ്പോള്‍ ബണ്‍ മാത്രം മതി, ക്രീമും ജാമും ഞങ്ങള്‍ ചേര്‍ത്തോളാമെന്നാണ് അവര്‍ പറയുന്നതെന്ന് ശ്രീനിവാസന്‍ യോഗത്തില്‍ പറഞ്ഞപ്പോള്‍ സംരംഭകരിലും ധനമന്ത്രിയിലും ചിരിയുയര്‍ന്നു.

തമിഴ്നാട് ഹോട്ടല്‍ ഓണേഴ്സ് ഫെഡറേഷന്‍ അധ്യക്ഷന്‍ കൂടിയാണ് ശ്രീനിവാസന്‍. സങ്കീര്‍ണ്ണമായ ജിഎസ്ടി ഘടന കാരണം ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നതിലെ ബുദ്ധിമുട്ടുകളും അന്നപൂര്‍ണ റസ്റ്റോറന്റ് ഉടമ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയ ധനമന്ത്രി ഒരു സംസ്ഥാനത്തെ മാത്രം അടിസ്ഥാനമാക്കിയല്ല ജിഎസ്ടി കണക്കാക്കുന്നതെന്നും മറുപടി നല്‍കുകയുണ്ടായി.

യോഗത്തിന് ശേഷം കോയമ്പത്തൂര്‍ സൗത്ത് എംഎല്‍എ വനതി ശ്രീനിവാസന്റെ സാന്നിധ്യത്തില്‍ അന്നപൂര്‍ണ്ണ ഉടമയും ധനമന്ത്രി നിര്‍മല സീതാരാമനും സ്വകാര്യ സംഭാഷണം നടത്തുകയുണ്ടായി. 'എന്റെ അഭിപ്രായപ്രകടനങ്ങളില്‍ ദയവായി എന്നോട് ക്ഷമിക്കൂ, ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുള്ള ആളല്ല' എന്ന് ശ്രീനിവാസന്‍ പറയുന്നതായി പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം.

സ്വകാര്യ സംഭാഷണത്തിന്റെ ഈ വീഡിയോ ബിജെപി തമിഴ്നാട് സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ബിജെപിക്കെതിരെ ഉയര്‍ന്നത്. ന്യായമായ ഒരു ചോദ്യം ചോദിച്ചതിന് ഒരു സംരംഭകനെ എന്തിനാണ് ഇത്തരത്തില്‍ വീഡിയോ പുറത്തുവിട്ട് അപമാനിക്കുന്നതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലുയര്‍ന്ന പ്രതികരണങ്ങള്‍.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കം വിഷയത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയതോടെ ഇത് ദേശീയതലത്തിലും ചര്‍ച്ചയായി. ഒരു ചെറുകിട സംരംഭത്തിന്റെ ഉടമ പൊതുപ്രവര്‍ത്തകയോട് ജിഎസ്ടി ലളിതമാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തെ ബിജെപി എങ്ങനെയാണ് നേരിടുന്നതെന്നതിന്റെ ഉദാഹരണമായി രാഹുല്‍ സംഭവത്തെ ചൂണ്ടിക്കാട്ടി. ശതകോടീശ്വരന്‍മാര്‍ക്ക് നിയമം വളച്ചൊടിച്ച് രാജ്യത്തിന്റെ സമ്പത്ത് കൈയിലാക്കാന്‍ സഹായിക്കുന്നവരാണ് ചെറുകിട സംരംഭകരോട് ഈ രീതിയില്‍ പെരുമാറുന്നതെന്നും രാഹുല്‍ എക്സിലൂടെ വ്യക്തമാക്കി.

വ്യാപക വിമര്‍ശനങ്ങളുയര്‍ന്നതോടെയാണ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ക്ഷാമപണം നടത്തിയത്. 'ഒരു ബിസിനസ്സ് ഉടമയും ധനമന്ത്രിയും തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ട ഞങ്ങളുടെ ഭാരവാഹിയുടെ പ്രവൃത്തിയില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു', അണ്ണാമലൈ എക്സില്‍ കുറിച്ചു.

അന്നപൂര്‍ണ ശ്രീനിവാസന്‍ അണ്ണ തമിഴ്‌നാട്ടിലെ ബിസിനസ്സ് സമൂഹത്തിന്റെ നെടുംതൂണാണ്, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയില്‍ അദ്ദേഹം ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.