- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുടുങ്ങിയ 31 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് 25ന്; ഇറാന്‍ അധികൃതര്‍ നല്കിയ സന്ദേശത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അറബിക്കടലില്‍ മറ്റൊരു അതിസാഹസിക രക്ഷാപ്രവര്‍ത്തനം; ഈ ബോട്ട് മാസ്റ്റര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്; ലോകത്തെ ഞെട്ടിച്ച രക്ഷാപ്രവര്‍ത്തന കഥ; കടലിനെ ഇന്ത്യ മെരുക്കുമ്പോള്‍
കൊച്ചി: വെല്‍ഡണ്‍ കോസ്റ്റ് ഗാര്‍ഡ്. അതിദുഷ്‌കര രക്ഷാദൗത്യത്തിനൊടുവില്‍ അറബിക്കടലില്‍ ഇറാനിയന്‍ മത്സ്യബന്ധന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര രക്ഷാ പ്രവര്‍ത്തനത്തില്‍ പുതിയ ചരിതം രചിക്കുകയാണ്. ഇന്ധനം മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. കൊച്ചിയില്‍ നിന്ന് ഏകദേശം 1500 കിലോമീറ്റര്‍ പടിഞ്ഞാറായി ഇറാനിയന്‍ കപ്പലായ അല്‍-ഒവൈസിലാണ് സംഭവം. അതിവേഗം പാഞ്ഞെത്തിയ ഇന്ത്യന്‍ സംഘം അവിശ്വസനീയമായത് സംഭവിപ്പിച്ചു. ആ തൊഴിലാളിയുടെ ജീവന്‍ അവര്‍ സുരക്ഷിതമാക്കി. രാജ്യാതിര്‍ത്തികള്‍ക്കപ്പുറം സമുദ്ര സുരക്ഷയോടും മാനുഷിക സഹായത്തോടും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ ഉദാഹരണമാണ് സങ്കീര്‍ണവും വെല്ലുവിളിയേറിയതുമായ ഈ രക്ഷാപ്രവര്‍ത്തനം. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ വിശ്വസ്തവും ആശ്രയയോഗ്യവുമായ സമുദ്ര തിരച്ചില്‍-രക്ഷാ ഏജന്‍സിയെന്ന നിലയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പങ്കിനെ ഈ ദൗത്യം അടയാളപ്പെടുത്തുന്നു. അപകടത്തില്‍ ഇറാനിയന്‍ സ്വദേശിയ്ക്ക് ഇരുകണ്ണുകള്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും വലതുചെവിയില്‍ ആഴത്തിലുള്ള മുറിവുണ്ടാവുകയുമായിരുന്നു.
കപ്പലില്‍ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇറാനിലെ ചബഹാറിലെ എംആര്‍സിസിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോഡിനേഷന്‍ സെന്ററിന് കൈമാറിയതിനെത്തുടര്‍ന്ന്, അന്താരാഷ്ട്ര സുരക്ഷാ വല സജീവമാക്കുകയും സമീപത്തുണ്ടായിരുന്ന കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മടങ്ങുകയായിരുന്ന ഐസിജി ഷിപ്പ് സാചേതിനോട് അടിയന്തര സഹായം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനൊപ്പം കുവൈറ്റില്‍ നിന്ന് മൊറോണിയിലേക്ക് പോവുന്ന മാര്‍ഷല്‍ ദ്വീപ് പതാക വഹിച്ച 'എംടി എസ്ടിഐ ഗ്രേസ്' എണ്ണക്കപ്പലിനോടും സഹായം അഭ്യര്‍ത്ഥിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനം പുതു തലത്തിലെത്തി. വെല്ലുവിളി നിറഞ്ഞ കടല്‍ സാഹചര്യങ്ങളെ അതിജീവിച്ച് ചൊവ്വാഴ്ച രാവിലെയാണ് നാവികനെ സുരക്ഷിതമായി കപ്പലിലേക്ക് മാറ്റിയത്. ഐസിജി മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ടെലി-മെഡിക്കല്‍ പ്രഥമശുശ്രൂഷ നല്‍കിയിരുന്നു. നിലവില്‍ ഐസിജി ഷിപ്പ് സാചേത്തില്‍ ചികിത്സയില്‍ കഴിയുന്ന തൊഴിലാളിയെ വിദഗ്ധ ചികിത്സക്കായി ഗോവയിലെത്തിക്കും. എണ്ണക്കപ്പലിലെ ജീവനക്കാര്‍ അല്‍-ഒവൈസുമായി ബന്ധപ്പെട്ട ശേഷം കോസ്റ്റ് ഗാര്‍ഡ് മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ മാര്‍ഗനിര്‍ദേശപ്രകാരം ടെലി-മെഡിക്കല്‍ പ്രഥമശുശ്രൂഷയും ആദ്യഘട്ട പരിചരണവും നല്‍കിയാണ് തൊഴിലാളിയ്ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കിയത്.
കൊച്ചിയില്‍ നിന്ന് ഏകദേശം 1,500 കിലോമീറ്റര്‍ പടിഞ്ഞാറ്, കടലിന്റെ മധ്യത്തില്‍ നിന്നാണ് ഈ ദീര്‍ഘദൂര മെഡിക്കല്‍ ഒഴിപ്പിക്കല്‍ ദൗത്യം നടത്തിയത്. ഒക്ടോബര്‍ 27 തിങ്കളാഴ്ച ആരംഭിച്ച്, ഒക്ടോബര്‍ 28 ചൊവ്വാഴ്ച പൂര്‍ത്തിയായ രക്ഷാപ്രവര്‍ത്തനത്തില്‍, 'അല്‍-ഒവൈസ്' എന്ന ഇറാനിയന്‍ മത്സ്യബന്ധന ബോട്ടിന്റെ മാസ്റ്ററെയാണ് എന്നയാളെയാണ് രക്ഷപ്പെടുത്തിയത്. ഇന്ധനം ജനറേറ്ററിലേക്ക് മാറ്റുന്നതിനിടെ ബോട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കണ്ണുകളിലും ഗുരുതരമായ പരിക്കുകളും വലത് ചെവിയില്‍ ആഴത്തിലുള്ള മുറിവുകളും സംഭവിച്ചിരുന്നു. കൂടാതെ, അല്‍-ഒവൈസ് എന്ന ബോട്ടിന്റെ എഞ്ചിന്‍ തകരാറിലായിരുന്നതായും വിവരം ലഭിച്ചു. അഞ്ച് ജീവനക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ഗൗരവം തിരിച്ചറിഞ്ഞ എംആര്‍സിസി (മുംബൈ) സമീപത്തുള്ള കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇന്റര്‍നാഷണല്‍ സേഫ്റ്റി നെറ്റ് (ഐഎസ്എന്‍) ഉടന്‍ സജീവമാക്കുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് അറബിക്കടലില്‍ 11 ദിവസത്തോളം നിയന്ത്രണം വിട്ട് ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുടുങ്ങിയ 31 മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 25-ന് നടന്ന ഈ നിര്‍ണായക രക്ഷാപ്രവര്‍ത്തനത്തില്‍, ന്യൂമംഗളൂരുവില്‍ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ട 'ഐഎഫ്ബി സാന്റ് ആന്റണ്‍-ക' എന്ന ഗോവന്‍ രജിസ്‌ട്രേഷന്‍ ബോട്ട് സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സ്റ്റിയറിംഗ് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നാണ് ബോട്ട് ദിവസങ്ങളോളം കടലില്‍ ഒറ്റപ്പെട്ടത്. ബോട്ട് കാണാതായെന്ന വിവരം മംഗളൂരു ആസ്ഥാനമായുള്ള കോസ്റ്റ് ഗാര്‍ഡിന്റെ കര്‍ണാടക യൂണിറ്റിന് ഒക്ടോബര്‍ 24 വെള്ളിയാഴ്ചയാണ് ലഭിച്ചത്. വിവരമറിഞ്ഞയുടന്‍, കോസ്റ്റ് ഗാര്‍ഡ് ഒരു വിപുലമായ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അപകടത്തില്‍പ്പെട്ട ബോട്ട് അവസാനമായി കണ്ടെത്തിയ സ്ഥലത്തേക്ക്, സാധാരണ പട്രോളിംഗിലായിരുന്ന ഐസിജി കസ്തൂര്‍ബ ഗാന്ധി എന്ന കപ്പലിനെ ഉടന്‍തന്നെ തിരിച്ചുവിടുകയായിരുന്നു. ദീര്‍ഘനേരത്തെ തെരച്ചിലിനൊടുവില്‍ അപകടത്തില്‍പ്പെട്ട ബോട്ട് കണ്ടെത്തുകയും, അതിലുണ്ടായിരുന്ന 31 മത്സ്യത്തൊഴിലാളികളെ സുരക്ഷിതരാക്കുകയും ചെയ്തു. യാത്ര തിരിച്ച് 11 ദിവസത്തോളം കടലില്‍ അകപ്പെട്ട നിലയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. സ്റ്റിയറിംഗ് തകരാര്‍ കാരണം ബോട്ടിന് ദിശ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ അവര്‍ നിസ്സഹായരാവുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ സഹായത്തോടെ, ഈ അപകടത്തില്‍പ്പെട്ട ബോട്ട് ഹോണവാര്‍ തുറമുഖത്തേക്ക് സുരക്ഷിതമായി കെട്ടിവലിച്ചെത്തിച്ചു.
മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ സമയബന്ധിതവും കാര്യക്ഷമവുമായ ഇടപെടല്‍, കടലിലെ അപകടസാധ്യതകള്‍ക്കിടയിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അതീവ നിര്‍ണായക പങ്കുവഹിച്ചു. ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണ്. ഇതിന് പിന്നാലെയാണ് ഇറാന്‍ കപ്പലിനും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തുണയാകുന്നത്.




