തിരുവനന്തപുരം: മയക്കുമരുന്ന് അഡിക്ഷന്‍ എന്നത് ഒരു രോഗാവസ്ഥയാണെന്നും അത്തരമൊരു അവസ്ഥ തനിക്കുണ്ടെന്ന് ഒരാള്‍ സമ്മതിക്കുമ്പോള്‍ അയാളെ കുറ്റവാളിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താതെ ആ അവസ്ഥയില്‍ നിന്നും മറികടക്കാനാണ് നാം സഹായിക്കേണ്ടതെന്ന് നടിയും അമ്മ അഡ്ഹോക്ക് കമ്മറ്റി അംഗവുമായി അന്‍സിബ. ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ നടി വിന്‍സി അലോഷ്യസിന്റെ പരാതിയുടെ പശ്ചാത്തലത്തില്‍ സിനിമാതിക്കിനോട് സംസാരിക്കുകയായിരുന്നു അന്‍സിബ.

ഡ്രഗ് അഡിക്ഷന്‍ എന്നത് ഒരു രോഗാവസ്ഥയായാണ് താന്‍ മനസിലാക്കുന്നത്.തനിക്ക് അങ്ങിനെ ഒരു പ്രശ്നമുണ്ടെന്ന് ഒരാള്‍ പറയുമ്പോള്‍ കുറ്റവാളിയെന്ന് മുദ്രകുത്തി അയാളെ ഒറ്റപ്പെടുത്തുകയല്ല നാം ചെയ്യേണ്ടത്.മറിച്ച് ആ രോഗാവസ്ഥയില്‍ നിന്നും പുറത്തുവരാന്‍ അയാളെ സഹായിക്കുകയാണ് വേണ്ടത്.അദ്ദേഹത്തെ തിരിച്ച് നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതിനുള്ള നടപടിക്രമങ്ങള്‍ എന്താണോ അതാണ് നാം ചെയ്യേണ്ടത്.തമിഴില്‍ ലോകേഷ് കനകരാജിന്റെ മാനഗരം എന്ന സിനിമയില്‍ നായകനായ ശ്രീ എന്ന നടനുണ്ട്. അദ്ദേഹം വളരെ നല്ലൊരു നടനാണ്.അദ്ദേഹം അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചു.അസ്വാഭാവികമായി എന്തൊക്കെയോ പറയുകയും അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെടുകയും ചെയ്തു.അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന് എല്ലാവര്ക്കും മനസ്സിലായി. അയാളെ വേണമെങ്കില്‍ ഒരു വൃത്തികെട്ടവനായി ചിത്രീകരിച്ച് തള്ളിക്കളയാമായിരുന്നു.

പക്ഷേ തമിഴ് ജനത ഒന്നടങ്കം അയാളോടൊപ്പം നിന്ന് എന്നാണ് എനിക്ക് മനസിലായത്.എല്ലാവരും ശ്രീക്ക് എന്ത് പറ്റി,അയാള്‍ക്ക് എന്തോ മാനസികമായി തകരാറു സംഭവിച്ചിട്ടുണ്ട്,അയാളെ സഹായിക്കണം എന്ന തരത്തില്‍ കമന്റ്റ് ഇടുകയും ലോകേഷിനെ അവിടെ ടാഗ് ചെയ്യുകയുമൊക്കെയാണ് ചെയ്തത്.ശ്രീയോടൊപ്പം അഭിനയിച്ച നായികമാര്‍ വരെ അദ്ദേഹത്തെ കോണ്‍ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു.ശ്രീയെ ആരും മോശക്കാരനായി ചിത്രീകരിച്ച് ഉപദ്രവിച്ചില്ല. ഇപ്പോള്‍ ലോകേഷ് കനകരാജ് തന്നെ മുന്നോട്ട് വന്ന് ശ്രീ ചികിത്സ തേടുന്നുണ്ട് എന്നും അയാളുടെ സ്വകാര്യതയെ മാനിക്കണം എന്നും പോസ്റ്റ് ഇട്ടിട്ടുണ്ട്. ലോകേഷ് സ്വന്തം സഹോദരനെപ്പോലെ അയാളെ ചേര്‍ത്തുപിടിച്ചു. ഇതൊരു മാതൃകയാണ്.


തമിഴ് ജനത ശ്രീയെ തങ്ങളില്‍ ഒരാളായി ചേര്‍ത്ത് പിടിക്കുകയും അയാള്‍ക്ക് സഹായം എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേരീതി നമുക്കും പിന്തുടരാവുന്നതാണ്.ഇ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ അമ്മയില്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം ഇത് തന്നെ ആയിരിക്കും.ഷൈനിനെ തിരിച്ചുവരാന്‍ സഹായിക്കണമെന്നത്.ഷൈനിനെ നമ്മള്‍ കുറ്റവാളിയാക്കുമ്പോള്‍ അദ്ദേഹത്തെ ആശ്രയിക്കുന്നവരുടെ ജീവിതത്തെക്കുടിയാണ് നമ്മള്‍ പ്രതിസന്ധിയിലാക്കുന്നത്.അതിനാല്‍ തന്നെ തിരിച്ചുവരാന്‍ ഒരവസരം ഒരുക്കുകയാണ് നാം ചെയ്യേണ്ടതെന്നും അന്‍സിബ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ അമ്മ സംഘടനയെ എ എം എം എ എന്ന് അഭിസംബോധന ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തെക്കുറിച്ചും അന്‍സിബ പ്രതികരിച്ചു.എന്നെ അവരാണ് സംസാരിക്കാന്‍ ക്ഷണിക്കുന്നത്.എന്നിട്ട് അതേ എന്നോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ പറയുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണ്.അവര്‍ എന്നെ അധിക്ഷേപിക്കുകയാണ്.ഞാന്‍ റപ്രസന്റ് ചെയ്യുന്ന സംഘടനയുടെ പേരുപോലും ശരിക്ക് ഉച്ചരിക്കാതിരിക്കുകയും ചെയ്യുന്നത് ആ സംഘടനയെയും എന്നേയും അധിക്ഷേപിക്കുന്നതാണെന്ന് മനസിലാക്കാനുള്ള ബോധം എനിക്കുണ്ട്.അത് മനസിലാക്കിയിട്ടും ചര്‍ച്ചയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല.അതുകൊണ്ടാണ് ഞാന്‍ പാതിയില്‍ അവസാനിപ്പിച്ച് പോയതെന്ന് അന്‍സിബ പറഞ്ഞു.

കൂടാതെ ഒരാളെന്ത് ചെയ്യണം ഒരാളെന്ത് ചെയ്യരുത് എന്നുള്ളത് മറ്റൊരാള്‍ക്ക് തിരുമാനിക്കാനൊന്നും പറ്റില്ല.ഒരു സ്ത്രിയോട് മാന്യമായി സംസാരിക്കാനറിയാത്ത ഒരു സ്ത്രീയ്ക്ക് എങ്ങിനെയാണ് മറ്റൊരു സ്ത്രീയ്ക്ക് നീതി വാങ്ങിച്ചുകൊടുക്കാന്‍ പറ്റുന്നത്.അമ്മയുടെ പേരില്‍ ഇവര്‍ പറയുന്ന പോലെ ഒരു ഡോട്ട് ഇല്ല.ഇല്ലാത്ത ആ ഡോട്ട് എങ്ങിനെയാണ് ഉണ്ടാക്കുന്നത്.സംഘടനയിലെ പ്രശ്നങ്ങള്‍ കാരണമാകും ഇവര്‍ ഇങ്ങനെ പറയുന്നത്.പക്ഷെ അങ്ങിനെ പ്രശ്നമില്ലാതെ എല്ലാം ശരിയായ പോകുന്ന ഏത് സംഘടനയാണ് ഉള്ളത്.ഒരു സംഘടനയില്‍ എല്ലാവരും പ്രശ്നക്കാരല്ല.അത് മൈനോറിറ്റിയാണ്.എന്നുവച്ച് ആ സംഘടനയെ തന്നെ തള്ളിപ്പറയുന്നത് ശരിയാണോയെന്നും അന്‍സിബ ചോദിക്കുന്നു.

ഇതൊന്നും പറയേണ്ട സമയമല്ല എന്നറിയാം.പക്ഷെ സംഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്.സംഘടനയെ ശരിയായി ഉച്ചരിക്കാന്‍ അറിയാത്ത ആള്‍ക്കാര്‍ ജനിക്കുന്നതിന് മുന്‍പെ മഹാരത്ഥന്മാരായ നടന്മാര്‍ ഇട്ടപേരാണ് ഇത്.അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണ്.ആശ്രയമില്ലാത്ത ഒരുപാട് അവശകലാകാരന്മാര്‍ക്ക് പ്രതിമാസം മരുന്നുകള്‍ കൊറിയറായി എത്തിച്ചുനല്‍കുന്നുണ്ട്.കൈനീട്ടം എല്ലാമാസവും നല്‍കി വരുന്നു.ഇങ്ങനെ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ പലതാണ്.അതൊന്നും കാണാതെ കുറ്റമാത്രം കണ്ട് സംസാരിക്കുന്നത് ശരിയല്ല.ചാനല്‍ ചര്‍ച്ചയില്‍ നിന്നും പോയതിനെ തുടര്‍ന്ന് എനിക്കെതിരെയും വിമര്‍ശനങ്ങളുണ്ട്.പക്ഷെ അതൊക്കെയും ഞാന്‍ ഉള്‍ക്കൊള്ളുന്നു.

എനിക്ക് റസ്പെക്ട് തരാത്ത അല്ലെങ്കില്‍ ഞാന്‍ റെപ്രസന്റ് ചെയ്യുന്ന സംഘടനയ്ക്ക് റെസ്പെക്ട് തരാത്ത ഒരു സ്ഥലത്ത് എങ്ങിനെയാണ് ഞാന്‍ തുടരുക.അത് എ്ങ്ങിനെയാണ് അഹങ്കാരമായി മാറും.ഇതൊരു പ്രമോഷന്‍ സ്ട്രാറ്റജിയാണോയെന്നൊക്കെ ഇപ്പോള്‍ ചോദിക്കുന്നവരുണ്ട്.പക്ഷെ അങ്ങിനെയാണെന്ന് കരുതുന്നില്ല. കാരണം സിനിമയ്ക്ക് ഒരു പ്രശ്നമുണ്ടാകരുതെന്ന് കരുതിയാണ് അവര്‍ അപ്പോള്‍ ആ പ്രശ്നം പുറത്തുപറയാത്തത്. മാത്രമല്ല പരാതി നല്‍കുമ്പോള്‍ ഒരു തരത്തിലും നടന്റെ പേര് പുറത്ത്പോകരുതെന്ന് അവര്‍ പറഞ്ഞിരുന്നു.നമ്മുടെ കയ്യില്‍ നിന്നും അത് സംഭവിച്ചിട്ടുമില്ല.

പരാതി കൊടുക്കുന്നവരെയും അരോപണവിധേയനെയുമൊക്കെ മാധ്യമ വിചാരണ ചെയ്യുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.ഇവിടെ കോടതിയുണ്ട്..അന്വേഷണ സംവിധാനമുണ്ട്.നാട്ടുകൂട്ടവും കുറ്റവിചാരണയുമൊക്കെ പണ്ടുണ്ടായിരുന്നു.ഇത്രയും അഭ്യസ്ഥവിധ്യരെന്ന് പറയുന്ന നമ്മുടെ സമൂഹത്തില്‍ എന്തിനാണ് ഇത്തരം മാധ്യമ വിചാരണ.ഒരാള്‍ ചെയ്യുന്ന തെറ്റിന് ഒരു തെറ്റിന് ഒരു കുടുംബത്തെയോ ഒരു അംഗത്തിന്റെ മോശം പ്രവര്‍ത്തിക്ക് സംഘടനയെ മൊത്തമായോ ക്രൂശിക്കുന്നത് ഇന്നത്തെ സമൂഹത്തിന് യോജിച്ചതല്ലെന്നും അന്‍സിബ പറയുന്നു.

അതുപോലെ നടിയുടെ പരാതി അന്വേഷിക്കുന്ന സമിതിയിലും താന്‍ അംഗമാണ്.രണ്ടുപേരോടും സംസാരിച്ച് കാര്യങ്ങള്‍ കേട്ടശേഷം എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് അമ്മയ്ക്ക് കൈമാറുമെന്നും അന്‍സിബ പറയുന്നു.