- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദു ദലിത് ആണെങ്കിലും ആകര്‍ഷിക്കപ്പെട്ടത് യേശുവില്‍; വീട്ടില്‍ പ്രാര്‍ത്ഥനായോഗം നടത്തിവരവെ സംഘപരിവാര്‍ ആക്രമണം; തുടര്‍ന്ന് മതപരിവര്‍ത്തനത്തിന് പൊലീസ് കേസും; ഒന്നരവര്‍ഷത്തോളം നീണ്ട പീഡനത്തിനുശേഷം കുറ്റവിമുക്തന്‍; യോഗിയെ മുട്ടുകുത്തിച്ച ക്രിസ്ത്യന്‍ വിശ്വാസി വൈറലാവുമ്പോള്‍
യോഗിയെ മുട്ടുകുത്തിച്ച ക്രിസ്ത്യന്‍ വിശ്വാസി വൈറലാവുമ്പോള്‍
ലഖ്നൗ: പണം നല്‍കിയും, പെണ്ണ് കെട്ടിച്ച് കൊടുക്കാമെന്ന് പറഞ്ഞും, വീട് ഉണ്ടാക്കിക്കൊടുത്തുമൊക്കെ പ്രലോഭിപ്പിച്ചും, മറ്റുവഴികളിലൂടെ ഭീഷണിപ്പെടുത്തിയൊക്കെയുള്ള നിര്‍ബന്ധിത മത പരിവര്‍ത്തനം, ഒരു കാലത്ത് വാര്‍ത്തയായ നാടാണിത്. അതിന്റെയൊക്കെ ഒടുവിലാണ് യുപിയിലടക്കം മതപരിവര്‍ത്തന നിരോധന നിയമം ബിജെപി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പക്ഷേ ഈ നിയമവും വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്നാണ്, പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയര്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങളായി ക്രിസ്തുമതത്തെ പുണര്‍ന്ന് ജീവിക്കുന്ന, യു.പിയിലെ ദലിതനായ സോനു സരോജിനെ, ദലിതരെ മതപരിവര്‍ത്തനം നടത്തി എന്ന കുറ്റം ചുമത്തിയാണ് യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ നീണ്ട ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷം സോനു കുറ്റവിമുക്തനായിരിക്കയാണ്.
ഇങ്ങനെ കള്ളകേസ് എടുത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവടങ്ങളിലെ ഒരുപാടുപേരെ, അവിടുത്തെ ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടിയിട്ടുണ്ടെന്നാണ് ദ വയര്‍ തങ്ങളുടെ അന്വേഷണ പരമ്പരയില്‍ പറയുന്നത്. ആ പരമ്പരയുടെ ആദ്യ ഭാഗമായിട്ടാണ് അവര്‍ സോനു സരോജിന്റെ അനുഭവം പ്രസിന്ധീകരിച്ചത്. യോഗി ആദിത്യനാഥിനെ മുട്ടുകുത്തിച്ച ക്രിസ്ത്യന്‍ വിശ്വാസി എന്ന പേരിലും, സരോജിന്റെ കഥ സോഷ്യല്‍ മീഡിയയിലും വൈറല്‍ ആവുകയാണ്.
ദലിത് ക്രിസ്ത്യാനികള്‍ക്ക് പീഡനം
സോണിയാഗാന്ധി വരെ പ്രതിധാനം ചെയ്ത വിഐപി മണ്ഡലവും കോണ്‍ഗ്രസിന്റെ കുത്തക സീറ്റുമായ റായ്ബറേലിയിലെ സലൂണ്‍ എന്ന പ്രദേശമാണ്, സരോജിന്റെ ജന്‍മനാട്. യുപിയിലെ രണ്ടാമത്തെ പട്ടികജാതി സമൂഹമായ പാസികള്‍ ആണ് ഇവര്‍. അതുകൊണ്ടുതന്നെ സവര്‍ണ്ണ ഹിന്ദുക്കളുമായി അവര്‍ ഒരിക്കലും യോജിച്ച് പോവാറില്ല. അതുകൊണ്ടുതന്നെ ഒരു ഹിന്ദുമത സ്വത്വം ചെറുപ്പം മുതലേ സരോജിന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഇദ്ദേഹം ക്രിസ്തുമതത്തിലാണ് വിശ്വസിക്കുന്നത്. യേശുക്രിസ്തുവിന്റെ കാരുണ്യമാണ് തന്നെ ആകര്‍ഷിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ പ്രദേശത്തെ ചില ക്രിസ്ത്യന്‍ വിശ്വാസികളെ കൂട്ടി അദ്ദേഹം പ്രാര്‍ഥനായോഗങ്ങളും മറ്റും നടത്തി. പിന്നീട് അത് സ്വന്തം വീട്ടിലേക്ക് മാറ്റി. വീട്ടുകാര്‍ക്കോ, ഭാര്യക്കോ ഒന്നും യാതൊരു ബുദ്ധിമുട്ടും ഇതുകൊണ്ട് ഉണ്ടായിരുന്നില്ല.
പക്ഷേ സംഘപരിവാറിന്റെ ഭാഗത്തുനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. റായ്ബറേലിയിലെ കോദ്ര ഗ്രാമത്തിലെ തന്റെ വീടിനു പിന്നില്‍ അദ്ദേഹം നിര്‍മിച്ച ഇഷ്ടിക ഷെഡ്ഡിന് സമീപമുള്ള തുറസ്സായ സ്ഥലത്തായിരുന്നു അവര്‍ പ്രാര്‍ത്ഥന നടത്തിയത്. 250ഓളം പേരടങ്ങുന്ന സംഘം ഒരു ദിവസം പ്രാര്‍ത്ഥിക്കവേ, വിശ്വഹിന്ദു പരിഷത്തുമായും ബജ്‌റംഗ് ദളുമായും ബന്ധമുള്ള 15ഓളം പേര്‍ അതിക്രമിച്ച് കയറി ആക്രമിക്കയായിരുന്നു. കാവി ധരിച്ച അവരുടെ കയ്യില്‍ ലാത്തിയും ദണ്ഡുകളും ഉണ്ടായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ അവര്‍ എല്ലാവരെയും തല്ലാന്‍ തുടങ്ങിയെന്ന് സരോജ് പറയുന്നു. ഇയാളുടെ സഹോദരപുത്രനെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ചു. സരോജിന്റെ ഭാര്യ ഇടപെടാന്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ അവളെയും മര്‍ദിച്ചു. ലാത്തി കൊണ്ട് തലയില്‍ ശക്തമായി ഇടിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് പൊലീസ് എത്തിയാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
വാദിയെ പ്രതിയാക്കി പൊലീസ്
തനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ എത്തിയപ്പോള്‍, പൊലീസ് വാദിയെ പ്രതിയാക്കുകയാണ് ചെയ്തത് എന്നാണ് സരോജ് പറയുന്നത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം മതപരിവര്‍ത്തന വിരുദ്ധ നിയമ പ്രകാരം കേസ് എടുക്കുകയും സരോജിനെ ജയിലില്‍ അടക്കുകയുമാണ് പൊലീസ് ചെയ്തത്. വി.എച്ച്.പി മെംബറായ സഞ്ജയ് കുമാര്‍ തിവാരിയുടെ പരാതിയിലാണ് കേസെടുത്തത്. വശീകരണവും വഞ്ചനയും ഉപയോഗിച്ച് പാവപ്പെട്ട ഹിന്ദുക്കളെ നിയമവിരുദ്ധമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സരോജ് പ്രത്യേക രോഗശാന്തി ശുശ്രൂഷകള്‍ നടത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
എന്നാല്‍ കോടതിയില്‍ ഇതെല്ലാം പൊളിഞ്ഞു. താന്‍ മതപരിവര്‍ത്തനം നടത്തിയെന്ന് പറയുന്ന ഒരാളെയെങ്കിലും കാണിച്ചുതരാന്‍ സരോജ് ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരന് അതിന് കഴിഞ്ഞില്ല. ഈ പീഡനം പോലും തന്റെ ജാതി മൂലമാണെന്നാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. തുടര്‍ന്നും മാസങ്ങളോളം വാദം നടന്നു. അതിനിടെ സരോജ് നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷന്‍ കോടതി അംഗീകരിച്ചു. അങ്ങനെയാണ് അദ്ദേഹത്തെ വെറുതെ വിട്ടത്. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് സരോജിനെതിരെ നടപടിയെടുക്കുന്നതിന് ഒരു അടിസ്ഥാനവുമില്ലെന്ന് ജഡ്ജി പറഞ്ഞു. സരോജിനെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ 'നിയമവിരുദ്ധമായ രേഖ'യാണെന്ന് ജഡ്ജി പാണ്ഡെ നിരീക്ഷിച്ചു. തന്നെയും കുടുംബത്തെയും ആക്രമിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തത് സരോജ് കോടതിയില്‍ പോയപ്പോഴാണ്. ഇപ്പോള്‍ ആ കേസില്‍ അന്വേഷണം നടക്കയാണ്.
യുപിയില്‍ മതപരിവര്‍ത്തന നിരോധന നിയമം ഫലത്തില്‍ ന്യൂനപക്ഷങ്ങളെ കുടുക്കാനുള്ള കരിനിയമമായി മാറിയെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് 1,682 പേരെ അറസ്റ്റ് ചെയ്തത്. പക്ഷേ ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഭൂരിഭാഗവും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കുടുക്കാനുളള കെണിയാണെന്നുമാണ് ദ വയര്‍ റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും ഇതുസംബന്ധിച്ച സംവാദങ്ങള്‍ നടക്കുന്നുണ്ട്.