കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവ വാര്‍ത്താ അവതാരണത്തിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ പോക്സോ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.

പെണ്‍കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലാത്ത കേസില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പബ്ലിസിറ്റിയ്ക്ക് വേണ്ടിയുളള കേസാണോ ഇത്? പ്രഥമദൃഷ്ട്യാ തന്നെ ഈ കേസ് നിലനില്‍ക്കില്ലല്ലോ എന്ന് പറഞ്ഞ കോടതി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എന്തിനാണ് ഇത്തരം കേസുകള്‍ എടുക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ആരാഞ്ഞു. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലായിരുന്നു കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരുന്നത്.

'ഇരയ്ക്ക് പരാതിയില്ല, രക്ഷിതാക്കള്‍ക്ക് ആവലാതിയില്ല. ഇത് പബ്ലിസിറ്റിക്കുവേണ്ടിയാണോ? പ്രതി മാധ്യമപ്രവര്‍ത്തകനാണ്. എന്തിനാണ് അയാളെ ബുദ്ധിമുട്ടിക്കുന്നത്. അറസ്റ്റുചെയ്താല്‍ ജാമ്യത്തില്‍ വിടണം', കോടതി പറഞ്ഞു. കേസിനാധാരമായ വീഡിയോ കുട്ടിയുടേയും രക്ഷിതാക്കളുടേയും അനുമതിയോടെ ചെയ്ത ടെലി സ്‌കിറ്റാണെന്ന് പ്രതികള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. സ്വന്തം ജാമ്യത്തിലാണ് അരുണ്‍ കുമാറിനെ ജാമ്യത്തില്‍ വിട്ടത്.

സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെയുള്ള ദ്വയാര്‍ഥപ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വി.യിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. കെ. അരുണ്‍കുമാര്‍ ഒന്നാം പ്രതിയും സബ് എഡിറ്റര്‍ ഷാബാസ് രണ്ടാം പ്രതിയും കണ്ടാലറിയാവുന്നയാളെ മൂന്നാംപ്രതിയാക്കിയുമായിരുന്നു കേസ്. പോക്സോ നിയമത്തിലെ സെക്ഷന്‍ 11,12 ഉള്‍പ്പെടുത്തിയാണ് കേസ്. വനിതാ ശിശുക്ഷേമ ഡയറക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.

കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമിനെയുള്‍പ്പെടുത്തി ചാനല്‍ തയ്യാറാക്കിയ പരിപാടിയും പിന്നീട് ഇതുമായി ബന്ധപ്പെട്ട് അരുണ്‍കുമാറും സഹപ്രവര്‍ത്തകരും നടത്തിയ സംഭാഷണവുമാണ് കേസിന് വഴിയൊരുക്കിയത്. ചാനല്‍ തയ്യാറാക്കിയ പരിപാടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെയാണ് ബാലാവകാശ കമ്മിഷന്‍ ഇടപെട്ടത്. കമ്മിഷന്‍ ചാനല്‍ മേധാവിയില്‍നിന്നും ജില്ലാ പോലീസ് മേധാവിയില്‍നിന്നും റിപ്പോര്‍ട്ടും തേടിയിരുന്നു.