- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആന്റണി രാജുവിന്റേത് നീചപ്രവൃത്തിയെന്ന് ഹൈക്കോടതി; വിധി സ്റ്റേചെയ്യുന്നത് അത്യപൂര്‍വ സാഹചര്യങ്ങളില്‍ മാത്രം; ഈ വിധി വിചാരണയിലും നിര്‍ണ്ണായകമാകും; ആന്റണി രാജുവിന് ഹൈക്കോടതിയില്‍ നിന്നേറ്റത് അത്യപൂര്‍വ്വ തിരിച്ചടി; തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതുപക്ഷം വെട്ടില്‍; ഗായത്രി ബാബുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തം; സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഹൈക്കോടതിയില്‍ നിന്ന് അത്യപൂര്‍വ്വമായ തിരിച്ചടി നേരിട്ടതോടെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇടതുപക്ഷം പ്രതിസന്ധിയിലായി. ആന്റണി രാജുവിന്റെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സി. ജയചന്ദ്രന്‍ നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആന്റണി രാജുവിന് മത്സരിക്കാന്‍ കഴിയില്ലെന്ന സാഹചര്യം വന്നതോടെ, തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സി.പി.എം. ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാകുന്നു.
കോടതിയുടെ സംരക്ഷണയിലുണ്ടായിരുന്ന തൊണ്ടിമുതല്‍ കൈവശം വെച്ച് കൃത്രിമം കാട്ടിയത് 'നീചമായ പ്രവൃത്തി'യാണെന്നും ഇത് നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയെ ബാധിക്കുന്ന ഗുരുതരമായ കുറ്റമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 72-ാം വയസ്സില്‍ ലഭിക്കുന്ന അവസാന തിരഞ്ഞെടുപ്പ് അവസരമാണെന്നും മത്സരിക്കാന്‍ അനുവദിക്കണമെന്നുമുള്ള ആന്റണി രാജുവിന്റെ വാദം കോടതി തള്ളുകയായിരുന്നു. ഇതോടെ രാഷ്ട്രീയമായി ആന്റണി രാജുവിന് സീറ്റ് നല്‍കുന്നത് തിരിച്ചടിയാകുമെന്ന് ഇടതുമുന്നണിയിലെ ഒരു വിഭാഗം കരുതുന്നു.
ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ കൂടിയായ ഗായത്രി ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് മണ്ഡലത്തില്‍ ഉയരുന്നത്. യുവനേതാവ് എന്ന നിലയിലും ജനസമ്മതിയുള്ള വ്യക്തി എന്ന നിലയിലും ഗായത്രി ബാബുവിന് മണ്ഡലത്തില്‍ വലിയ വിജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം, ആന്റണി രാജുവിനെ മാറ്റി നിര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസിന് തന്നെ സീറ്റ് നല്‍കിയാല്‍ അത് 'പേയ്‌മെന്റ് സീറ്റ്' വിവാദത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. അതുകൊണ്ടുതന്നെ സീറ്റ് ഏറ്റെടുത്ത് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്ന സമ്മര്‍ദ്ദം പ്രാദേശിക ഘടകങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
മറ്റൊരു പ്രധാന നീക്കം വിജയന്‍ തോമസിനെ കേന്ദ്രീകരിച്ചാണ്. വിജയന്‍ തോമസിനെ സി.പി.എം. സ്വതന്ത്രനായി തിരുവനന്തപുരം സെന്‍ട്രലിലോ സമീപ മണ്ഡലങ്ങളിലോ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഗായത്രി ബാബുവിന് ലഭിക്കുന്ന മുന്‍തൂക്കം നിലവില്‍ സി.പി.എം. നേതൃത്വത്തിന് അവഗണിക്കാനാവില്ല. കോടതിയില്‍ നിന്ന് ഏറ്റ തിരിച്ചടിയോടെ ആന്റണി രാജുവിനെ ചുമക്കുന്നത് വലിയ രാഷ്ട്രീയ ബാധ്യതയാകുമെന്നതിനാല്‍ തിരുവനന്തപുരം സെന്‍ട്രലില്‍ സി.പി.എം. അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. നഗരമണ്ഡലത്തില്‍ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം തടയാന്‍ മികച്ച പ്രതിച്ഛായയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന കര്‍ശന നിലപാടിലാണ് ഇടതുപക്ഷം.
തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി വിധി വ്ന്നത് സിപിഎമ്മിനും തിരിച്ചടിയായി. കോടതിയുടെ സംരക്ഷണത്തിലുണ്ടായിരുന്ന തൊണ്ടിമുതല്‍ കൈവശംവെച്ചിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്നും ഇത് നീചമായ പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രസ്താവന. ജസ്റ്റിസ് സി. ജയചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.
കോടതിയുടെ സംരക്ഷണയിലുള്ള വസ്തുക്കളില്‍ കൃത്രിമം കാട്ടുന്നത് നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധിയെ ബാധിക്കുന്ന ഗൗരവതരമായ കുറ്റമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് ധാര്‍മിക അധഃപതനത്തിന്റെ ഭാഗമാണെന്നും നീചമായ പ്രവൃത്തിയാണെന്നും കോടതി പറഞ്ഞു. അഴിമതിക്കേസുകള്‍, അല്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്ന ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ശിക്ഷാവിധി സ്റ്റേചെയ്യുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേസില്‍ വിചാരണ കോടതി തെളിവ് നിയമത്തിലെ 106-ാം വകുപ്പ് പ്രയോഗിച്ചത് പ്രാഥമികമായി തെറ്റാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി വിധി സ്റ്റേചെയ്യുന്നത് അത്യപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളൂ എന്നും കേവലം ശിക്ഷ നടപ്പാക്കുന്നത് തടയുന്നതും ശിക്ഷാവിധി സ്റ്റേ ചെയ്യുന്നതും തമ്മില്‍ നിയമപരമായി വലിയ വ്യത്യാസമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരന് ശിക്ഷാവിധി സ്റ്റേ ചെയ്യത്തക്ക വിധത്തിലുള്ള അസാധാരണമായ സാഹചര്യങ്ങളോ വിചാരണ കോടതിയുടെ വിധിയില്‍ പ്രകടമായ നിയമപരമായ പിശകുകളോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.


